പിതാവിന്റെ ചിതയ്ക്കരികില്‍നിന്നു പരീക്ഷയ്ക്കെത്തിയ ഗംഗയ്ക്കു തിളക്കമാര്‍ന്ന നേട്ടം
Tuesday, April 21, 2015 12:30 AM IST
കോലഞ്ചേരി: പിതാവിന്റെ ചിതയ്ക്കരികില്‍നിന്നെത്തി എസ്എസ്എല്‍സി പരീക്ഷയെഴുതിയ ഗംഗയ്ക്കു തിളക്കമാര്‍ന്ന നേട്ടം. പൂതൃക്ക ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥിനിയായ ഗംഗാ രാജാണ് പിതാവിന്റെ അകാല മരണം നല്‍കിയ വേദനക്കിടയിലും എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം കൊയ്തത്. ആറു വിഷയങ്ങള്‍ക്ക് എ പ്ളസ് നേടിയ ഈ മിടുക്കി മറ്റു നാലെണ്ണത്തിന് എ, ബി പ്ളസ്, ബി, സി പ്ളസ് ഗ്രേഡുകളും നേടി. കഴിഞ്ഞ മാര്‍ച്ച് 10ന് ഉച്ചകഴിഞ്ഞാണ് ഗംഗയുടെ പിതാവ് വെട്ടിത്തറ കൊല്ലാട്ടില്‍ രാജു (51) ഹൃദയാഘാതം മൂലം മരിച്ചത്. മലയാളം പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഗംഗ ഇതോടെ ആകെ തളര്‍ന്ന അവസ്ഥയിലായിരുന്നു. തുടര്‍ന്ന് ബാക്കി പരീക്ഷകള്‍ എഴുതേണ്െടന്ന് ബന്ധുക്കള്‍ നിര്‍ദേശിച്ചു. എന്നാല്‍, മരണവിവരമറിഞ്ഞ് രാത്രി വീട്ടിലെത്തിയ പൂതൃക്ക സ്കൂളിലെ അധ്യാപകരടക്കം നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് പിതാവിന്റെ വേര്‍പാടില്‍ തളര്‍ന്ന ഗംഗ പരീക്ഷയെഴുതാന്‍ തീരുമാനിച്ചത്. പിതാവിന്റെ സംസ്കാര ചടങ്ങുകള്‍ക്കു ശേഷം ബന്ധുക്കളോടൊപ്പം ഇംഗ്ളീഷ് പരീക്ഷയെഴുതാന്‍ ഗംഗ എത്തുകയായിരുന്നു. ഫലമെത്തിയപ്പോള്‍ ഇംഗ്ളീഷ് പരീക്ഷക്ക് എ പ്ളസ് ആണ് ഈ മിടുക്കി സ്വന്തമാക്കിയത്. പിതാവിന്റെ അകാല വേര്‍പാടില്‍ വിങ്ങുന്ന മനസുമായി പരീക്ഷയെഴുതിയ ഈ വിദ്യാര്‍ഥിനിയുടെ നേട്ടം നാടിന് ആഹ്ളാദമായി മാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.