പുതിയ തുടക്കം
Thursday, April 2, 2015 2:26 AM IST
തീര്‍ത്ഥാടനം / ഫാ. ജേക്കബ് കോയിപ്പള്ളി-46

ക്രിസ്തുവിന്റെ ജീവിതചരി തം അദ്ഭുതങ്ങളാല്‍ മുഖരിതമാണ്. വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണമായി വന്നവന്‍ തന്റെ ജീവിതസായാഹ്നത്തില്‍ വരുംകാല തലമുറയ്ക്കായി തന്റെ സാന്നിധ്യത്തെ ഊട്ടിയുറപ്പിച്ച ദിവസമായിരുന്നു പെസഹാ. പെസഹാനാളില്‍ അപ്പം കൈയിലെടുത്തു വാഴ്ത്തി മുറിച്ചപ്പോള്‍ അവന്‍ വാഴ്ത്തിയതും മുറിച്ചതും തന്റെ തന്നെ ശരീരത്തെ ആയിരുന്നു. യഥാര്‍ഥത്തില്‍ പെസഹാ, ശരീരം വാഴ്ത്തപ്പെട്ട ദിവസമാണ്. വാഴ്ത്തപ്പെട്ട ശരീരത്തിനു നിത്യജീവന്‍ പ്രദാനം ചെയ്യുന്ന ഭക്ഷണമാകാം എന്നു പഠിപ്പിച്ച ദിനമാണ്. ശരീരങ്ങളെ കുര്‍ബാനയാക്കി മാറ്റാന്‍ ലോകത്തെ മുഴുവന്‍ ആഹ്വാനം ചെയ്ത ദിനമാണ്. നമുക്കു മുമ്പേ കുര്‍ബാനയായവന്‍ തന്റെ ശരീരം നമുക്കായി നല്കിക്കൊണ്ടു കുര്‍ബാനയാകാനുള്ള പ്രതിബന്ധങ്ങളെ അതിജീവിക്കാന്‍ നമ്മെ ഓര്‍മിപ്പിച്ച ദിനമാണ്.

പെസഹാ എന്നതു ദൈവദൂതന്‍ കടന്നുപോയതിന്റെ, വിശ്വാസികളുടെ ഭവനങ്ങളെ സംരക്ഷിച്ച കടന്നുപോകലിന്റെ, തിരുനാളായിരുന്നു. എന്നാല്‍, തന്റെ ജീവിതസായാഹ്നത്തിലെ പെസഹാ വഴിയായി ക്രിസ്തു നിത്യമായി കടന്നുവരുന്നതിന്റെ, അപ്പമായി ഹൃദയങ്ങളില്‍ വസിക്കുന്നതിന്റെ, നിത്യമായ സാന്നിധ്യത്തിന്റെ വാഴ്ത്തപ്പെട്ട ഓര്‍മകള്‍ പുതിയ ഇസ്രയേലിനു സമ്മാനിക്കുകയായിരുന്നു. ക്രിസ്തു തന്റെ ഓര്‍മ നിലനിര്‍ത്തിയതു കല്ലിലും മണ്ണിലും കെട്ടിടം പണിതല്ല. തന്റെ ശരീരം വാഴ്ത്തി വിഭജിച്ചാണ്.

പെസഹാ എന്ന ദിനം പൌരോഹിത്യ തിരുനാള്‍ ദിനമായി നാം കാണാറുണ്ട്. തന്റെ ശരീരം വാഴ്ത്തി വിഭജിച്ചു പുരോഹിതനായ ക്രിസ്തു ബലിയര്‍പ്പിച്ചതു വഴി പൌരോഹിത്യത്തിന്റെയും ശരീരമായ വചനം അപ്പത്തിന്റെ രൂപം സ്വീകരിച്ചപ്പോള്‍ വിശുദ്ധ കുര്‍ബാനയുടെ ദിവസവുമൊക്കെയായി നാം ആചരിക്കുന്നു. എന്നാല്‍, പെസഹാ ഈ രണ്ടു വസ്തുതകള്‍ക്കുമപ്പുറം മറ്റൊരു ജീവിത യാഥാര്‍ഥ്യവുമായി ബന്ധപ്പെട്ടു നില്ക്കുന്നുണ്ട്. പെസഹായില്‍, തന്റെ ശരീരം വാഴ്ത്തി മുറിച്ചു നിത്യജീവനുള്ള ഫലങ്ങള്‍ ക്രിസ്തു പുറപ്പെടുവിച്ച അതേ അനുഭവത്തിലേയ്ക്കല്ലേ വിവാഹം എന്ന സത്യം വിരല്‍ചൂണ്ടുന്നത്? പെസഹായിലും വിവാഹത്തിലും നടക്കുന്നതു ശരീരത്തിന്റെ വാഴ്ത്തലല്ലേ? മുറിച്ചു പങ്കുവയ്ക്കപ്പെടുന്നതിനു മുമ്പായി കര്‍ത്താവിനു സഭയോടുള്ള സ്നേഹമായും സഭയ്ക്കു കര്‍ത്താവിനോടുള്ള സ്നേഹമായും വിവാഹം എന്ന കൂദാശ പങ്കാളികളെ രൂപപ്പെടുത്തുമ്പോള്‍ അവ ശരീരത്തിന്റെ വാഴ്ത്തലായില്ലേ? പെസഹായില്‍ ക്രിസ്തു മുറിച്ചു നല്കിയപോലെ ജീവിതകാലം മുഴുവന്‍ ഒരു മുറിച്ചുനല്കലല്ലേ വിവാഹം? എന്റെ ശരീരം ഭക്ഷിക്കുന്നവന്‍ ഒരു നാളിലും മരിക്കില്ല എന്ന തിരുമൊഴി ഓരോ കുര്‍ബാനയിലും നാം ആവര്‍ത്തിക്കുന്നുണ്ട്. വിവാഹം എന്ന രഹസ്യത്തിലെ നിത്യത ഒരാള്‍ എത്രമാത്രം പങ്കാളിക്കു ഭക്ഷണമാവുന്നു എന്നുള്ളതിലാണ് അടങ്ങിയിരിക്കുക. ഓരോ മുറിക്കപ്പെടീലിലും വാഴ്ത്തപ്പെട്ട ഒരോര്‍മ അഥവാ മരണമില്ലാത്ത ഒരോര്‍മയാണു ജീവിതപങ്കാളികള്‍ പരസ്പരം സമ്മാനിക്കുക.


