ചീഫ് വിപ്പ് പദവി: തീരുമാനം അടുത്ത തിങ്കളാഴ്ച മാത്രം
Thursday, April 2, 2015 1:21 AM IST
തിരുവനന്തപുരം: പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നു മാറ്റണമെന്ന കേരള കോണ്‍ഗ്രസ്- എമ്മിന്റെ ആവശ്യത്തില്‍ തീരുമാനം തിങ്കളാഴ്ചയേ ഉണ്ടാകൂ. ദുബായിയില്‍നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു രാവിലെ തിരുവനന്തപുരത്തു മടങ്ങിയെത്തുമെങ്കിലും തീരുമാനമുണ്ടാകില്ലെന്നാണു മുഖ്യമന്ത്രിയോടടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

ക്രൈസ്തവര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട പീഡാനുഭവ വാരത്തില്‍ രാഷ്ട്രീയവിവാദം വേണ്ട എന്ന നിലപാടാണത്രെ മുഖ്യമന്ത്രിക്കുള്ളത്. ഇന്നു തിരുവനന്തപുരത്തു മടങ്ങിയെത്തിയാലും കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ സാവകാശം ലഭിക്കില്ലെന്ന കാരണവും പറയുന്നുണ്ട്.

എന്നാല്‍, ഈ വിഷയത്തില്‍ ഇനി കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമില്ലെന്ന ഉറച്ച നിലപാടിലാണ് കെ.എം. മാണി. പാര്‍ട്ടിക്കു ലഭിച്ച പദവിയില്‍നിന്ന് ഒരാളെ മാറ്റണമെന്നു പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മുന്നണി നേതൃത്വം അത് അംഗീകരിക്കേണ്ട കാര്യമേയുള്ളൂ എന്നാണു മാണിയുടെ നിലപാട്. അതാണു മുന്നണി മര്യാദയും. ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നാണ് മാണി നല്‍കുന്ന സൂചന.

ഏതായാലും ഇന്നു തന്നെ തീരുമാനമുണ്ടാകണമെന്ന കടുംപിടിത്തമില്ലെന്നു മാണി ഇന്നലെ തിരുവനന്തപുരത്തു മാധ്യമപ്രവര്‍ത്തകരോടു വ്യക്തമാക്കി. അധികം വൈകാതെ തീരുമാനമുണ്ടാകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അതുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മാണി വ്യക്തമാക്കി.


ജോര്‍ജിനെ പ്രത്യേക ഘടകകക്ഷിയായി മുന്നണിയില്‍ തുടരാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും മാണി വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസില്‍നിന്ന് ഒരു എംഎല്‍എ പുറത്തുപോയാല്‍ ഘടകകക്ഷിയായി അംഗീകരിക്കുമോ എന്നാണു മാണിയുടെ ചോദ്യം.

രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ മാസം 20 നു നടക്കാനിരിക്കെ യുഡിഎഫിന്റെ അംഗബലം കുറയുന്നതിനോട് മുന്നണി നേതൃത്വത്തിനു താല്‍പര്യമില്ല. അതേസമയം, ചീഫ് വിപ്പ് പദവിയില്‍നിന്നു നീക്കിയാലും ജോര്‍ജിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയാല്‍ മാത്രമേ അദ്ദേഹത്തിന് എംഎല്‍എ സ്ഥാനം നിലനിര്‍ത്തിക്കൊണ്ടു പാര്‍ട്ടിക്കു പുറത്തു പോകാന്‍ സാധിക്കൂ. അതല്ലെങ്കില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന് പാര്‍ട്ടിയുടെ വിപ്പ് അംഗീകരിക്കേണ്ടി വരും. മറിച്ചൊരു സാഹചര്യമുണ്ടായാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത വരും.

ഏതായാലും അടുത്ത തിങ്കളാഴ്ച തന്നെ ജോര്‍ജിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ജോര്‍ജിന്റെ അടുത്ത നീക്കമെന്തെന്ന് അപ്പോള്‍ മാത്രമേ വ്യക്തമാകൂ. മുന്നണിയുടെ തീരുമാനം പുറത്തുവരാന്‍ കാത്തിരിക്കുകയാണ് ജോര്‍ജ്.

ഇന്നലെ തിരുവനന്തപുരത്തുനിന്നു ചാലക്കുടിക്കുപോയ മാണി ഇനി അടുത്ത ചൊവ്വാഴ്ച മാത്രമേ തിരുവനന്തപുരത്തു മടങ്ങിയെത്തൂ. അപ്പോഴേക്കും ജോര്‍ജിന്റെ കാര്യത്തില്‍ തീരുമാനമുണ്ടായിക്കഴിഞ്ഞിരിക്കുമെന്ന കണക്കുകൂട്ടലിലാണ് അദ്ദേഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.