തകഴിയെ ആദരിക്കുന്നതിലൂടെ മലയാളവും കേരളവും ആദരിക്കപ്പെടുന്നുവെന്നു മുഖ്യമന്ത്രി
തകഴിയെ ആദരിക്കുന്നതിലൂടെ മലയാളവും കേരളവും ആദരിക്കപ്പെടുന്നുവെന്നു മുഖ്യമന്ത്രി
Saturday, April 18, 2015 1:07 AM IST
അമ്പലപ്പുഴ: തകഴിയെ ആദരിക്കുന്നതിലൂടെ മലയാളവും കേരളവും ആദരിക്കപ്പെടുകയാണെന്നും തകഴി പുരസ്കാരത്തുക ഈ വര്‍ഷം മുതല്‍ അമ്പതിനായിരം രൂപയായി ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തകഴി ശങ്കരമംഗലത്ത് നടന്ന തകഴി ശിവശങ്കരപ്പിള്ളയുടെ 103-ാം ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് ജന്മശതാബ്ദി സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനവും തകഴി പുരസ്കാര പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

തകഴിച്ചേട്ടനെ മറന്നു കേരളത്തിനും മലയാളത്തിനും ഒരിഞ്ച് മുന്നോട്ടുപോകാനാവില്ല. കൃതികളിലൂടെ തകഴി എന്നും ഓര്‍മിക്കപ്പെടുന്നു. മലയാളത്തെ ശ്രേഷ്ഠഭാഷയായി പ്രഖ്യാപിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ മലയാളത്തിനപ്പുറത്ത് മറ്റു ഭാഷകളിലും സംസ്ഥാനങ്ങളിലും ഉള്ള തകഴിയുടെ സ്വാധീനവും അംഗീകാരവും മനസിലാക്കാനായി. തകഴി സ്മാരകത്തിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നിലവില്‍ തകഴി പുരസ്കാരത്തുക 25,000 രൂപയാണ്. ഇത് 50,000 രൂപയായി വര്‍ധിപ്പിക്കാന്‍ സാംസ്കാരിക വകുപ്പിനു നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊടിക്കുന്നില്‍ സുരേഷ് എംപി അധ്യക്ഷത വഹിച്ചു. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ തകഴി കഥാപുരസ്കാരം എസ്. സജിനിക്ക് സമ്മാനിച്ചു. കലാസാഹിത്യ മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങളും പി.എന്‍. ഇന്ദ്രസേനന്‍, ചന്ദ്രന്‍ പുറക്കാട് എന്നിവര്‍ക്കുള്ള ആദരപത്രവും ചലച്ചിത്ര സംവിധായകന്‍ ബ്ളസി വിതരണം ചെയ്തു.

കെ.സി. വേണുഗോപാല്‍ എംപി വിശിഷ്ടാതിഥിയായി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, എ.കെ. ആന്റണി എംപി, ജി. സുധാകരന്‍ എംഎല്‍എ എന്നിവരുടെ ആശംസകള്‍ വായിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. പ്രതിഭാഹരി, ഷാനിമോള്‍ ഉസ്മാന്‍, ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. നെടുമുടി ഹരികുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ആര്‍. രാധാകൃഷ്ണപിള്ള, കേരള സംഗീതനാടക അക്കാദമി സെക്രട്ടറി ഡോ. പി.വി. കൃഷ്ണന്‍ നായര്‍, ജില്ലാ പഞ്ചായത്തംഗം ബിന്ദു ബൈജു, സ്മാരക ചെയര്‍മാന്‍ പ്രഫ. തകഴി ശങ്കരനാരായണന്‍, സെക്രട്ടറി ദേവദത്ത് ജി. പുറക്കാട്, അനില്‍ബോസ്, തകഴിയുടെ മക്കളായ ഡോ. ബാലകൃഷ്ണന്‍, രാധമ്മ, ജാനമ്മ, കനകം എന്നിവര്‍ പങ്കെടുത്തു. മുഖ്യമന്ത്രിയും ജനപ്രതിനിധികളും തകഴിയുടെ സ്മൃതി മണ്ഡപത്തിലും സഹധര്‍മിണി കാത്തയുടെ സ്മൃതികുടീരത്തിലും പുഷ്പാര്‍ച്ചന നടത്തി. കാര്‍മല്‍ ഇംഗ്ളീഷ് മീഡിയം സ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച ബാന്‍ഡ് ഡിസ്പ്ളേയും നൃത്തനൃത്യങ്ങളും ശ്രീകുമാര്‍ നായ്ക്കിന്റെ സോപാനസംഗീതവും അരങ്ങേറി.


തുടര്‍ന്നു സാംസ്കാരിക പ്രവര്‍ത്തകരുടെ സംഗമവും സാംസ്കാരിക പരിപാടികളും നടന്നു. സമാപന സമ്മേളനത്തില്‍ സ്മാരകസമിതി പ്രസിഡന്റ് പ്രഫ. തകഴി ശങ്കരനാരായണന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ആര്‍. രാധാകൃഷ്ണപിള്ള, ജില്ലാ ഗവണ്‍മെന്റ് പ്ളീഡര്‍ അഡ്വ. ആര്‍. സനല്‍ കുമാര്‍, ജില്ലാപഞ്ചായത്തംഗം ബിന്ദു ബൈജു, കെ.എം. കാര്‍ത്തികേയന്‍, സ്മാരകസമിതിയംഗം സജി ജോസഫ്, ബെന്‍സന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു. സ്മാരക സമിതി സെക്രട്ടറി ദേവദത്ത് ജി. പുറക്കാട് സാഹിത്യമേളയുടെ കൊടിയിറക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.