മുഖപ്രസംഗം: സ്നേഹത്തിന്റെ തിരുനാള്‍
Thursday, April 2, 2015 2:14 AM IST
അപരന്റെ പാദങ്ങള്‍ കഴുകുക, അപരനുവേണ്ടി തന്നെത്തന്നെ പങ്കുവയ്ക്കുക- പെസഹായുടെ പുണ്യവേള നല്‍കുന്ന രണ്ടു സന്ദേശങ്ങള്‍ ഇവയാണ്. രണ്ടായിരം വര്‍ഷം മുമ്പ്, സ്വയം മാതൃകയാക്കിക്കൊണ്ട് യേശുക്രിസ്തു നല്‍കിയ സന്ദേശങ്ങള്‍. തനിക്ക് ആസന്നമായ കഠിനവേദനകളുടെയും സഹനത്തിന്റെയും അരികുചേര്‍ന്നു തന്റെ ശിഷ്യരെ വിരുന്നുമേശയിലേക്കു ക്ഷണിച്ച യേശു വിരുന്നിനു തുടക്കമായി അവരുടെ പാദങ്ങള്‍ കഴുകിത്തുടച്ചു. തന്റെ പാദങ്ങള്‍ കഴുകാന്‍ ഗുരു ശിഷ്യരോട് ആവശ്യപ്പെട്ടാല്‍ അതില്‍ ഒരു അനൌചിത്യവും കാണാന്‍ കഴിയില്ല- പ്രത്യേകിച്ച് അക്കാലത്ത്. അങ്ങനെയുള്ള ഗുരുക്കന്മാരെയാണു നാം ചരിത്രത്തില്‍ കാണാറുള്ളതും. ഇവിടെ മറിച്ചാണു സംഭവം. യേശുവിന്റെ പ്രവൃത്തി ശിഷ്യരെ ഞെട്ടിച്ചു. ഗുരുവിന്റെ പല വചനങ്ങളുടെയും അര്‍ഥം അന്നു ശിഷ്യന്മാര്‍ക്കു ദുര്‍ഗ്രഹമായിരുന്നു. എന്നാല്‍, ഈ പ്രവൃത്തിയുടെ അര്‍ഥവും നിങ്ങള്‍ പരസ്പരം കാലുകള്‍ കഴുകുക എന്ന അവിടുത്തെ സന്ദേശവും അവര്‍ക്ക് അപ്പോള്‍ത്തന്നെ പൂര്‍ണമായി മനസിലായിട്ടുണ്ടാവണം.

എന്നാല്‍, ഇന്നു പെസഹാദിനത്തില്‍ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടക്കുന്നുണ്െടങ്കിലും ആ സന്ദേശത്തിന്റെ അര്‍ഥം ശരിയായ വിധത്തില്‍ ഗ്രഹിക്കപ്പെടുകയോ ഗ്രഹിക്കപ്പെട്ടാല്‍ത്തന്നെ വേണ്ടവിധം ഉള്‍ക്കൊള്ളപ്പെടുകയോ ചെയ്യുന്നുണ്േടാ? മറ്റുള്ളവര്‍ തന്റെ പാദങ്ങള്‍ കഴുകട്ടെ എന്നാണ് ഒട്ടുമിക്കവരുടെയും നിലപാട്. താന്‍ പല കാര്യങ്ങളിലും ശ്രേഷ്ഠനാണെന്നും മറ്റുള്ളവര്‍ ഗര്‍ഹണീയരാണെന്നും ഓരോരുത്തരും കരുതുന്നു. ആരും ആരെയും അംഗീകരിക്കാത്ത ലോകം.

