സര്‍വത്ര ആശയക്കുഴപ്പവുമായി പത്താംക്ളാസ് ഫലപ്രഖ്യാപനം
Tuesday, April 21, 2015 12:22 AM IST
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരുടെ ദുരഭിമാനം മൂലം എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ വ്യാപക താളപ്പിഴ. ഏപ്രില്‍ 20നു തന്നെ ഫലപ്രഖ്യാപനം നടത്തണമെന്നു ചിലര്‍ വാശിപിടിച്ചതോടെ എങ്ങനെയും ഫലപ്രഖ്യാപനം പൂര്‍ത്തിയാക്കണമെന്ന നിലയിലായി. ഇതോടെയാണു ഫലപ്രഖ്യാപനം അബദ്ധങ്ങളുടെ കൂമ്പാരമായത്. രണ്ടു ദിവസം സാവകാശം എടുത്തു ഫലപ്രഖ്യാപനം നടത്തിയിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന അബദ്ധങ്ങളാണു ഫലപ്രഖ്യാപനം തിടുക്കത്തിലാക്കിയതു മൂലം ഉണ്ടായത്. പല കുട്ടികളുടെയും പരീക്ഷാഫലം പ്രഖ്യാപിക്കാതെ തടഞ്ഞുവച്ചിരിക്കുകയാണ്. പത്തും അതിലേറെയും കുട്ടികളുടെ ഫലം തടഞ്ഞുവച്ച സ്കൂളുകളുണ്ട്. തൃശൂര്‍ സെന്റ് ക്ളെയേഴ്സിലെ 18 കുട്ടികളുടെ റിസല്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. ആര്‍എഎല്‍ (റിസല്‍ട്ട് അനൌണ്‍സ് ലേറ്റര്‍) എന്നാണ് ഇവരുടെ രജിസ്റര്‍ നമ്പര്‍ അടിക്കുമ്പോള്‍ കിട്ടുന്നത്. ചേര്‍പ്പ് ലൂര്‍ദ് മാതാ സ്കൂളിലെ 20 കുട്ടികളുടെ റിസല്‍ട്ടിലും ഇതേ പ്രശ്നമുണ്ട്. അതുപോലെ നൂറുമേനി സ്കൂളുകളുടെ വിദ്യാഭ്യാസ ജില്ല തിരിച്ചുള്ള പട്ടിക മറ്റു ജില്ലകളുടേതുമായി കൂടിക്കുഴഞ്ഞതും ആശയക്കുഴപ്പത്തിനിടയാക്കി. കോട്ടയം ജില്ലയിലെ സ്കൂള്‍ ലിസ്റിന്റെ കൂടെ ഗള്‍ഫിലെയും മറ്റു ചില സ്ഥലങ്ങളിലെയും സ്കൂളുകളുടെ പേരും കടന്നുകൂടി. പല ജില്ലകളുടെ ലിസ്റിലും ഇത്തരം കുഴപ്പങ്ങള്‍ വ്യാപകമാണ്. തൃശൂര്‍ വിദ്യാഭ്യാസജില്ലയുടെ പേരുപോലും ലിസ്റില്‍ ഇല്ല. ഈ സ്കൂളുകള്‍ പാലക്കാടിന്റെ കീഴിലാണു വന്നിരിക്കുന്നത്. കോട്ടയം നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും സ്കൂളുകള്‍ വരെ പാലാ വിദ്യാഭ്യാസ ജില്ലയിലാണ് പെടുത്തിയിരിക്കുന്നത്.

