വേനല്‍മഴ കനിഞ്ഞു; വൈദ്യുതി ഉപയോഗത്തില്‍ 80 ലക്ഷം യൂണിറ്റിന്റെ കുറവ്
Saturday, April 18, 2015 1:07 AM IST
ജോണ്‍സണ്‍ വേങ്ങത്തടം

തൊടുപുഴ: വേനല്‍മഴ ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഗണ്യമായി കുറഞ്ഞു. ശരാശരി ഉപയോഗത്തില്‍ എട്ടു ദശലക്ഷം യൂണിറ്റ് കുറവാണു വന്നിരിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ച് 28 ലെ ഉപയോഗം 710 ലക്ഷം യൂണിറ്റായിരുന്നു. എന്നാല്‍, വേനല്‍മഴ ശക്തിപ്രാപിച്ചതോടെ ശരാശരി ഉപയോഗം 630ലക്ഷം യൂണിറ്റിലേക്കു താഴ്ന്നു. വിഷു ദിനത്തില്‍ വൈദ്യുതി ഉപയോഗം 592.87 ലക്ഷം യൂണിറ്റിലെത്തി. മാര്‍ച്ച് ഒന്നിലെ കണക്കനുസരിച്ചു 2592.857 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാവശ്യമായ വെള്ളമാണ് സംസ്ഥാനത്തെ റിസര്‍വോയറുകളില്‍ ശേഷിച്ചിരുന്നത്.

സംഭരണശേഷിയുടെ 44 ശതമാനം വെള്ളം ഇനിയും അണക്കെട്ടുകളില്‍ ശേഷിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഇതേസമയം 40 ശതമാനത്തില്‍ താഴെയായിരുന്നു ജലനിരപ്പ്. പള്ളിവാസല്‍ പദ്ധതിയുടെ സ്റോറേജ് ഡാമായ കുണ്ടള ഇപ്പോള്‍ നിറഞ്ഞുകിടക്കുകയാണ്. ഇടുക്കി 46 ശതമാനം, പമ്പ 40, ഇടമലയാര്‍ 40, നേര്യമംഗലം 68, പൊന്മുടി 57, ഷോളയാര്‍ 42, ആനയിറങ്കല്‍ 32 ശതമാനം എന്നിങ്ങനെയാണ് സംസ്ഥാനത്തെ ചില പ്രധാന അണക്കെട്ടുകളിലെ ഇന്നലത്തെ ജലനിരപ്പ്.

സാധാരണ നിലയില്‍ കാലവര്‍ഷത്തിന് ഇനി ഒന്നരമാസം കൂടി ശേഷിക്കുന്നുണ്ട്. ജലവൈദ്യുതി ഉത്പാദനം ഇപ്പോഴത്തെ രീതിയില്‍ കുറച്ചുനിര്‍ത്തിയാല്‍ ലോഡ് ഷെഡിംഗും പവര്‍കട്ടുമില്ലാതെ തന്നെ ഈ വേനല്‍ക്കാലം തരണം ചെയ്യാന്‍ വൈദ്യുതി ബോര്‍ഡിനു കഴിയും. കഴിഞ്ഞ 15 ദിവസമായി ജലവൈദ്യുതി ഉത്പാദനം കുറച്ചു കേന്ദ്ര പൂളില്‍നിന്നു വൈദ്യുതി കൂടുതലായി വാങ്ങുന്ന രീതിയാണു ബോര്‍ഡ് പിന്തുടരുന്നത്. 18.965 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലത്തെ സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനം.


ഇടുക്കിയില്‍ 5.1 ദശലക്ഷം യൂണിറ്റും ശബരിഗിരിയില്‍ 5.49 ദശലക്ഷം യൂണിറ്റും ഉത്പാദിപ്പിച്ചു. 40.323 ദശലക്ഷം യൂണിറ്റ് കണ്െടത്തിയതു കേന്ദ്രപൂളില്‍നിന്നാണ്. മാടക്കത്തറ - പാലക്കാട് - കൊച്ചി 400 കെ വി ലൈന്‍ വഴിയാണ് ഇപ്പോള്‍ കൂടുതല്‍ കേന്ദ്ര വൈദ്യുതി എത്തിക്കുന്നത്. ഇന്നലെ 20.64 ദശലക്ഷം യൂണിറ്റ് എത്തിച്ചത് ഈ ലൈനിലാണ്. ഇടമണ്‍ - തിരുന്നല്‍വേലി 220 കെ.വി. സ്റേഷന്‍ വഴി 7.81 ദശലക്ഷം യൂണിറ്റ് എത്തിച്ചു. പമ്പ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്താണ് ഇന്നലെ കൂടുതല്‍ വേനല്‍ മഴ ലഭിച്ചത്, 12 മില്ലീമീറ്റര്‍. ഇടുക്കിയില്‍ 0.8, കക്കിയില്‍ അഞ്ചു മില്ലീമീറ്റര്‍ എന്നിങ്ങനെ മഴലഭിച്ചു. 3.73 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഇന്നലെ ഇടുക്കിയില്‍ ഒഴുകിയെത്തി.

വേനല്‍ക്കാലത്തുണ്ടാകുന്ന വര്‍ധിച്ച ഉപഭോഗം കണക്കിലെടുത്തു സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളില്‍ പരമാവധി കരുതല്‍ശേഖരം ഉണ്ടാക്കുകയും അതുവഴി വേനല്‍ക്കാലത്തു കൂടുതല്‍ ഉത്പാദനം നടത്തുകയും ചെയ്യുന്നതിനാവശ്യമായ നടപടികള്‍ കെഎസ്ഇബി സ്വീകരിച്ചിരുന്നു.

വേനല്‍ക്കാലത്തു വൈദ്യുതി ഉപഭോഗം പരമാവധി കുറച്ചു ലോഡ് ഷെഡിംഗ്, പവര്‍കട്ട് തുടങ്ങിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി ഊര്‍ജസംരക്ഷണം ഒരു ദിനചര്യയാക്കാന്‍ ഉപഭോക്താക്കളെ നിരന്തരം ഓര്‍മിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നതിനു മുന്‍കാലങ്ങളില്‍ മുതല്‍ ലാഭപ്രഭ എന്ന പരിപാടി വരെ കെഎസ്ഇബി ഒരുക്കിയിരുന്നു. ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഊര്‍ജിതമായി നടപ്പാക്കുന്നതിന് കെഎസ്ഇബി എനര്‍ജി സേവിംഗ്സ് കോ-ഓര്‍ഡിനേഷന്‍ ടീം രൂപീകരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.