മുഖപ്രസംഗം: കാഷ്മീരില്‍ വേണ്ടതു രാഷ്ട്രീയ തന്ത്രജ്ഞത
Monday, April 20, 2015 12:58 AM IST
ജമ്മു-കാഷ്മീര്‍ വീണ്ടും പുകയുകയാണ്. കാഷ്മീരി വിഘടനവാദി നേതാവ് മസ്രത് ആലം ഭട്ടിന്റെ അറസ്റിനെത്തുടര്‍ന്നാണ് അക്രമം വീണ്ടും ശക്തമായത്. ജമ്മു- കാഷ്മീരില്‍ ബിജെപി-പിഡിപി സഖ്യകക്ഷി സര്‍ക്കാര്‍ അധികാരമേറ്റശേഷം അക്രമസംഭവങ്ങള്‍ വര്‍ധിച്ചുവരുന്നത് ഏറെ ആശങ്കയുണര്‍ത്തുന്നു. മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ പല തീരുമാനങ്ങളോടും ബിജെപി സംസ്ഥാന നേതൃത്വത്തിനു യോജിപ്പില്ല. അധികാരം പങ്കിടുമ്പോഴും വ്യത്യസ്ത നയസമീപനങ്ങള്‍ സ്വീകരിക്കുന്നതു സംസ്ഥാന ഭരണത്തില്‍ പ്രതിഫലിക്കുന്നുണ്ട്.

തികച്ചും വ്യത്യസ്തമായ പ്രകടനപത്രികകളുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിയും പിഡിപിയും തെരഞ്ഞെടുപ്പുഫലം പുറത്തുവന്നശേഷം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണു കൂട്ടുകക്ഷി മന്ത്രിസഭയ്ക്കു രൂപം നല്‍കിയത്. ആശങ്കകള്‍ പലതുമുണ്ടായിരുന്നെങ്കിലും കേന്ദ്രഭരണം കൈയാളുന്ന ബിജെപിയുടെകൂടി പങ്കാളിത്തമുള്ള സംസ്ഥാന ഭരണകൂടത്തില്‍ പ്രതീക്ഷയര്‍പ്പിച്ചവര്‍ കുറവല്ല. സമാധാനപൂര്‍ണമായ ജനജീവിതം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ക്കു പകരം വിഘടനവാദികള്‍ക്കും പ്രതിലോമ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും കൂടുതല്‍ സ്വാതന്ത്യ്രത്തോടെ കാഷ്മീര്‍ രാഷ്ട്രീയത്തില്‍ ഇടപെടാനായി എന്നതാണു സമകാലിക യാഥാര്‍ഥ്യം. മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സ്വീകരിക്കുന്ന നിലപാടുകള്‍ വിഘടനവാദികളെ പൊതുധാരയിലേക്കു കൊണ്ടുവരുന്നതിനും മുറിവുകള്‍ ഉണക്കുന്നതിനും സഹായകമാണെന്ന് ഒരു വിഭാഗം അവകാശപ്പെടുമ്പോള്‍ യാഥാര്‍ഥ്യം തികച്ചും വ്യത്യസ്തമാണെന്നു മറുപക്ഷം വാദിക്കുന്നു.

മനുഷ്യാവകാശങ്ങള്‍ ഹനിക്കപ്പെടുന്നുവെന്ന പരാതി എക്കാലവും കാഷ്മീരില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, വിഘടനവാദത്തെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങളെ മനുഷ്യാവകാശ ലംഘനമായി കാണരുതെന്നായിരുന്നു ഭരണകൂടത്തിന്റെ നിലപാട്. പലപ്പോഴും പട്ടാളത്തിന് ക്രമസമാധാനപാലനത്തില്‍ ഇടപെടേണ്ട സാഹചര്യം സംജാതമായിട്ടുണ്ട്. കാഷ്മീരില്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന ഉറച്ചനിലപാടാണു കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. അതേസമയം, ഇതിന്റെപേരില്‍ അനാവശ്യമായ ബലപ്രയോഗവും ഇടപെടലുകളും ഉണ്ടാകുന്നു എന്നാണു കാഷ്മീരിലെ ഒരു വിഭാഗത്തിന്റെ ആരോപണം.

വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട സാഹചര്യമാണു കാഷ്മീരിലേത്. സാധാരണ ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുകയും അവരുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണു പ്രധാന കാര്യം. അതു സാധിക്കാതെ വരുന്നുവെന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. കാഷ്മീര്‍ താഴ്വരയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്നു മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചുള്ള നീക്കങ്ങളാണു സര്‍ക്കാരിന്റെ ഭാഗത്തുനിന്നും തുടക്കത്തില്‍ ഉണ്ടായത്. എന്നാല്‍, അടുത്തകാലത്തുണ്ടായ പല സംഭവങ്ങളും മുഖ്യമന്ത്രി നല്‍കിയ ഈ ഉറപ്പിന്റെ ലംഘനമാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.


