പാചകവാതക സമരം ഒത്തുതീര്‍പ്പായി
Tuesday, April 21, 2015 12:05 AM IST
കൊച്ചി: സേവന-വേതന വ്യവസ്ഥകള്‍ പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഉദയംപേരൂര്‍ ഇന്‍ഡേന്‍ പാചകവാതക ബോട്ടിലിംഗ് പ്ളാന്റിലെ കരാര്‍ തൊഴിലാളികള്‍ നടത്തിവന്ന അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പായി. സെന്‍ട്രല്‍ അസിസ്റന്റ് ലേബര്‍ കമ്മീഷണര്‍ യൂജിന്‍ ഗോമസിന്റെ നേതൃത്വത്തില്‍ കാക്കനാട് ഇന്നലെ രാവിലെ 11 മുതല്‍ രാത്രി 7.30 വരെ നീണ്ടുനിന്ന ചര്‍ച്ചയ്ക്കൊടുവിലാണു കഴിഞ്ഞ അഞ്ചു ദിവസമായി നടന്നുവന്ന സമരം ഒത്തുതീര്‍പ്പിലെത്തിയത്.

പുതുക്കിയ നിരക്കു പ്രകാരമുള്ള അനൂകൂല്യങ്ങള്‍ ഫെബ്രുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ലഭ്യമാക്കാമെന്ന വ്യവസ്ഥയിലാണു സമരം തീര്‍ന്നത്. ഇതോടെ ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 4,000 രൂപയുടെ സാമ്പത്തിക ആനുകൂല്യം തൊഴിലാളികള്‍ക്കു ലഭിക്കും. അടിസ്ഥാന ശമ്പളം, ഡിഎ, വീട്ടുവാടക എന്നിവയില്‍ 1,200 രൂപയുടെയും വാഷിംഗ് അലവന്‍സില്‍ 400 രൂപയുടെയും വര്‍ധനയുണ്ടാവും. പുതുക്കിയ നിരക്ക് മേയ് പത്തിനു മുന്‍പ് നല്‍കണമെന്നു കോണ്‍ട്രാക്ടര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം മൂന്നു മാസത്തെ പുതുക്കിയ അലവന്‍സായ 14,040 രൂപ മേയ് പത്തിനു മുന്‍പായി തൊഴിലാളികള്‍ക്കു ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.