ഹൃദയം കവര്‍ന്നു കൊച്ചിയില്‍ ഹൃദയസംഗമം
ഹൃദയം കവര്‍ന്നു കൊച്ചിയില്‍ ഹൃദയസംഗമം
Monday, April 20, 2015 1:00 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: കാരുണ്യമെന്നതു മനുഷ്യവ്യക്തിത്വത്തിന്റെ സാക്ഷ്യപത്രമാണെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം ലിസി ആശുപത്രിയും ഹാര്‍ട്ട് കെയര്‍ ഫൌണ്േടഷനും സംയുക്തമായി സംഘടിപ്പിച്ച ഹൃദയ സംഗമം-2015 പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കര്‍ദിനാള്‍. ചടങ്ങില്‍ ഹാര്‍ട്ട് കെയര്‍ ഫൌണ്േടഷന്റെ ഈ വര്‍ഷത്തെ സോഷ്യല്‍ എക്സലന്‍സ് പുരസ്കാരം മാര്‍ ആലഞ്ചേരിയില്‍നിന്നു സിനിമാതാരം മമ്മൂട്ടി ഏറ്റുവാങ്ങി.

കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ ദൈവത്തോട് കൂടുതല്‍ അടുത്തവരാണ്. മമ്മൂട്ടിയെന്ന സിനിമാ താരത്തെയാണ് മിക്കവരും അറിയുന്നത്. അദ്ദേഹത്തിലെ മനുഷ്യസ്നേഹിയെ പലര്‍ക്കും പരിചയമില്ല. മമ്മൂട്ടി മറ്റുള്ളവരെ സഹായിക്കാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ളാഘനീയമാണ്. കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന നിരവധി സംഘടനകളില്‍ അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ദൈവത്തോട് അടുത്തു നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ മമ്മൂട്ടിയുമുണ്ട്.

ലിസി ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്സുമാരും ചെയ്യുന്ന സേവനങ്ങളെ കര്‍ദിനാള്‍ പ്രകീര്‍ത്തിച്ചു. ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ ലിസിയില്‍ നടന്ന ഹൃദയശസ്ത്രക്രിയകളുടെ എണ്ണം തന്നെ അദ്ഭുതപ്പെടുത്തി. ദൈവത്തിന്റെ പ്രത്യേക വരദാനം സിദ്ധിച്ചവരാണ് അവരെന്നു കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മനുഷ്യരായി പിറന്ന ഓരോരുത്തരുടെയും കടമയാണെന്നു പുരസ്കാരം ഏറ്റവാങ്ങിയശേഷം നടന്‍ മമ്മൂട്ടി പറഞ്ഞു. കാരുണ്യം എന്നു പറയുന്നത് ഒരു കൈത്താങ്ങും കടമയുമാണ്. ആരുടെയും ഔദാര്യമല്ല. പക്ഷേ, പലരും ഈ കടമ നിര്‍വഹിക്കാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയാണു പതിവ്. മറ്റാര്‍ക്കും ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളല്ല സേവനരംഗത്തുള്ളവര്‍ ചെയ്യുന്നത്. ഈ ഭൂമിയില്‍ ജീവിക്കുമ്പോള്‍ അറിയാതെ തന്നെ നാം പലരുടെയും ഔദാര്യം പറ്റുന്നുണ്ട്. അങ്ങനെയുള്ള നമുക്കു മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും കഴിയുന്നത് ഏറെ സന്തോഷത്തോടെ നിറവേറ്റേണ്ടതാണ്.


നമ്മളേക്കാള്‍ നന്മ ചെയ്യുന്ന ധാരാളം പേര്‍ ഇവിടെയുണ്െടന്ന ബോധമാണ് തന്നെ നയിക്കാറുള്ളതെന്നും. ഹാര്‍ട്ട് കെയര്‍ ഫൌണ്േടഷന്റെ പുരസ്കാരം ലഭിക്കാന്‍ ഞാന്‍ യോഗ്യനാണോയെന്ന സംശയം നിലനില്‍ക്കുകയാണെന്നും മമ്മൂട്ടി പറഞ്ഞു.

ലിസി ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഹാര്‍ട്ട് കെയര്‍ ഫൌണ്േടഷന്‍ ചെയര്‍മാന്‍ ഡോ.ജോസ് ചാക്കോ പെരിയപ്പുറം സ്വാഗതവും സെക്രട്ടറി രാജു കണ്ണമ്പുഴ നന്ദിയും പറഞ്ഞു. ലിസി ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയരായ ആറു പേര്‍ക്കു മമ്മൂട്ടി ഉപഹാരങ്ങള്‍ സമ്മാനിച്ചു. സപ്തതിയിലെത്തിയ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ചടങ്ങില്‍ മമ്മൂട്ടി മധുരം നല്‍കി.

ഹൃദയശസ്ത്രക്രിയയ്ക്കു വിധേയരായ 600 രോഗികളും കുടുംബാംഗങ്ങളും സംഗമത്തില്‍ പങ്കെടുത്തു. പ്രമുഖ ഹൃദ്രോഗ വിദഗ്ധരായ ഡോ.റോണി മാത്യു കടവില്‍, ഡോ.ജോ ജോസഫ്, ഡോ. ജേക്കബ് ഏബ്രഹാം, ഡോ.എ.കെ. റഫീഖ്, ഡോ.ജീവന്‍ തോമസ്, ന്യുട്രീഷനിസ്റ് ഡോ.നിഷാ വിക്രമന്‍, ഫിസിയോതെറാപ്പിസ്റ് ഡാനി ജോസ് എന്നിവര്‍ ക്ളാസുകള്‍ നയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.