കാലടിയില്‍ ശങ്കര ജയന്തി മഹോത്സവം ഇന്നു തുടങ്ങും
Tuesday, April 21, 2015 12:32 AM IST
കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ ശങ്കരജയന്തി മഹോത്സവത്തിന് ഇന്നു തുടക്കമാകും. സര്‍വകലാശാലയിലെ തത്വമസി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 4.30ന് സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം നിര്‍വഹിക്കും. 23 വരെ വിപുലമായ പരിപാടികളോടെയാണു ശങ്കരജയന്തി മഹോത്സവം ആഘോഷിക്കുന്നതെന്നു സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.സി. ദിലീപ്കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മഹോത്സവത്തിന്റെ ഭാഗമായി ദേശീയ സെമിനാറുകള്‍, ശാസ്ത്രസംവാദ സദസ്, പെയിന്റിംഗ് എക്സിബിഷന്‍, വിവിധ കാലപരിപാടികള്‍ തുടങ്ങിയവ അരങ്ങേറും. ഇന്നു രാവിലെ 10ന് കൂത്തമ്പലത്തില്‍ ശാസ്ത്രസംവാദ സദസ് നടക്കും.


വൈകുന്നേരം നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കെ. ബാബു അധ്യക്ഷത വഹിക്കും. വൈസ് ചാന്‍സലര്‍ മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എമാരായ കെ. ശിവദാസന്‍ നായര്‍, ജോസ് തെറ്റയില്‍, കാലടി പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. സാബു എന്നിവര്‍ ആശംസ നേരും. എം.പി. അബ്ദുള്‍ സമദ് സമദാനി എംഎല്‍എയുടെ പ്രഭാഷണം ഉണ്ടായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.