ഇടഞ്ഞ ആനയുടെ കുത്തേറ്റ് ഉടമ മരിച്ചു
ഇടഞ്ഞ ആനയുടെ കുത്തേറ്റ് ഉടമ മരിച്ചു
Thursday, April 2, 2015 1:18 AM IST
ഈരാറ്റുപേട്ട: ഇടഞ്ഞ ആനയെ അനുനയിപ്പിക്കാനെത്തിയ ഉടമയെ ആന കുത്തിക്കൊന്നു. പാലാ ടിംബേഴ്സ് പാര്‍ട്ട്ണര്‍ പൂഞ്ഞാര്‍ ഒഴാക്കല്‍ ബാബുവാണു (53) ദാരുണമായി മരിച്ചത്. ഇന്നലെ രാവിലെ 7.30ന് ഈരാറ്റുപേട്ട തീക്കോയി മുപ്പതേക്കറിലാണു സംഭവം. സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ തടിപിടിക്കുന്നതിനിടെയാണ് ഒഴാക്കല്‍ ശേഖരന്‍ (കീച്ചാംപറമ്പന്‍) എന്ന ആന, ബാബുവിനെ കൊലപ്പെടുത്തിയത്.

തടിയില്‍ വക്ക കെട്ടിക്കൊടുക്കുന്നയാളിനോട് ഇടഞ്ഞതിനാല്‍ ഉടമതന്നെ ഇതിനുശ്രമിക്കുമ്പോള്‍ ആന തുമ്പിക്കൈക്ക് അടിച്ചുവീഴ്ത്തി. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീടിന്റെ ഭിത്തിയോടു ചേര്‍ത്തു കുത്തുകയുമായിരുന്നു. സംഭവസമയത്ത് ഒന്നാം പാപ്പാന്‍ ആനപ്പുറത്ത് ഉണ്ടായിരുന്നെങ്കിലും ആനയെ നിയന്ത്രിക്കാന്‍ സാധിച്ചില്ല. വയറ്റില്‍ കുത്തേറ്റ ബാബുവിനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇടഞ്ഞ ആന ഒന്നാം പാപ്പാനെ മുകളിലിരുത്തി രണ്ടു കിലോമീറ്ററോളം ഓടി ആനയെ തളച്ചിരുന്ന ബാബുവിന്റെ പുരയിടത്തിലെത്തി നിലയുറപ്പിച്ചു. ഇടഞ്ഞ ആനയെ തളയ്ക്കുന്നതില്‍ പ്രാഗത്ഭ്യമുള്ള പനച്ചികപ്പാറ സ്വദേശി ഷാഹുല്‍ (കൊച്ച്) വടമെറിഞ്ഞ് ആനയെ ബന്ധിച്ചു. എലിഫന്റ് സ്ക്വാഡിലെ വിദഗ്ധരെത്തി ആനയെ മയക്കുവെടിവച്ച് ശാന്തനാക്കി.


മുമ്പു നിരവധിപേരെ കൊന്നിട്ടുള്ള ആനയെ എഴുന്നള്ളത്തിന് കൊണ്ടുപോയിരുന്നില്ല. ഇതു സംബന്ധിച്ച് ആര്‍ഡിഒയുടെ നിര്‍ദേശവും ഉണ്ടായിരുന്നു. അഞ്ചു വര്‍ഷം മുമ്പ് പൂഞ്ഞാറിനു സമീപം പയ്യാനിത്തോട്ടത്തില്‍ വഴിയാത്രക്കാരനെ ശേഖരന്‍ കുത്തിക്കൊന്ന സംഭവത്തില്‍ ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവന്നിരുന്നു. അന്ന് ബന്ധുക്കള്‍ മൃതദേഹവുമായി ബാബുവിന്റെ വീട്ടില്‍ പ്രതിഷേധിച്ചിരുന്നു. തടിപിടിക്കുന്നതില്‍ ഈ ആനയ്ക്കുണ്ടായിരുന്ന പ്രാഗത്ഭ്യം കാരണം ആനയെ ഉപേക്ഷിക്കാന്‍ ഉടമ തയാറായിരുന്നില്ല. ഒന്നാം പാപ്പാന്‍ ആനപ്പുറത്തു കയറിയതിനുശേഷം ഉടമയാണ് ആനയെ അഴിച്ചിരുന്നതെന്നു പറയുന്നു.

ബാബുവിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റുമോര്‍ട്ടത്തിനു ശേഷം കിടങ്ങൂരുള്ള സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

പ്ളാശനാല്‍ പുളിക്കല്‍ കുടുംബാംഗം ആന്‍സിയാണ് ഭാര്യ. മക്കള്‍: രാഹുല്‍, ചിപ്പി, സോന. സംസ്കാരം ശനിയാഴ്ച 11.30 നു പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.