ആറന്മുള വിമാനത്താവളം പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍
Saturday, April 18, 2015 12:59 AM IST
പത്തനംതിട്ട: നിര്‍ദിഷ്ട ആറന്മുള വിമാനത്താവളം പദ്ധതിക്കു കേന്ദ്രസര്‍ക്കാരില്‍ നിന്നു പച്ചക്കൊടി ലഭിക്കുമെന്നുറപ്പായി.

കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് പദ്ധതിക്കെതിരെ ശക്തമായ സമരം നയിക്കുകയും നിയമപോരാട്ടം നടത്തുകയും ചെയ്ത സംഘപരിവാര്‍ സംഘടനകളാണ് കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ആശങ്കയിലായിരിക്കുന്നത്. പദ്ധതിക്കെതിരെ സമരം നയിച്ച കുമ്മനം രാജശേഖരന്‍ അടക്കമുള്ള സംഘപരിവാര്‍ നേതാക്കള്‍ ഡല്‍ഹിയിലെത്തി കേന്ദ്രമന്ത്രിമാരെയും ബിജെപി നേതാക്കളെയും കണ്ട് തങ്ങളുടെ എതിര്‍പ്പ് അറിയിക്കും. ബിജെപിക്കൊപ്പം സംയുക്ത സമരം നയിച്ച ഇടതുസംഘടനകളും കേന്ദ്രനിലപാടു കാരണം ഒറ്റപ്പെട്ട നിലയിലാണ്.

സ്വകാര്യ മേഖലയില്‍ നിര്‍മാണം നടത്തുന്ന വിമാനത്താവളം കമ്പനിയുടെ പരിസ്ഥിതി ആഘാത പഠനറിപ്പോര്‍ട്ടില്‍ കുടുങ്ങിയാണ് ആറന്മുളപദ്ധതിയുടെ അനുമതികള്‍ റദ്ദായത്. ആറന്മുളയില്‍ പരിസ്ഥിതി പഠനം നടത്തിയ ഏജന്‍സിയുടെ അംഗീകാരം ചോദ്യം ചെയ്യപ്പെട്ടതോടെയാണ് നടപടികള്‍ തടസപ്പെട്ടത്. തുടര്‍ന്ന് രണ്ടാമതൊരു പഠനത്തിന് പദ്ധതിയുടെ നടത്തിപ്പുകാരായ കെജിഎസ് കമ്പനി അപേക്ഷ നല്‍കിയിരിക്കുകയാണ്.

പദ്ധതിയുമായി ബന്ധപ്പെട്ട് 22നു ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക യോഗം വിളിച്ചിരിക്കുകയണ്. കേരളത്തിന്റെ ചീഫ് സെക്രട്ടറിയെയും യോഗത്തിലേക്കു ക്ഷണിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരം, പ്രതിരോധം, വനം, പരിസ്ഥിതി, സാമ്പത്തികകാര്യം, റവന്യു, പ്ളാനിംഗ് കമ്മീഷന്‍ എന്നിവയുടെ സെക്രട്ടറിമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. രാജ്യത്ത് ഇക്കൊല്ലം നടപ്പാക്കുന്ന 14 വിമാനത്താവളങ്ങളുട പട്ടികയിലുള്‍പ്പെടുത്തിയാണ് ആറന്മുളയും പരിഗണിക്കുന്നത്. പദ്ധതി എന്നു പൂര്‍ത്തീകരിക്കാനാകുമെന്ന് നിര്‍മാണ കമ്പനിയായ കെജിഎസിനോട് ആരാഞ്ഞിട്ടുണ്ട്. ഭൂമി സംബന്ധമായ വിവരം, നിലവിലുള്ള കേസുകള്‍, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇനി നല്‍കേണ്ട അനുമതികള്‍ എന്നിവയും യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടും.


ഹൈക്കോടതിയില്‍ നിലവിലുള്ള ഒരു കേസില്‍ ആറന്മുള പദ്ധതി നടപ്പാക്കുമെന്ന നിലപാടാണ് കഴിഞ്ഞയിടെ കേന്ദ്ര വ്യോമയാന മന്ത്രാലയം സ്വീകരിച്ചത്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ പലവികസന സാമ്പത്തിക രേഖയില്‍ ആറന്മുള പരാമര്‍ശിച്ചിരുന്നു.

വിമാനത്താവളം നിര്‍മാണത്തിനാവശ്യമായ ഭൂമി കൈവശമുണ്െടന്നും സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ 10 ശതമാനം ഓഹരിയെടുക്കാന്‍ സന്നദ്ധമായിട്ടുണ്െടന്നും കമ്പനിയില്‍ സര്‍ക്കാരിന് ഡയറക്ടറുണ്ടാകുമെന്ന് കെജിഎസ് വ്യക്തമാക്കിയിട്ടുണ്ട്. 2000 കോടിയുടെ പദ്ധതി രണ്ടുഘട്ടമായാണ് നടപ്പാക്കുന്നത്. 500 ഏക്കറിലെ പദ്ധതിയില്‍ 1500 പേര്‍ക്കു നേരിട്ടും 6000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ വാഗ്ദാനവും കമ്പനി നല്‍കുന്നുണ്ട്.

2003 ലാണ് ആറന്മുള വിമാനത്താവളം പദ്ധതിയുടെ നടപടികള്‍ക്കു തുടക്കം കുറിച്ചത്. 2011 വരെ കാര്യമായ എതിര്‍പ്പില്ലാതെ പോയ പദ്ധതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ നടപടിക്രമങ്ങള്‍ക്കു വേഗം വര്‍ധിച്ചു. പദ്ധതി പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ചതോടെയാണ് സമരം ശക്തമായത്. പദ്ധതിക്ക് പ്രാഥമികാനുമതി നല്‍കിയത് വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണെങ്കിലും പിന്നീട് എല്‍ഡിഎഫ് പദ്ധതിക്കെതിരായി.

ബിജെപിയും പ്രാദേശികമായ താത്പര്യങ്ങള്‍ കാരണം സമരരംഗത്തെത്തി. രാഷ്ട്രീയ പോരാട്ടവും പോര്‍വിളികളും ആറന്മുളയുടെ പേരിലുണ്ടായതാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടു മാറ്റത്തോടെ സമരസമിതിയിലും ആശങ്ക ഉടലെടുത്തു. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ അടക്കം കോണ്‍ഗ്രസിലെ ഒരു വിഭാഗവും പദ്ധതിക്കെതിരെ നിലപാട് സ്വീകരിച്ചവരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.