നഴ്സിംഗ് റിക്രൂട്ട്മെന്റ്: ഉതുപ്പ് വര്‍ഗീസിനെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം
Tuesday, April 21, 2015 12:08 AM IST
കൊച്ചി: കുവൈത്ത് നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പുകേസിലെ മുഖ്യകണ്ണിയെന്നു കരുതുന്ന അല്‍ സറാഫ ട്രാവല്‍ ആന്‍ഡ് മാന്‍പവര്‍ കണ്‍സള്‍ട്ടന്റ്സ് ഉടമ കോട്ടയം മണര്‍കാട് സ്വദേശി ഉതുപ്പ് വര്‍ഗീസിനെ പിടികൂടാന്‍ സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടും.

കൊച്ചിയിലെ സിബിഐ കാര്യാലയത്തില്‍ ഹാജരാകാന്‍ ഉതുപ്പ് വര്‍ഗീസിനു സിബിഐ ഇ-മെയിലിലൂടെ നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ രാവിലെ പത്തിനകം ഹാജരാകണമെന്നാണു നിര്‍ദേശിച്ചിരുന്നത്. വിദേശത്തുള്ള പ്രതി ഹാജരാകാത്ത സാഹചര്യത്തിലാണ് ഇന്റര്‍പോളിന്റെ സഹായം തേടുന്നത്. കുവൈത്തില്‍നിന്ന് ഉതുപ്പ് വര്‍ഗീസിനെ വരുത്തി കേസിലെ ഒന്നാം പ്രതിയായ കൊച്ചിയിലെ പ്രോട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് അഡോള്‍ഫസ് ലോറന്‍സിനോടൊപ്പം ചോദ്യംചെയ്യാനാണു സിബിഐ ശ്രമിച്ചത്. അഡോള്‍ഫസ് ഹാജരായെങ്കിലും ഉതുപ്പ് വര്‍ഗീസ് എത്തിയില്ല. അതിനാല്‍ ഇരുവരെയും ഒരുമിച്ചു ചോദ്യം ചെയ്യാനായില്ല.


ഉതുപ്പ് വര്‍ഗീസിനായി സിബിഐ ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിക്കും. അതേസമയം, കുവൈത്തിലുണ്ടായിരുന്ന ഉതുപ്പ് വര്‍ഗീസ് പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ അവിടെനിന്നു മുങ്ങിയതായി സൂചനയുണ്ട്. ഉതുപ്പ് വര്‍ഗീസിന്റെ ഭാര്യയും മക്കളും യുഎഇയിലെ അബുദാബിയിലാണ്. എന്നാല്‍ സിബിഐ ഇന്റര്‍പോളിനെ സമീപിച്ച സാഹചര്യത്തില്‍ ഗള്‍ഫില്‍ നിന്നുതന്നെ ഉതുപ്പ് കടന്നുകളഞ്ഞെന്നാണ് പുറത്തുവരുന്ന വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.