മന്ത്രി പ്രഖ്യാപിച്ച വിജയശതമാനവും പരീക്ഷാഭവന്‍ ജില്ല തിരിച്ചു നല്കിയ വിജയ ശതമാനവും തമ്മില്‍ വ്യത്യാസമുണ്ടായി. മന്ത്രി കണ്ണൂര്‍ റവന്യു ജില്ല വിജയ ശതമാനത്തില്‍ ഒന്നാമതെത്തിയെന്നു പ്രഖ്യാപിച്ചു. എന്നാല്‍, പരീക്ഷാഭവന്‍ ജില്ല തിരിച്ചു നല്കിയ വിജയശതമാനക്കണക്കില്‍ കണ്ണൂര്‍ നാലാം സ്ഥാനത്തു മാത്രം. പരീക്ഷാഭവന്റെ കണക്കുപ്രകാരം 98.97 ശതമാനവുമായി കോഴിക്കോട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്. കണ്ണൂരില്‍നിന്നുള്ള 97.99 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചുവെന്നു മന്ത്രി പ്രഖ്യാപിച്ചപ്പോള്‍ പരീക്ഷാഭവന്റെ കണക്കില്‍ കണ്ണൂരിലെ വിജയശതമാനം 98.87.


ഫലപ്രഖ്യാപനത്തോടൊപ്പം നല്കുന്ന സീഡിയില്‍ ഓരോ ജില്ലയിലെയും വിജയശതമാനം ഉള്‍പ്പെടെയുള്ളവ രേഖപ്പെടുത്താറുള്ളതാണ്. എന്നാല്‍, ഇക്കുറി അതുമുണ്ടായില്ല. ഇതോടെ ഓരോ ജില്ലയുടെ വിജയ ശതമാനം പോലും അറിയാന്‍ മാര്‍ഗമില്ലാതായി. ഒടുവില്‍ പരീക്ഷാഭവനില്‍ നേരിട്ടു ചെന്നാണ് ഈ കണക്കുകള്‍ ശേഖരിച്ചത്. അപ്പോഴാണു മന്ത്രി പ്രഖ്യാപിച്ച കണക്കും പരീക്ഷാഭവനിലെ കണക്കും തമ്മിലുള്ള അന്തരവും വെളിപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 16നു ഫലപ്രഖ്യാപനം നടത്തിയെന്നും അതേ ദിവസംതന്നെ ഫലപ്രഖ്യാപനം ഇക്കുറിയും നടത്തണമെന്നുമുള്ള വാശിയിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്. എന്നാല്‍, മൂല്യനിര്‍ണയം പ്രഹസനമാക്കരുതെന്ന് അധ്യാപകസംഘടനകള്‍ ആവശ്യപ്പെട്ടു. എന്നിട്ടും ആദ്യം വഴങ്ങാന്‍ അധികാരികള്‍ തയാറായില്ല. ഒടുവില്‍ അധ്യാപക സംഘടനകള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്നു മൂല്യനിര്‍ണയത്തിനു മൂന്നു ദിവസങ്ങള്‍ കൂടി നല്കുകയും 20 ഫലപ്രഖ്യാപനം നടത്തുമെന്നു പ്രഖ്യാപിക്കുകയുമായിരുന്നു. എന്നാല്‍, പറഞ്ഞ ദിവസം ടാബുലേഷന്‍ പൂര്‍ത്തിയാക്കാനും സാധിച്ചില്ല. ഒടുവില്‍ തിരക്കിട്ട് രാത്രി വൈകിയും ജോലി ചെയ്ത് ഈ നടപടിയും പൂര്‍ത്തിയാക്കി.

ഫലപ്രഖ്യാപനത്തിനു മുന്നോടിയായി ഞായറാഴ്ച പരീക്ഷാ ബോര്‍ഡ് ചേര്‍ന്നെങ്കിലും ആദ്യം ഫലപ്രഖ്യാപനത്തിന് അംഗീകാരം നല്കിയിരുന്നില്ല. നിരവധി താളപ്പിഴകള്‍ കണ്െടത്തിയതിനെത്തുടര്‍ന്നാണ് ആദ്യയോഗത്തില്‍ അംഗീകാരം നല്കാത്തതെന്നും സൂചനയുണ്ടായിരുന്നു. തുടര്‍ന്ന് ഇന്നലെ വീണ്ടും യോഗം ചേര്‍ന്ന് അംഗീകാരം നല്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.