മുന്നണിമാറ്റ സൂചന നല്‍കി വീരേന്ദ്രകുമാര്‍
മുന്നണിമാറ്റ സൂചന നല്‍കി വീരേന്ദ്രകുമാര്‍
Sunday, April 19, 2015 10:24 PM IST
കോഴിക്കോട്: ജനതാദള്‍ യുണൈറ്റഡ് ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമാണെന്നും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്യുമെന്നും സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാര്‍. അതേസമയം, മുന്നണിമാറ്റ സൂചനകളും അദ്ദേഹം നല്‍കി. ജനതാ പരിവാര്‍ യുഡിഎഫ് വിടുമോയെന്ന ചോദ്യത്തിനു തീരുമാനമെടുത്തിട്ടില്ലെന്നും കേന്ദ്രനേതൃത്വത്തോടു ചര്‍ച്ച ചെയ്തു മാത്രമേ തീരുമാനിക്കാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് വിടുന്നതിനെക്കുറിച്ചു ദേശീയ നിര്‍വാഹക സമിതി യോഗമാണു ചര്‍ച്ച ചെയ്യുക.

മാറിയ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യും. അതെന്താണെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. തീരുമാനമെടുക്കുമ്പോള്‍ അവഗണന മാത്രമല്ല മറ്റു കാര്യങ്ങളും പരിഗണിക്കും. ദേശീയ, സംസ്ഥാന നയങ്ങളും കര്‍ഷക നയങ്ങളുമെല്ലാം ചര്‍ച്ച ചെയ്യും. മേയിലാണ് ഇതുമായി ബന്ധപ്പെട്ടു ഡല്‍ഹിയിലേക്കു പോകുകയെന്നും അദ്ദേഹം പറഞ്ഞു. മാറിയ സാഹചര്യത്തില്‍ പുതിയ കൂട്ടുകെട്ടുകളും രാഷ്ട്രീയ നിലപാടുകളും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനെതിരേ പരസ്യമായി തുറന്നടിച്ച വീരേന്ദ്രകുമാര്‍ സിപിഎമ്മിനോടു മൃദുസമീപനമാണു സ്വീകരിച്ചത്.


തെറ്റുതിരുത്തി രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നണിയിലേക്കു പോകാറില്ല. പുതിയ തീരുമാനത്തോടെയാണു പോകുകയെന്നാണു കോടിയേരിക്കുളള മറുപടിയായി വീരേന്ദ്രകുമാര്‍ പറഞ്ഞത്. എല്‍ഡിഎഫ് വിട്ട ജനതാദള്‍ തെറ്റുതിരുത്തി മുന്നണിയിലേക്കു തിരിച്ചുവരണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

വീരേന്ദ്രകുമാറിന്റെ ചാലപ്പുറത്തുള്ള വീട്ടിലാണു നേതൃയോഗം നടന്നത്. കൃഷി മന്ത്രി കെ.പി. മോഹനന്‍, സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്നലെ രാവിലെ തുടങ്ങിയ യോഗം വൈകിട്ടാണ് അവസാനിച്ചത്. യുഡിഎഫ് കാണിച്ച അവഗണനയാണ് യോഗത്തിലുടനീളം ചര്‍ച്ചയായത്. ജനതാ പാര്‍ട്ടികളുടെ ലയനത്തിനു ശേഷമുളള സാഹചര്യങ്ങളും വിലയിരുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.