രാജ്യസഭാ തെരഞ്ഞെടുപ്പു നാളെ; വിപ്പ് ലംഘിച്ചാലും നടപടിയില്ല
Sunday, April 19, 2015 10:24 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: തീപിടിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമിടയില്‍ നാളെ രാജ്യസഭാ തെരഞ്ഞെടുപ്പ്. കേരളത്തില്‍നിന്നു മൂന്നു പേര്‍ക്കാണു രാജ്യസഭയിലേക്ക് അവസരം. നാലു സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്.

അതേസമയം, രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വിപ്പ് ലംഘിച്ചു രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ വോട്ട് ചെയ്താലും കൂറുമാറ്റ നിരോധന നിയമപ്രകാരം അവര്‍ക്കെതിരേ നടപടിയെടുക്കാന്‍ കഴിയില്ല. കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റ്- നിയമസഭാ സമ്മേളന ഹാളിനു പുറത്തു നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിപ്പ് ലംഘിക്കുന്നവര്‍ക്കെതിരേ അച്ചടക്ക നടപടി പാടില്ല. ഇതിന്റെ പേരില്‍ അംഗങ്ങളെ അയോഗ്യരാക്കാനും കഴിയില്ല. ഈ നിര്‍ദേശം കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പു കമ്മീഷന്‍, നിയമസഭാ സെക്രട്ടേറിയറ്റിനു കൈമാറി.

എന്നാല്‍, രഹസ്യ ബാലറ്റാണെങ്കിലും വോട്ട് രേഖപ്പെടുത്തിയ ശേ ഷം രാഷ്ട്രീയ പാര്‍ട്ടികള്‍ നിയോഗിക്കുന്ന പോളിംഗ് ഏജന്റുമാരെ ബാലറ്റ് പേപ്പര്‍ ഉയര്‍ത്തി കാണിച്ച ശേഷമേ പെട്ടിയില്‍ നിക്ഷേപിക്കാനാകൂ. പെട്ടിയില്‍ നിക്ഷേപിക്കുന്നതിനു മുമ്പു ബാലറ്റ് പോളിംഗ് ഏജന്റിനെ കാട്ടിയില്ലെങ്കില്‍ അച്ചടക്ക നടപടിയെടുക്കാം. നിയമസഭാ മന്ദിരത്തിന്റെ രണ്ടാം നിലയിലെ 620-ാം നമ്പര്‍ മുറിയില്‍ നാളെ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലുവരെ വരെയാണു വോട്ടെടുപ്പ്. തുടര്‍ന്നു വോട്ടെണ്ണല്‍. യുഡിഎഫ് സ്ഥാനാര്‍ഥികളായി കോണ്‍ഗ്രസിലെ വയലാര്‍ രവി, മുസ്ലിം ലീഗിലെ പി.വി. അബ്ദുള്‍ വഹാബ് എന്നിവരും ഇടതുമുന്നണി സ്ഥാനാര്‍ഥികളായി സിപിഎമ്മിലെ കെ.കെ. രാഗേഷും സിപിഐയിലെ കെ. രാജനും മത്സര രംഗത്തുണ്ട്. ഇടതു സ്ഥാനാര്‍ഥികളില്‍ കെ.കെ. രാഗേഷിനു മാത്രമേ വിജയ സാധ്യതയുള്ളൂ.


36 ആദ്യ വോട്ട് വീതം നേടുന്ന സ്ഥാനാര്‍ഥികള്‍ക്കു വിജയിക്കാന്‍ കഴിയും. യുഡിഎഫിലെ കക്ഷി നില അനുസരിച്ചു കോണ്‍ഗ്രസിലെ 38 നിയമസഭാംഗങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒഴികെയുള്ള 37 പേരും വയലാര്‍ രവിക്കു വോട്ടു ചെയ്യാനാണു നിര്‍ദേശം. മുഖ്യമന്ത്രിയും ഘടകകക്ഷി എംഎല്‍എമാരും പി.വി. അബ്ദുള്‍ വഹാബിനു വോട്ട് ചെയ്യണം. ഇരുവിഭാഗങ്ങളുടെയും രണ്ടാം വോട്ട് തിരിച്ചു മറ്റേ യുഡിഫ് സ്ഥാനാര്‍ഥിക്കു നല്‍കണം. യുഡിഎഫ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് ആദ്യ വോട്ട് പി.വി. അബ്ദുള്‍ വഹാബിനു നല്‍കണം. പി.സി. ജോര്‍ജ് വോട്ട് ചെയ്ത ശേഷം കേരള കോണ്‍ഗ്രസിന്റെ പോളിംഗ് ഏജന്റിനെ ബാലറ്റ് ഉയര്‍ത്തിക്കാട്ടേണ്ടി വരും.

കക്ഷിനിലയനുസരിച്ചു യുഡിഎഫിനു രണ്ടു സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ കാര്യമായ പ്രശ്നങ്ങളില്ല. 139 എംഎല്‍എമാര്‍ക്കാണു വോട്ട വകാശമുള്ളത്. നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ള ആംഗ്ളോ ഇന്ത്യന്‍ പ്രതിനിധിയായ ലൂഡി ലൂയിസിനു രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശമില്ല. മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തെ ത്തുടര്‍ന്ന് ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുന്നു.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സ്പീക്കര്‍ക്കും വോട്ട് ചെയ്യാം. കെ.ബി. ഗണേഷ്കുമാര്‍ മുന്നണി വിട്ടതിനു ശേഷം യുഡിഎഫിന് 73 വോട്ട് ആണുള്ളത്. എല്‍ഡിഎഫിന് 65 എംഎല്‍എമാരും. കെ.ബി. ഗണേഷ്കുമാറിന്റെ വോട്ടു കൂടി ലഭിച്ചാല്‍ 66 വോട്ട് ആകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.