അഭിഭാഷക ആനുകൂല്യം സ്ഥിരമായി പ്രാക്ടീസ് ചെയ്യുന്നവര്‍ക്കു മാത്രം: ബാര്‍ കൌണ്‍സില്‍
Thursday, April 2, 2015 2:22 AM IST
കൊച്ചി: അഭിഭാഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ സ്ഥിരമായി പ്രാക്ടീസ് ചെയ്യുന്നവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുമെന്ന് കേരള ബാര്‍ കൌണ്‍സില്‍ അറിയിച്ചു. എന്‍റോള്‍ ചെയ്തശേഷം മറ്റു തൊഴിലിലേക്കു മാറിയവരും അഭിഭാഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത് ഒഴിവാക്കാനാണ് ഈ നീക്കം. ബാര്‍ കൌണ്‍സില്‍ അംഗങ്ങളുടെയും ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമാരുടെയും യോഗത്തിലാണ് ഈ തീരുമാനമെന്ന് കേരള ബാര്‍ കൌണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. ജോസഫ് ജോണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മുന്‍സിഫ്, മജിസ്ട്രേറ്റ് നിയമനത്തിന്റെ യോഗ്യതാ മാനദണ്ഡത്തില്‍ അഞ്ചുവര്‍ഷത്തെ അഭിഭാഷകപരിചയം കൂടി നിര്‍ബന്ധമാക്കണമെന്നും ബാര്‍ കൌണ്‍സില്‍ ആവശ്യപ്പെട്ടു. അഭിഭാഷകരായി എന്‍റോള്‍ ചെയ്തശേഷം പ്രാക്ടീസ് ചെയ്യാതെ നിയമഗ്രന്ഥങ്ങള്‍ മനപാഠമാക്കിയാണ് പലരും അഭിമുഖവും പരീക്ഷയും പാസാകുന്നത്. കോടതി നടപടികളില്‍ പ്രായോഗിക പരിജ്ഞാനം വേണം. പ്രായോഗിക പരിജ്ഞാനമില്ലാത്തത് നീതിനിര്‍വഹണത്തിനു പ്രശ്നമുണ്ടാക്കുന്നുണ്ട്. ഇതു സംബന്ധിച്ച് സുപ്രീം കോടതിയില്‍ നിലവിലുള്ള കേസില്‍ ബാര്‍ കൌണ്‍സില്‍ കക്ഷി ചേരും.


ബാര്‍ കൌണ്‍സില്‍ ഭാരവാഹികളായ സി.ടി. സാബു, മത്തായി മുതിരേന്തി, കെ.എന്‍. അനില്‍കുമാര്‍, എന്‍. നഗരേഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.