മസ്രത് ആലത്തിന്റ അറസ്റിനെത്തുടര്‍ന്നു ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യമായ അക്രമങ്ങളൊന്നും ആദ്യമുണ്ടായില്ല. എന്നാല്‍, പോലീസിന്റെ നേര്‍ക്ക് ആരോ കല്ലേറു നടത്തുകയും തുടര്‍ന്നുണ്ടായ വെടിവയ്പില്‍ വിദ്യാര്‍ഥി മരിക്കുകയുമായിരുന്നു. യൂണിഫോമണിഞ്ഞു സ്കൂളിലേക്കു പോകുംവഴിയാണ് സൊഹൈല്‍ അഹമ്മദ് സോഫി എന്ന പത്താം ക്ളാസുകാരന്‍ കൊല്ലപ്പെട്ടത്. സിആര്‍പിഎഫിന്റെ പിഴവാണു കുട്ടി മരിക്കാനിടയാക്കിയതെന്ന ലോക്കല്‍ പോലീസിന്റെ ആദ്യ പ്രതികരണം സംഗതി കൂടുതല്‍ വഷളാക്കി. ഇത്തരം സംഘര്‍ഷമേഖലകളില്‍ പാലിക്കേണ്ട സാധാരണ നടപടിക്രമങ്ങള്‍ സിആര്‍പിഎഫ് പാലിച്ചില്ലെന്നും ലോക്കല്‍ പോലീസ് ആദ്യം പറഞ്ഞു. ലോക്കല്‍ പോലീസ് പിന്നീടു നിലപാടു തിരുത്തി രംഗത്തെത്തിയെങ്കിലും പ്രതിഷേധം ശക്തമാവുകയായിരുന്നു.

നാലു വര്‍ഷം നീണ്ട കരുതല്‍ തടങ്കലിനൊടുവില്‍ കഴിഞ്ഞ മാസമാണു സംസ്ഥാന സര്‍ക്കാര്‍ മസ്രത് ആലം ഭട്ടിനെ മോചിപ്പിച്ചത്. ഇതു ഭരണമുന്നണിക്കുള്ളിലും പുറത്തും ചൂടേറിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ന്യൂഡല്‍ഹിയില്‍ ചികിത്സകഴിഞ്ഞു തിരിച്ചെത്തിയ ഹുറിയത് നേതാവ് സയീദ് അലി ഷാ ഗീലാനിയെ സ്വീകരിക്കാന്‍ നടത്തിയ റാലിയില്‍ മസ്രത് ആലം പാക്കിസ്ഥാന്‍ പതാക വീശുകയും പാക് അനുകൂല മുദ്രാവാക്യം മുഴക്കുകയും ചെയ്തുവെന്നാണ് ആരോപണം. സൈന്യത്തെ എപ്പോഴും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ മസ്രത് ആലം ശ്രമിക്കാറുണ്ട്. നാലു വര്‍ഷംമുമ്പ് മസ്രത് ആലത്തിന്റെ നേതൃത്വത്തില്‍ സൈന്യത്തിനെതിരേ നടത്തിയ വന്‍ പ്രതിഷേധത്തിലും തുടര്‍ന്നുള്ള സംഘര്‍ഷത്തിലും നൂറിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതെത്തുടര്‍ന്നാണു പൊതുസുരക്ഷാ നിയമപ്രകാരം മസ്രത് ആലം ഭട്ട് അറസ്റിലായത്. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ മോചനത്തിനു വഴിതുറന്നെങ്കിലും അതു കൂടുതല്‍ സംഘര്‍ഷത്തിനു വഴിമരുന്നിട്ടിരിക്കുകയണ്.

കാഷ്മീരില്‍ രാജ്യവിരുദ്ധ പ്രചാരണങ്ങളും പ്രകടനങ്ങളും വര്‍ധിച്ചുവരുന്നതു വളരെ ഗൌരവത്തോടെ കാണേണ്ടതുണ്ട്. വിഘടനവാദം ഒറ്റയടിക്ക് അവസാനിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. അതേസമയം, ജനങ്ങളെ വിശ്വാസത്തിലെടുത്തും വിഘടനവാദികളിലെ മിതവാദികളുമായി നല്ല ബന്ധം സ്ഥാപിച്ചും കാഷ്മീരിലെ സംഘര്‍ഷത്തിന് അയവു വരുത്താനാവും. കാഷ്മീരില്‍ സംഘര്‍ഷം പുകയുമ്പോള്‍ രാഷ്ട്രീയ കണക്കുതീര്‍ക്കലിനായി പ്രതിപക്ഷവും ശ്രമിക്കരുത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരോടു സര്‍ക്കാര്‍ മൃദുസമീപനം സ്വീകരിക്കുന്നുവെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ മനുഷ്യാവകാശ ധ്വംസനമാണ് അരങ്ങേറുന്നതെന്നു മറ്റൊരു കൂട്ടര്‍ പറയുന്നു. കാഷ്മീര്‍ ഇത്തരം ആരോപണ-പ്രത്യാരോപണങ്ങള്‍ക്കോ കണക്കുതീര്‍ക്കലിനോ രാഷ്ട്രീയ വിവാദത്തിനോ ഉള്ള വേദിയാക്കാതെ രാജ്യത്തിന്റെ അവിഭാജ്യ ഘടകമെന്ന നിലയില്‍ വികസനത്തിലേക്കും അതുവഴി സമാധാനത്തിലേക്കും നയിക്കപ്പെടാനുള്ള സാഹചര്യമാണു സൃഷ്ടിക്കേണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.