എഫ്ഐആര്‍ ഇരട്ടത്താപ്പ്: ആന്റണി രാജു
Thursday, April 2, 2015 1:19 AM IST
തിരുവനന്തപുരം: ഒരേതരം ആരോപണം നേരിടുന്ന നാലു മന്ത്രിമാരില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ മാത്രം എഫ്ഐആര്‍ രജിസ്റര്‍ ചെയ്ത നടപടി ഇരട്ടത്താപ്പാണെന്ന് കേരള കോണ്‍ഗ്രസ്- എം. ജനറല്‍ സെക്രട്ടറി ആന്റണി രാജു. കോണ്‍ഗ്രസിലെ മൂന്നു മന്ത്രിമാര്‍ക്കെതിരേയും കേരള കോണ്‍ഗ്രസിലെ മന്ത്രിയായ കെ.എം. മാണിക്കെതിരേയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ തന്നെയാണു പരാതി നല്‍കിയത്. എന്നാല്‍, ധനമന്ത്രി കെ.എം. മാണിക്കെതിരായി നല്‍കിയ കത്തില്‍ മാത്രം ക്വിക്ക് വെരിഫിക്കേഷന്‍ നടത്തിയശേഷം എഫ്ഐആര്‍ രജിസ്റര്‍ ചെയ്യുകയാണുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിലെ മൂന്നു മന്ത്രിമാര്‍ക്കെതിരേ അതേ ആരോപണം ഉയര്‍ന്നപ്പോള്‍ തെളിവുകള്‍ക്കു വ്യക്തതയില്ലെന്നും അതിനാല്‍ വിജിലന്‍സ് അന്വേഷണത്തിനു പ്രസക്തിയില്ലെന്നുമാണു പറയുന്നത്. കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരേ അന്വേഷണം നടത്തണമെന്നല്ല തങ്ങള്‍ ആവശ്യപ്പെടുന്നത്. പക്ഷേ, എല്ലാവര്‍ക്കും ഒരേ നീതി ലഭിക്കണമെന്ന് ആന്റണി രാജു ആവശ്യപ്പെട്ടു.


ധനമന്ത്രി കെ.എം. മാണിക്കെതിരേ രാഷ്ട്രീയ ഗൂഢാലോചനയാണു നടന്നത്. ഗൂഢാലോചനയുടെ തെളിവുകള്‍ ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കെ.എം. മാണിക്ക് ഒരു നിയമം, മറ്റുള്ളവര്‍ക്കു മറ്റൊരു നിയമം എന്ന രീതിയാണ് ഇവിടെ നടപ്പാക്കുന്നത്. കെ.എം. മാണിയോടു കാണിച്ചത് കടുത്ത അനീതിയാണ്. സാധാരണ പൌരനു ലഭിക്കേണ്ട നീതിപോലും കെ.എം. മാണിക്കു ലഭിച്ചിട്ടില്ലെന്നും ആന്റണി രാജു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.