ചിന്മയ ജന്മശതാബ്ദി ആഘോഷം മേയ് ആറു മുതല്‍
Sunday, April 19, 2015 10:40 PM IST
കൊച്ചി: ചിന്മയാനന്ദ സ്വാമിയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ മേയ് ആറിന് വൈകുന്നേരം ആറിന് എറണാകുളത്തപ്പന്‍ മൈതാനത്ത് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാം ഉദ്ഘാടനംചെയ്യും.

ഏഴാം തീയതി രാവിലെ സമൂഹഗായത്രി ഹവനം, പ്രഭാഷണം. ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന ആചാര്യസംഗമത്തില്‍ 20 സന്യാസി മഠങ്ങളിലെ ആചാര്യന്മാര്‍ പങ്കെടുക്കും. വൈകുന്നേരം ആറിനു ജന്മശതാബ്ദിയുടെ ഭാഗമായി നടപ്പാക്കുന്ന ചിന്മയ ഭവനപദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും.

എട്ടിനു ഗുരുപാദുക പൂജ, ചിന്മയ അനുസ്മരണ പ്രഭാഷണം എന്നിവയ്ക്കു ശേഷം ചിന്മയ മിഷന്‍ ആഗോള അധ്യക്ഷന്‍ സ്വാമി തേജോമയാനന്ദ ദീപം തെളിക്കും. സ്വാമിയുടെ ജന്മസ്ഥലമായ എറണാകുളത്തുനിന്ന് ആരംഭിക്കുന്ന ചിന്മയ ജ്യോതി പ്രയാണം 238 ദിവസങ്ങള്‍ കൊണ്ടു കന്യാകുമാരി മുതല്‍ കാഷ്മീര്‍വരെ സഞ്ചരിച്ചു ഡിസംബര്‍ 31നു പുനയ്ക്കടുത്തുള്ള ചിന്മയ വിഭൂതിയില്‍ സമാപിക്കും. ആഘോഷങ്ങളുടെ ഭാഗമായി ഒരു ലക്ഷം ഭഗവത്ഗീത സൌജന്യമായി വിതരണം ചെയ്യുമെന്നും ചിന്മയമിഷന്‍ കേരള ഘടകം അധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.