രാജ്യസഭാ കടമ്പ കടന്നു; ഇനി പരീക്ഷണനാളുകള്‍
രാജ്യസഭാ കടമ്പ കടന്നു;  ഇനി പരീക്ഷണനാളുകള്‍
Tuesday, April 21, 2015 12:03 AM IST
സാബു ജോണ്‍

തിരുവനന്തപുരം: ഊഹാപോഹ ങ്ങള്‍ ഒരുപാടു പ്രചരിച്ചെങ്കിലും രാജ്യസഭാ തെരഞ്ഞെടുപ്പു കടമ്പ യുഡിഎഫ് വിജയകരമായി പിന്നിട്ടു. എന്നാല്‍, ഇനിയങ്ങോട്ടു കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല.

ചെറുകക്ഷികളുടെ ഉള്‍പ്പെടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി മാത്രമേ മുന്നണിക്കും സര്‍ക്കാരിനും ഇനി മുന്നോട്ടു പോകാന്‍ സാധിക്കൂ. രാഷ്ട്രീയ സാഹചര്യം ദിനം തോറും പ്രതികൂലമായി വന്നുകൊണ്ടിരിക്കുകയാണ്. വരുംദിനങ്ങളില്‍ ചടുലമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കായിരിക്കും കേരളം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

ഇടതുമുന്നണി വിട്ടു വന്ന ജനതാദളിനെയും ആര്‍എസ്പിയെയും മടക്കിക്കൊണ്ടുപോകാന്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ശ്രമം തുടങ്ങി. ഇരുപാര്‍ട്ടികളും മടങ്ങിവരണമെന്നു സിപിഎം നേതാക്കള്‍ പരസ്യമായിത്തന്നെ ആവശ്യപ്പെട്ടുകഴിഞ്ഞു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അവരുടെ പിന്തുണ തേടിയിരുന്നു എന്ന സിപിഐ നിയമസഭാകക്ഷി നേതാവിന്റെ പ്രസ്താവന പ്രസക്തമാണ്. സിപിഎം നേതാക്കള്‍ ഇതു നിഷേധിച്ചെങ്കിലും ഇടനിലക്കാര്‍ വഴി ചില ശ്രമങ്ങള്‍ നടന്നിരുന്നു എന്ന വാര്‍ത്തകള്‍ നേരത്തേതന്നെ പുറത്തുവന്നിരുന്നതാണ്.

ജനതാദള്‍-യു അസംതൃപ്തരാണെന്ന് എം.പി. വീരേന്ദ്രകുമാര്‍ പരസ്യമായി വ്യക്തമാക്കിക്കഴിഞ്ഞു. ജനതാപരിവാറിന്റെ ഏകീകരണം കൂടിയായപ്പോള്‍ അവര്‍ മുന്നണി മാറാനുള്ള സാധ്യത തെളിഞ്ഞുനില്‍ക്കുകയാണ്. ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കി ആര്‍എസ്പിയെ തത്കാലം ഒപ്പം നിര്‍ത്താമെന്ന പ്രതീക്ഷ യുഡിഎഫ് നേതൃത്വത്തിനുണ്ട്. എങ്കിലും ആര്‍എസ്പിയും ഒരു ഭീഷണിയായി യുഡിഎഫിനു മുന്നില്‍ നില്‍ക്കും.

72 അംഗങ്ങള്‍ മാത്രമാണു യുഡിഎഫിനു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ഉണ്ടായിരുന്നത്. എങ്കിലും മുന്നണിയുടെ കെട്ടുറപ്പിനെക്കുറിച്ച് അന്നൊന്നും ആരും ആശങ്ക പ്രകടിപ്പിച്ചിരുന്നില്ല. പ്രതിപക്ഷം തീര്‍ത്തും ദുര്‍ബലവുമായിരുന്നു. എന്നാല്‍, രാഷ്ട്രീയസ്ഥിതി ഇപ്പോള്‍ ആകെ മാറി.

