ജനോപകാരപ്രദമായ മദ്യനയത്തിനു പിന്തുണ: കെസിബിസി
Thursday, April 2, 2015 2:24 AM IST
കൊച്ചി: കേരള സര്‍ക്കാരിന്റെ മദ്യനയം പൂര്‍ണമായും അംഗീകരിച്ച ഹൈക്കോടതി വിധി ജനോപകാരപ്രദമായ മദ്യനയം പിന്തുടരാന്‍ സര്‍ക്കാരിനുള്ള ശക്തമായ അടിത്തറയാണെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി).

മദ്യനയത്തിന്റെ വിജയമായി ഇതിനെ വിലയിരുത്തുമ്പോഴും ഈ മദ്യനയം നടപ്പിലാക്കുന്നതില്‍ വന്ന പാളിച്ചകള്‍ കാണാതെ പോകരുത്. കഴിഞ്ഞ വര്‍ഷത്തെ അനുഭവത്തില്‍ നിന്നു പാഠം ഉള്‍ക്കൊണ്ട് മദ്യനയത്തിനു വ്യക്തത വരുത്താനും ഇച്ഛാശക്തിയോടെ അതു നടപ്പാക്കാനും സര്‍ക്കാരിനു കഴിയണം.

ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കുന്നതിനുള്ള സമഗ്ര പദ്ധതി പ്രഖ്യാപിക്കുകയും ആവശ്യമെങ്കില്‍ മദ്യനയം സംബന്ധിച്ച ധവളപത്രം പുറത്തിറക്കുകയും വേണമെന്നും കെസിബിസി ആവശ്യപ്പെട്ടു. മദ്യനയം, ബാര്‍കോഴ തുടങ്ങി പൊതുസമൂഹത്തില്‍ ഉയരുന്ന പല സംശയങ്ങള്‍ക്കും ഉത്തരവും വ്യക്തതയും വരുത്താന്‍ ഇത്തരമൊരു ധവളപത്രത്തിന് സാധിക്കും. അടച്ചുപൂട്ടുന്ന ബാറുകള്‍ക്ക് ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ് അനുവദിക്കുന്നത് ടൂറിസ്റ് കേന്ദ്രങ്ങളില്‍ മാത്രമായി നിജപ്പെടുത്തണം. കര്‍ശനമായ നിരീക്ഷണ, നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം. ബിയര്‍-വൈന്‍ പാര്‍ലറിന്റെ മറവില്‍ നടക്കാനിടയുള്ള അനധികൃത മദ്യവ്യാപാരം തടയാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താനും ഗവണ്‍മെന്റ് മടിക്കരുത്.

ഇത്തരത്തില്‍ മദ്യമുക്ത കേരളമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സംസ്ഥാനത്തിനു കഴിയട്ടെയെന്നും കെസിബിസി ആശംസിച്ചു.

കോടതിവിധി സ്വാഗതാര്‍ഹം: എകെസിസി

കോട്ടയം: മദ്യസംസ്കാരത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന കേരളജനതയെ രക്ഷിക്കുവാനുള്ള ആദ്യപടിയായി ബാറുകള്‍ പൂട്ടണമെന്നുള്ള കോടതിവിധി കാണണമെന്ന് എകെസിസി ചങ്ങനാശേരി അതിരൂപതാ കമ്മിറ്റി. സ്ത്രീകളും കുട്ടികളും മദ്യപിക്കുന്നതും അതുമൂലം കുടുംബത്തിലും സമൂഹത്തിലും അസ്വസ്ഥതകള്‍ ഉടലെടുക്കുന്നതും സര്‍ക്കാരുകള്‍ക്കോ കോടതികള്‍ക്കോ കാണാതിരിക്കാനാവില്ല. ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണ്.

ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് ക്യാപ്റ്റന്‍ ജോര്‍ജ് ജോസഫ് വാതപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോസ് മുക്കം, ടോമി ഇളന്തോട്ടം, ബാബു വള്ളപ്പുര, ടോമിച്ചന്‍ അയ്യരുകുളങ്ങര, സൈബി അക്കര, തങ്കച്ചന്‍ പൊന്മാങ്കല്‍, ജാന്‍സണ്‍ പുതുപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

മദ്യനയത്തിലെ കോടതിവിധി സ്വാഗതാര്‍ഹം: കര്‍ദിനാള്‍ മാര്‍ ക്ളീമിസ് കാതോലിക്കാബാവ

തിരുവനന്തപുരം: മദ്യനയത്തില്‍ കോടതി വിധി സ്വാഗതാര്‍ഹമാണെന്നു മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവ. മദ്യനയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെയും അഭിനന്ദിക്കുന്നു. മദ്യനയത്തില്‍ തുടര്‍ന്നും സഭയുടെ എല്ലാവിധ സഹകരണങ്ങളും ഉണ്ടാകുമെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.



വിധി സ്വാഗതാര്‍ഹം: മദ്യവിരുദ്ധ ഏകോപനസമിതി

കൊച്ചി: മദ്യനയം സംബന്ധിച്ച ഹൈക്കോടതി വിധി സ്വാഗതാര്‍ഹവും അഭിനന്ദനാര്‍ഹവുമാണെന്ന് കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന നേതൃയോഗം വിലയിരുത്തി.


മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പില്‍ വരുത്താനും മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവരാനും സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ യോഗം അഭിനന്ദിച്ചു.

പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തില്‍ സംസ്ഥാന ചെയര്‍മാന്‍ ജസ്റീസ് പി.കെ. ഷംസുദീന്‍ അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഡ്വ. ചാര്‍ളി പോള്‍, സംസ്ഥാന ട്രഷറര്‍ ഫ്രാന്‍സിസ് പെരുമന, ഫാ. ടി.ജെ. ആന്റണി, ഫാ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്കോപ്പ, ജോണ്‍സണ്‍ പാട്ടത്തില്‍, അഡ്വ. ജേക്കബ് മുയ്ക്കല്‍, പ്രഫ. കെ.കെ. കൃഷ്ണന്‍, ജയിംസ് കുഴുവേലി, പി.ജെ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

മദ്യനയം സ്വാഗതാര്‍ഹം: ബിഷപ് റവ.തോമസ് കെ. ഉമ്മന്‍

കോട്ടയം: പഞ്ചനക്ഷത്ര പദവിക്കു താഴെയുള്ള ഹോട്ടലുകള്‍ക്കു ബാര്‍ ലൈസന്‍സ് നല്‍കേണ്ടതില്ലെന്നു വ്യവസ്ഥ ചെയ്യുന്ന മദ്യനയത്തെ സ്വാഗതം ചെയ്യുന്നതായി സംയുക്ത ക്രൈസ്തവ മദ്യവര്‍ജന സമിതി പ്രസിഡന്റ് ബിഷപ് റവ. തോമസ് കെ ഉമ്മന്‍. എന്നാല്‍ അടച്ചു പൂട്ടുന്ന ബാറുകളില്‍ യഥേഷ്ടം ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുടങ്ങുവാന്‍ അനുവദിക്കുന്നത് ഒരു പുതിയ മദ്യ സംസ്കാരത്തിന് ആരംഭമാകുമെന്ന ആശങ്ക തങ്ങള്‍ക്കുണ്െടന്നും ബിഷപ് അഭിപ്രായപ്പെട്ടു.

കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം ഘട്ടം ഘട്ടമായി നടപ്പാക്കണമെന്ന് ഗവണ്‍മെന്റിന് ആഗ്രഹമുണ്െടങ്കില്‍ യാതൊരു തത്വദീക്ഷയുമില്ലാതെ ഇത്തരം വൈന്‍-ബിയര്‍ പാര്‍ലറുകള്‍ അനുവദിക്കുന്നത് ഭാവി തലമുറയുടെ രൂപവത്കരണത്തിനു ഒട്ടും ഭൂഷണമല്ലായെന്നും ബിഷപ് അഭിപ്രായപ്പെട്ടു. ജനക്ഷേമവും, ഭാവി തലമുറയുടെ വളര്‍ച്ചയും വികാസവുമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുന്നതിലും കര്‍ശന നിയന്ത്രണവും നിയമനിര്‍മാണവും ഉണ്ടാകേണ്ടതുണ്െടന്നും ബിഷപ് അഭിപ്രായപ്പെട്ടു.

മദ്യനയം നടപ്പില്‍വരുത്തണം: കെസിബിസി മദ്യവിരുദ്ധസമിതി

കോട്ടയം: കോടതി അംഗീകരിച്ച സര്‍ക്കാരിന്റെ മദ്യനയം ഉടന്‍ പ്രാബല്യത്തില്‍ വരുത്തണമെന്നു കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

മദ്യപാനവും മദ്യവിപണനവും മനുഷ്യന്റെ മൌലികാവകാശമല്ലെന്നുള്ള കോടതിയുടെ വിലയിരുത്തല്‍ പൊതുനന്മയെ കരുതിയുള്ളതാണ്. ചെയര്‍മാന്‍ ബിഷപ് റെമജീയൂസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു.

കോടതിവിധി സാമൂഹ്യതിന്മയ്ക്കെതിരേ നന്മയുടെ വിജയമെന്നു ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്

പുന്നമൂട്: മദ്യം എന്ന സാമൂഹ്യ തിന്മയ്ക്കെതിരേ നന്മയുടെ വിജയമാണു സര്‍ക്കാരിന്റെ മദ്യനയം അംഗീകരിച്ച ഹൈക്കോടതി വിധിയെന്ന് കെസിബിസി മദ്യവര്‍ജന സമിതി വൈസ് ചെയര്‍മാന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലിത്ത അഭിപ്രായപ്പെട്ടു. മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തിയാണ് കോടതി ഈ വിഷയത്തില്‍ അഭിപ്രായപ്പെട്ടത്. സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കാന്‍ സര്‍ക്കാരിനു വിധി ശക്തി പകരും. മദ്യം മൌലിക അവകാശമല്ലെന്ന കോടതിയുടെ നിരീക്ഷണം മാനുഷിക ജീവിതവും കുടുംബ ജീവിതവും പൊതുജന ആരോഗ്യവും സംരക്ഷിക്കുക എന്ന കര്‍ത്തവ്യ ബോധത്തോടെയുള്ളതാണന്നും വിധി സ്വഗതാര്‍ഹമാണന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.