റോമില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നു തടവുപുള്ളികളുടെ കാല്‍കഴുകല്‍ നടത്തും. കുറ്റവാളികളായി മനുഷ്യരുടെ നീതിപീഠം പ്രഖ്യാപിച്ചവരെപ്പോലും സഹോദരരായും സ്നേഹവും പരിചരണവും അര്‍ഹിക്കുന്നവരായും കാണുന്ന ഉദാത്തമായ വീക്ഷണത്തിന്റെ പ്രതിഫലനമാണിത്. ഇന്നത്തെ ലോകത്തിന്റെ ഒരു പൊതുസ്വഭാവം, ഓരോരുത്തരും മറ്റുള്ളവരെ പാപികളായും കുറ്റവാളികളായും കാണുകയും സ്വയം നിഷ്കളങ്കളനായി ചമയുകയും ചെയ്യുന്നുവെന്നതാണ്. സ്വയം ദാസനായി കരുതാന്‍ ആരും ആഗ്രഹിക്കുന്നില്ല; എല്ലാവരും യജമാനനാകാന്‍ വെമ്പുന്നു.

ഒരാളുടെ കാല്‍ കഴുകണമെങ്കില്‍ നാം കുനിയണം. വെറുതേ കുനിഞ്ഞാല്‍പോരാ, കാല്‍ പതിക്കുന്ന മണ്ണിലേക്കുതന്നെ കുനിയേണ്ടിയിരിക്കുന്നു. ആരുടെയും മുന്നില്‍ കുനിയാന്‍ തനിക്കാവില്ല എന്ന് അഭിമാനത്തോടെ പറയുന്നവരാണു മിക്കവരും. ചെറുതായൊന്നു കുനിയാന്‍പോലും വിമുഖതയുള്ളവര്‍ക്ക് എങ്ങനെയാണു മറ്റുള്ളവരുടെ പാദക്ഷാളനം നടത്താനാവുക? മനസില്‍ എളിമയും ലാളിത്യവും ഉണ്ടാവുക എന്നതു വളരെ വലിയ കാര്യമാണ്.ആ വലിയ കാര്യം ഇന്നു വളരെ ചുരുക്കംപേരിലേ കാണാനാവൂ.

യേശുവിന്റെ അന്ത്യഅത്താഴമേശയ്ക്കരികില്‍ അടുത്ത നാഴികയില്‍ അവിടുത്തെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാസുണ്ടായിരുന്നു, കോഴി കൂവുംമുമ്പു മൂന്നുതവണ ഗുരുവിനെ തള്ളിപ്പറയാന്‍ പോകുന്ന പത്രോസുണ്ടായിരുന്നു. ആരെയും യേശു ഒഴിച്ചുനിര്‍ത്തിയില്ല. എല്ലാവരും തന്റെ സ്നേഹവും സന്ദേശങ്ങളും അര്‍ഹിക്കുന്നതായി അവിടുന്നു കരുതി. ചിതറിപ്പോകാന്‍ സാധ്യതയുള്ള ശിഷ്യഗണത്തെ അത്താഴമേശയ്ക്കരികിലിരുത്തി അനുപമസ്നേഹത്തിന്റെ വചനങ്ങള്‍ നല്‍കുകയാണ് അവിടുന്നു ചെയ്തത്. മനുഷ്യനു സഹിക്കാനാവാത്ത വേദനകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നേരിടാന്‍ പോകുന്നതിന്റെ ഭയമോ നിസഹായതയോ അല്ല യേശുവിലുണ്ടായിരുന്നത്. അപ്പമെടുത്തു മുറിച്ചു ശിഷ്യര്‍ക്കു നല്‍കിയപ്പോള്‍ അതു തന്റെ ശരീരമാണെന്നു പറഞ്ഞത് ഉദാത്തമായൊരു പങ്കുവയ്ക്കലിന്റെ, അപാരമായ സ്നേഹത്തിന്റെ പ്രകടനമായിരുന്നു. വിഷാദാത്മകമാകേണ്ടിയിരുന്ന ഒരു വിരുന്നുവേളയെ അവിടുന്നു വിസ്മയകരമായൊരു ദൈവികാനുഭവത്തിന്റെ വേളയാക്കി മാറ്റി.