തുടക്കത്തില്‍ യുഡിഎഫ് നില മെച്ചപ്പെടുത്തി വരുകയായിരുന്നു. നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍. ശെല്‍വരാജ് മുന്നണി വിട്ടു വന്നു തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചതോടെ അംഗബലം 73 ആയി. ആര്‍എസ്പികൂടി വന്നതോടെ എംഎല്‍എമാര്‍ 75 ആയി. യുഡിഎഫിന്റെ നില താരതമ്യേന ഭദ്രമായെന്ന് എല്ലാവരും കരുതി.


ഇതിനിടെയാണു കേരള കോണ്‍ഗ്രസ് -ബി മുന്നണി വിടുന്നത്. അതോടെ കെ.ബി. ഗണേഷ്കുമാര്‍ മുന്നണിക്കു പുറത്തായി. മുന്നണിയുടെ അംഗബലം 74 ആയി. ജി. കാര്‍ത്തികേയന്റെ നിര്യാണത്തോടെ അംഗബലം 73 ആയി. പി.സി. ജോര്‍ജ് ഇന്നലെ രാജ്യസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിനു വോട്ട് ചെയ്തെങ്കിലും ഇനിയൊരു വോട്ട് യുഡിഎഫിനുണ്ടാകില്ലെന്ന വ്യക്തമായ സൂചന നല്‍കിക്കഴിഞ്ഞു. ഏതാനും നാളുകള്‍ക്കകം ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവയ്ക്കാനും സാധ്യതയുണ്ട്. ജോര്‍ജ് കൂടി മാറിയാല്‍ അംഗബലം 72 ആകും. ഇനി അരുവിക്കരയില്‍ ബലപരീക്ഷണത്തിന് ഒരുങ്ങുകയും വേണം.

ഈ നേരിയ ഭൂരിപക്ഷത്തില്‍ സര്‍ക്കാര്‍ നില്‍ക്കുമ്പോഴാണു രണ്ടംഗങ്ങളുള്ള ജനതാദള്‍- യുവും ആര്‍എസ്പിയും നിര്‍ണായകമാകുന്നത്. ദുര്‍ബലമാകുന്ന മുന്നണിയില്‍ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പുകളും ശക്തമായി തലപൊക്കുന്നതു പതിവു കാഴ്ചയാണ്. ഇനി അതും സംഭവിച്ചേക്കാം.

ബാര്‍ കോഴ ആക്ഷേപം പുറത്തു വന്നതു മുതല്‍ കേരള കോണ്‍ഗ്രസ്-എം അസ്വസ്ഥരാണ്. ആരോപണത്തിനു പിന്നില്‍ ഭരണപക്ഷത്തുനിന്നുള്ള ഗൂഢാലോചന അവര്‍ സംശയിക്കുന്നുണ്ട്. ഏതായാലും അവരുടെ അസംതൃപ്തിയും മുന്നണിയുടെ കെട്ടുറപ്പിനു ഗുണകരമല്ല.

യുഡിഎഫ് സര്‍ക്കാരിനു വരാനിരിക്കുന്ന നാളുകള്‍ വെല്ലുവിളികളുടേതാണെന്നു ചുരുക്കം. പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടിയായ സിപിഎം പുതിയ നേതൃത്വവുമായാണു തെരഞ്ഞെടുപ്പുകളെ നേരിടാന്‍ ഒരുങ്ങുന്നത്. സ്വാഭാവികമായും പുതിയൊരു ആവേശവും ആത്മവിശ്വാസവും അവര്‍ പ്രകടിപ്പിക്കുന്നുണ്ട്. മാത്രമല്ല അവരെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളാണ്. ഇനിയൊരു തെരഞ്ഞെടുപ്പു പരാജയം കൂടി അവര്‍ക്കു താങ്ങാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പു ജയിക്കാന്‍ അവര്‍ എന്തു പരീക്ഷണത്തിനും തയാറാകും.

ഏതായാലും അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഇരുമുന്നണികള്‍ക്കും ബിജെപിക്കും ശക്തി കാട്ടാനുള്ള അവസരമായി മാറുകയാണ്. പിന്നാലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും വരുന്നു. ഈ വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടാന്‍ യുഡിഎഫിനു സാധിക്കുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.