എംജി യൂണിവേഴ്സിറ്റിയില്‍ സ്പെഷല്‍ കോണ്‍വൊക്കേഷന്‍ ഇന്ന്
Tuesday, April 21, 2015 12:24 AM IST
കോട്ടയം: മംഗള്‍യാന്‍ ദൌത്യവിജയവും ക്രയോജനിക് സാങ്കേതിക വിദ്യയില്‍ സ്വയംപര്യാപ്തതയും കരസ്ഥമാക്കിയ ഐഎസ്ആര്‍ഒ മുന്‍ മേധാവി ഡോ. കെ. രാധാകൃഷ്ണനെ ഡോക്ടര്‍ ഓഫ് സയന്‍സ് ബിരുദം നല്‍കി എംജി സര്‍വകലാശാല ഇന്ന് ആദരിക്കും. സര്‍വകലാശാലയുടെ 32 വര്‍ഷത്തെ ചരിത്രത്തില്‍ നടക്കുന്ന ആറാമത് സ്പെഷല്‍ കോണ്‍വൊക്കേഷനില്‍ ഗവര്‍ണര്‍ ജസ്റീസ് (റിട്ടയേര്‍ഡ്) പി. സദാശിവം മുഖ്യാതിഥിയായി പങ്കെടുക്കും. രാവിലെ 11.30ന് സര്‍വകലാശാല അസംബ്ളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് പങ്കെടുക്കും.

ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആചാര ചടങ്ങുകള്‍ സ്റുഡന്റ്സ് സെന്ററിന്റെ മുന്‍വശത്ത് നിന്നുള്ള അക്കാദമിക ഘോഷയാത്രയോടെ ആരംഭിക്കും. രജിസ്ട്രാര്‍, സിന്‍ഡിക്കറ്റംഗങ്ങള്‍, സെനറ്റംഗങ്ങള്‍, ഡീന്‍ ഓഫ് ഫാക്കല്‍റ്റീസ്, പ്രൊ വൈസ് ചാന്‍സലര്‍, വൈസ് ചാന്‍സലര്‍, പ്രൊ ചാന്‍സലര്‍, ചാന്‍സലര്‍ എന്നിവര്‍ ദക്ഷിണ നാവികസേനയുടെ ബാന്‍ഡിന്റെ അകമ്പടിയോടെ അസംബ്ളി ഹാളിലേക്ക് പ്രവേശിക്കും. അക്കാദമിക അംഗവസ്ത്രം ധരിച്ചായിരിക്കും അധികാരികള്‍ ചടങ്ങില്‍ പങ്കെടുക്കുക.

ഗവര്‍ണര്‍ കൂടിയായ ചാന്‍സലര്‍ ജസ്റീസ് പി. സദാശിവം ബിരുദദാന ചടങ്ങുകള്‍ക്കു തുടക്കമിടും. വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍, ഡോ. കെ. രാധാകൃഷ്ണനെക്കുറിച്ചുള്ള കീര്‍ത്തിപത്രം വായിച്ച് സമര്‍പ്പിക്കും. തുടര്‍ന്ന് ഗവര്‍ണര്‍ ബഹുമതി ബിരുദം ഒപ്പിട്ട് ഡോ.കെ. രാധാകൃഷ്ണനു കൈമാറും. പിന്നീട് ഡോ. കെ. രാധാകൃഷ്ണന്റെ ബിരുദ സ്വീകരണ പ്രസംഗവും ഗര്‍ണറുടെ ബിരുദദാന പ്രസംഗവും നടക്കും. തുടര്‍ന്നു ദേശീയഗാനവും അക്കാദമിക മടക്ക ഘോഷയാത്രയും നടക്കും. അക്കാദമിക വേഷഭൂഷാദികളണിഞ്ഞ് മുഖ്യാതിഥികളോടൊപ്പം വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍, പ്രൊ.വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍, രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന പ്രഫ.സാബു തോമസ് എന്നിവര്‍ അക്കാദമിക ഘോഷയാത്രയില്‍ പങ്കെടുക്കും.


ഗവര്‍ണറുടെ ഭാര്യ സരസ്വതി സദാശിവം, ഡോ. കെ. രാധാകൃഷ്ണന്റെ ഭാര്യ പത്മിനി രാധാകൃഷ്ണന്‍, തിരുവനന്തപുരം വിഎസ്എസ് ഡയറക്ടര്‍ ഡോ. എം. ചന്ദ്രദത്തനും ഭാര്യയും, ഐഎസ്ആര്‍ഒ പ്രതിനിധികള്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, കോട്ടയം പ്രസ്ക്ളബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

സര്‍വകലാശാല കാമ്പസില്‍ വിശിഷ്ടാതിഥികള്‍ പങ്കെടുക്കുന്ന പ്രോട്ടോകോള്‍ അധിഷ്ഠിത പരിപാടി നടക്കുന്നതിനാല്‍ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനുശേഷം മാത്രമേ സര്‍വകലാശാല മെയിന്‍ കാമ്പസിലെ ഓഫീസുകളിലേക്ക് വാഹനങ്ങള്‍ കടത്തിവിടുകയും സന്ദര്‍ശകരെ സ്വീകരിക്കുകയും ചെയ്യുകയുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.