മെഴുവേലി കനിഞ്ഞു; അഞ്ചുമണിക്കൂറില്‍ 15 ലക്ഷം
മെഴുവേലി കനിഞ്ഞു; അഞ്ചുമണിക്കൂറില്‍ 15 ലക്ഷം
Tuesday, April 21, 2015 12:06 AM IST
മെഴുവേലി: ജീവിത വഴിയില്‍ വൃക്കരോഗം ഇരുള്‍ വീഴ്ത്തിയ ജലിന്‍ ബോസിനും വിനോദിനും ഇനി വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഒരുങ്ങാം.

മെഴുവേലി ഗ്രാമത്തിലെ ജീവന്‍രക്ഷാ സമിതിയംഗങ്ങളും പ്രത്യാശ പ്രവര്‍ത്തകരും ജനങ്ങളുടെ കനിവറിഞ്ഞു സംതൃപ്തരായി. ജനതയുടെ കാരുണ്യം കരകവിഞ്ഞൊഴുകിയപ്പോള്‍ ഗ്രാമവാസികളായ ഈ നിര്‍ധന രോഗികളുടെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് അഞ്ചു മണിക്കൂറിനുള്ളില്‍ സമാഹരിച്ചതു പതിനഞ്ചുലക്ഷത്തി മുപ്പത്തിനായിരത്തി അറുനൂറ്റി രണ്ട് രൂപ.

നിര്‍ധനരായ ഇവരെ സഹായിക്കാന്‍ ഫാ. സെബാസ്റ്യന്‍ പുന്നശേരിയുടെ നേതൃത്വത്തിലുള്ള ചങ്ങനാശരിേ പ്രത്യാശ ടീമും മെഴുവേലി ഗ്രാമപഞ്ചായത്തും ഒത്തുചേര്‍ന്നു നടത്തിയ ജനകീയ പിരിവില്‍ അഞ്ചുമണിക്കൂര്‍കൊണ്ട് ലക്ഷ്യമിട്ടത് 15 ലക്ഷം രൂപ. മെഴുവേലി ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലാണു രാവിലെ ഒമ്പതു മുതല്‍ മത-സാമുദായിക-രാഷ്ട്രീയ വ്യത്യാസമില്ലാതെ ആയിരത്തോളം സന്നദ്ധപ്രവര്‍ത്തകര്‍ വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് ധനസമാഹരണം നടത്തിയത്.


ജലിന്‍ ബോസിനും വിനോദിനുംവേണ്ടി ജീവന്‍രക്ഷാസമിതിയും ചങ്ങനാശേരി പ്രത്യാശയും സ്വപ്നംകണ്ട പതിനഞ്ചുലക്ഷത്തിനൊപ്പം ഒരു മുപ്പതിനായിരം രൂപയുംകൂടി മെഴുവേലി ഗ്രാമം കനിവിന്റെ കൈനീട്ടമായി നല്‍കി.

ശസ്ത്രക്രിയയ്ക്കു വഴികാണാതെ ജീവിതം വഴിമുട്ടിനിന്നിരുന്ന ഇവരുടെ ദയനീയാവസ്ഥ മനസിലാക്കിയ ഫാ. സെബാസ്റ്യന്‍ പുന്നശേരിയും മെഴുവേലി പഞ്ചായത്തും കഴിഞ്ഞ മൂന്നാഴ്ചകളിലായി നടത്തിയ വാര്‍ഡ് കണ്‍വന്‍ഷനുകള്‍ക്കും ഇതര ബോധവത്കരണ പരിപാടികള്‍ക്കും ശേഷമാണു പൊതുധന സമാഹരണ ദിനമായ ഞായറാഴ്ച അണിചേര്‍ന്നത്. പഞ്ചായത്ത് പ്രസിഡന്റ് എന്‍. സുലോചന, വൈസ് പ്രസിഡന്റ് രാജു സ്കറിയ, ജനറല്‍ കണ്‍വീനര്‍ വി. സലിം, ജോയിന്റ് കണ്‍വീനര്‍ സി.എസ്. അനീഷ്മോന്‍, സിബിച്ചന്‍ തരകന്‍പറമ്പില്‍, ടോണി പുളിക്കന്‍, രാജു ജോര്‍ജ്, തോമസ് തേവലക്കര എന്നിവര്‍ വിവിധ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. ഉച്ചകഴിഞ്ഞു നടന്ന പൊതുസമ്മേളനത്തില്‍ ഫാ. സെബാസ്റ്യന്‍ പുന്നശേരി രോഗികളുടെ ബന്ധുക്കള്‍ക്കു പ്രതീകാത്മകമായി തുക കൈമാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.