നൂറ്റാണ്ടുകള്‍ക്കിപ്പുറവും കോടിക്കണക്കിനു ക്രൈസ്തവ വിശ്വാസികള്‍ക്ക് ആ സ്നേഹസമ്മാനത്തിന്റെ ഊര്‍ജം ലഭിക്കുന്നു- വിശുദ്ധ കുര്‍ബാനയിലൂടെ. ശുശ്രൂഷയുടെയും പങ്കുവയ്പിന്റെയും ആ സ്നേഹസന്ദേശമാകട്ടെ ലോകമെമ്പാടും ജാതി, മത, വര്‍ഗ, വര്‍ണ ഭേദമന്യേ മാനവകുലത്തിനു മഹനീയമായൊരു മാതൃകയുമായി. പെസഹാ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കുമ്പോള്‍, പെസഹാ അപ്പവും പാലും കഴിക്കുമ്പോള്‍, മനസില്‍ കാരുണ്യവും സ്നേഹവും ഇല്ലെങ്കില്‍ അതെല്ലാം പൊളളയായ ആചാരാനുഷ്ഠാനങ്ങള്‍ മാത്രമാവും.

മറ്റുള്ളവര്‍ക്കു മുന്നില്‍ സ്വന്തം പാദങ്ങള്‍ നീട്ടി ആദരവിന്റെ പാദക്ഷാളനം ഏറ്റുവാങ്ങുന്നവര്‍ക്കു മറ്റൊരാളുടെ പാദത്തിലേക്കു നോക്കാന്‍പോലും സാധിച്ചെന്നുവരില്ല. കാരണം അവര്‍ എപ്പോഴും അംഗീകാരവും ആദരവും ഏറ്റുവാങ്ങാനായി കാത്തിരിക്കുന്നവരാണ്. ആര്‍ക്കും ഒന്നും കൊടുക്കാന്‍ അവര്‍ തയാറല്ല. എന്നാല്‍, എല്ലാം അവര്‍ക്കു വേണംതാനും. തങ്ങള്‍ക്കു കാരുണ്യമോ സ്നേഹമോ കിട്ടാതെ വന്നാല്‍ അവര്‍ സഹിക്കുകയുമില്ല. ഒന്നും പങ്കുവയ്ക്കാന്‍ തയാറല്ലാത്തവര്‍, മറ്റുള്ളവരില്‍നിന്ന് അവ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതു മൌഢ്യംതന്നെ.

മഹാത്മാക്കള്‍ അവഹേളിക്കപ്പടുകയും മൂല്യങ്ങള്‍ ചവിട്ടിയരയ്ക്കപ്പെടുകയും ചെയ്യുന്ന കാലഘട്ടമാണിത്. വിഗ്രഹഭഞ്ജനത്തിന് ആളുകളേറെ. സ്വയം മഹത്ത്വീകരിക്കുകയും മറ്റുള്ളവരെ ഇകഴ്ത്തുകയും ചെയ്യുന്നവര്‍ പെസഹായുടെ സന്ദേശത്തില്‍നിന്നു വളരെയകലെയാണ്.സ്വയം ചെറുതാകുന്നതിന്റെയും സ്വയംകൊടുക്കുന്നതിന്റെയും തിരുനാളാണു പെസഹാ. മറ്റുള്ളവരുടെ മനസിന്റെ വേദന ഇന്ന് ആര്‍ക്കും പ്രശ്നമല്ല. സ്വന്തം വേദനകള്‍ പാടാനേ എല്ലാവര്‍ക്കും സമയമുള്ളൂ. കാണാതെയും കേള്‍ക്കാതെയും പോകുന്ന വേദനയുടെ അനുസ്മരണംകൂടിയായി പെസഹായെ കാണാം. സമൂഹത്തില്‍ മുറിവേല്ക്കുന്നവര്‍ അനേകമാണ്. അവര്‍ക്കു സാന്ത്വനം നല്‍കണം. വേദനകള്‍ക്കുള്ള ഏറ്റവും വലിയ ഔഷധമായ സ്നേഹത്തിന്റെ തിരുനാളാണു പെസഹാ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.