വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നു പ്രതികള്‍ക്കു ജീവപര്യന്തം
Sunday, April 19, 2015 11:06 PM IST
തൊടുപുഴ: പത്രപ്രവര്‍ത്തകനായ എന്‍.എം. പീയേഴ്സന്റെ മകന്‍ ശ്യാമപ്രസാദിനെ (18) തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പ്രതികള്‍ക്കു ജീവപര്യന്തം കഠിനതടവും 25,000 രൂപ പിഴ ശിക്ഷയും. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി ശിക്ഷ അനുഭവിക്കണം. തൊടുപുഴ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.കെ. അരവിന്ദബാബുവാണ് ശിക്ഷ വിധിച്ചത്.

കുമളി സ്വദേശി പുത്തന്‍പുരയ്ക്കല്‍ സുരേഷ് (28), അട്ടപ്പള്ളം സ്വദേശി പുത്തന്‍പുരയ്ക്കല്‍ രതീഷ് (27), പാമ്പാടുംപാറ സ്വദേശി മുടിത്താനം സാബു(37) എന്നിവരെയാണു ശിക്ഷിച്ചത്. തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവയ്ക്കല്‍, പരസ്പരസഹായത്തോടെ കുറ്റകൃത്യം ചെയ്യല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് വിധി പ്രസ്താവിച്ചത്.

ഇടുക്കി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.വി.കുര്യാക്കോസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. വാട്സണ്‍ എ. മഴുവന്നൂര്‍ ഹാജരായി.

2008-ല്‍ എന്‍.എം. പീയേഴ്സന്റെ മകനും ഇടുക്കി പൈനാവ് എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥിയുമായ ശ്യാമപ്രസാദിനെ ഹോസ്റലിലേക്ക് ഫോണ്‍ വിളിച്ചു തെറ്റിദ്ധരിപ്പിച്ചു പീയേഴ്സന്റെ സുഹൃത്താണെന്നും തങ്ങളുടെ മകനു ഹോസ്റലില്‍ താമസിക്കുന്നതിനുള്ള സൌകര്യങ്ങളെക്കുറിച്ചു മനസിലാക്കാനാണെന്നും പറഞ്ഞു വിളിച്ചുവരുത്തി കാറില്‍ തട്ടിക്കൊണ്ടുപോയി. ഇതിനുശേഷം പിതാവില്‍നിന്നും 30 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു.


പിയേഴ്സണ്‍ വിളിച്ചപ്പോള്‍ ശ്യാമപ്രസാദിനെ കിട്ടാത്തതിനാല്‍ എവിടെയാണെന്ന് അന്വേഷിക്കാന്‍ ഹോസ്റല്‍ അധികൃതരെ ചുമതലപ്പെടുത്തി.

തുടര്‍ന്നു വിവരങ്ങളൊന്നും ലഭിക്കാതായതോടെ പിയേഴ്സന്റെ നിര്‍ദേശപ്രകാരം ഇടുക്കി പോലീസില്‍ പരാതിപ്പെടുകയും തട്ടിക്കൊണ്ടുപോയതിന്റെ പിറ്റേദിവസം പുലര്‍ച്ചെ ടിവിയില്‍ ഫ്ളാഷ് ന്യൂസ് കാണുകയും കൂടുതല്‍ അപകടത്തിലേക്കാണു കാര്യങ്ങള്‍ പോകുന്നതെന്നു മനസിലാക്കി ശ്യാമപ്രസാദിനെ അണക്കരയില്‍നിന്നും 70 രൂപ കൊടുത്ത് കട്ടപ്പനയ്ക്കുള്ള ബസില്‍ കയറ്റിവിടുകയുമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.