യെമനില്‍നിന്നെത്തിയ കപ്പലില്‍ കടല്‍ക്കൊള്ളക്കാരുടെ ആക്രമണശ്രമം
Sunday, April 19, 2015 11:20 PM IST
കൊച്ചി: യെമനില്‍നിന്നു രക്ഷപ്പെട്ടവരുമായി ജിബൂട്ടി തുറമുഖത്തുനിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ട എംവി കോറല്‍സ് കപ്പലിനു നേരേ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ ആക്രമണ ശ്രമം. കപ്പലിനെ പിന്തുടര്‍ന്ന സോമാലിയന്‍ ബോട്ടുകളെ ഇന്ത്യന്‍ നാവിക സേനയുടെ ഐഎന്‍എസ് മുംബൈയും ഐഎന്‍എസ് തര്‍ക്കാഷും ഹെലിക്കോപ്റ്ററുകളും ചേര്‍ന്നു തുരത്തിയോടിച്ചു.

എംവി കോറല്‍സിനു നേരേ കഴിഞ്ഞ തിങ്കളാഴ്ചയാണു സോമാലിയ കടല്‍ക്കൊള്ളക്കാരുടെ ആക്രമണ ശ്രമമുണ്ടായത്. 17 പേരടങ്ങിയ കടല്‍ക്കൊള്ളക്കാര്‍ കപ്പലിലേക്കു കയറുന്നതിനായി കോറല്‍സിനെ ലക്ഷ്യമാക്കി വരുകയായിരുന്നു. കൊള്ളക്കാരുടെ നീക്കം മനസിലാക്കിയ നാവികസേന കപ്പലിലെ വിളക്കുകള്‍ അണയ്ക്കാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്നു നാവിക കപ്പലുകളും ഹെലികോപ്റ്ററും എംവി കോറല്‍സിനെ മൂന്നു തവണ വലംവച്ചു. ഇതോടെ സൊമാലിയന്‍ ബോട്ട് തിരികെ പോയി. മലയാളികളടക്കം 166 യാത്രക്കാരാണ് ഈ കപ്പലിലുണ്ടായിരുന്നത്. ഒരു രാത്രി മുഴുവന്‍ കൊള്ളക്കാരുടെ ആക്രമണം പേടിച്ച് ഇരുട്ടത്തു കപ്പലിലുള്ളില്‍ കഴിയേണ്ടിവന്നതു നാഗര്‍കോവില്‍ സ്വദേശി ജബിന്‍ തങ്കരാജ് നടുക്കത്തോടെയാണ് ഇപ്പോഴും ഓര്‍ക്കുന്നത്. രാത്രി മുഴുവന്‍ ഇരുട്ടിലായിരുന്നു. രണ്ടു ദിവസമാണു സൊമാലിയയ്ക്ക് അടുത്തുകൂടി കപ്പലിനു കടന്നുപോകാനുള്ളത്. എന്നാല്‍, നേരം പുലര്‍ന്നപ്പോള്‍ അവര്‍ പിറകെയുണ്ടായിരുന്നില്ലെന്നു ജബിന്‍ പറഞ്ഞു. തങ്ങളുടെ ജീവന്‍ സംരക്ഷിച്ച നാവികസേനയുടെ സേവനത്തിന് അദ്ദേഹവും സഹയാത്രികരും നന്ദി പറഞ്ഞു.


യെമനില്‍ തൈസ് പട്ടണത്തിലുള്ള അല്‍ഷൈദ് യൂണിവേഴ്സിറ്റിയില്‍ നഴ്സിംഗ് പ്രിന്‍സിപ്പലാണ് ജബിന്‍. ആറു മാസം മുമ്പാണ് അവിടെ ജോലിയില്‍ പ്രവേശിച്ചത്. ഭാര്യ ക്ളാര ഒരു വര്‍ഷമായി യെമന്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ വൈസ് പ്രിന്‍സിപ്പലാണ്. ഒന്നര വയസുള്ള കുട്ടി റയാനും ഇവരോടൊപ്പമുണ്ടായിരുന്നു. കപ്പലിന്റെ ക്യാപ്റ്റനും ജീവനക്കാരും മറ്റു യാത്രക്കാരുമടക്കം ഒരു കുടുംബം പോലെയായിരുന്നു യാത്രയെന്നു ജബിന്‍ പറയുന്നു. ഒരുമിച്ചാണു ഭക്ഷണം പാകം ചെയ്തതൊക്കെ. പ്രശ്നങ്ങള്‍ തീര്‍ന്നശേഷം വീണ്ടും യെമനിലേക്കു മടങ്ങണമെന്നുതന്നെയാണ് ഇവരുടെ ആഗ്രഹം. ഇന്നലെ രണ്േടാടെ തീരമണഞ്ഞ എം.വി. കോറല്‍സില്‍ വന്നിറങ്ങിയ ഇവര്‍ വൈകിട്ടോടെ ഗുരുവായൂര്‍ എക്സ്പ്രസില്‍ നാട്ടിലേക്കു തിരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.