മരിക്കുന്ന മനുഷ്യനു മരണമില്ലാത്ത ഓര്‍മകള്‍കൊണ്ട് എന്തു നേട്ടം? അതില്‍ താത്വികത ഇല്ലല്ലോ എന്ന ചോദ്യം ഇവിടെ സ്വാഭാവികം. എന്നാല്‍, ജീവിക്കുന്ന ശരീരത്തില്‍ അമര്‍ത്യമായ ഒരാത്മാവുണ്ട്. ആ ആത്മാവ് വാഴ്ത്തപ്പെട്ട ഓര്‍മകളുടെ കാവല്‍ സൂക്ഷിപ്പുകാരനാണ്. തെറ്റു ചെയ്തു കഴിയുമ്പോള്‍ നേരെയാകണം എന്ന വിങ്ങല്‍ ശരീരത്തിന്റേതല്ല ആത്മാവിന്റേതാണ്. വളരെ കഷ്ടപ്പെട്ടു സമയമെടുത്ത് ഒരാളെ സഹായിക്കുമ്പോള്‍ ശരീരക്ഷീണത്തെ മറികടന്ന് ആത്മാവിലുണ്ടാകുന്ന ആനന്ദം നാം അനുഭവിച്ചിട്ടുള്ളവരാണ്. യഥാര്‍ഥത്തില്‍ പെസഹായില്‍ സംഭവിച്ചതു സകല മുറിവുകളുടെ വേദനയിലും അതിനെ മറികടക്കാന്‍ തക്കവണ്ണം ആത്മാവ് സജ്ജമായതാണ്. കുരിശിനെ മഹത്വപ്പെടുത്താനും കൈകളും കാലുകളും തുളയ്ക്കുന്ന ആണികളേയും വിലാവ് തുറക്കുന്ന കുന്തമുനയേയും ശരീരത്തെ മുറിപ്പെടുത്തുന്ന ചാട്ടവാറുകളേയും അതിജീവിക്കുന്ന അമര്‍ത്യതയുടെ ആത്മാവ് ശരീരത്തിലേയ്ക്കു സമ്പൂര്‍ണമായി ആവാഹിക്കപ്പെട്ടു. എല്ലാ മര്‍ദനങ്ങള്‍ക്കും തികഞ്ഞ വേദനയുണ്ടായിരുന്നു. പക്ഷേ ആ വേദന വഴി സംജാതമാകുന്ന സ്നേഹത്തിന്റെ നിത്യസ്മാരകം ആ വേദനകളില്‍ സംഭവിക്കാമായിരുന്ന സ്വാഭാവിക നിരാശകളെ അതിജീവിക്കാന്‍ കാരണമായി.

പെസഹാ വിവാഹത്തിന്റെയും കുടുംബങ്ങളുടെയും തിരുനാള്‍ ദിനമാകണം. ശരീരങ്ങള്‍ വാഴ്ത്തി മുറിക്കപ്പെട്ടതിന്റെ ഈ തിരുനാള്‍ ദിനം, പരസ്പരം മുറിച്ചു നല്കാനുള്ള ഊര്‍ജത്തിന്റെ സ്രോതസായി ദമ്പതികള്‍ കാണണം. സ്വാര്‍ഥതയില്ലാത്ത മുറിച്ചുനല്കലിലൂടെ മരണമില്ലാത്ത ഒരുപാട് ഓര്‍മകള്‍ കൊയ്തെടുക്കാന്‍ ദമ്പതികള്‍ക്കു കഴിയണം. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും വേണ്ടിയുള്ള പരക്കംപാച്ചിലിലാണു മനുഷ്യന്‍ എന്നു നം കേട്ടിട്ടുണ്ട്. എന്നാല്‍, നിത്യം ഓര്‍മിക്കപ്പെടാന്‍ തക്കവണ്ണം സ്വന്തം ജീവിതത്തെ പരിവര്‍ത്തനപ്പെടുത്തുക എന്നതാണ് എല്ലാ പരക്കംപാച്ചിലുകളുടെയും പ്രതിവിധി. ക്രിസ്തുവിന്റെ ഈ ലോകജീവിതത്തിലെ പുതിയ അധ്യായം കുറിക്കലായിരുന്നു പെസഹാ. കടന്നുപോകലിന്റെ തിരുനാളിനെ കടന്നുവരവാക്കിയ പുതിയ തുടക്കം നമ്മുടെ ജീവിതങ്ങള്‍ക്ക് ആവേശം മാത്രമല്ല പരിവര്‍ത്തനവും നല്കട്ടെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.