മുഖപ്രസംഗം: ചുറ്റുവട്ട ശുചിത്വം ജനകീയ ദൌത്യം
Saturday, April 25, 2015 11:17 PM IST
പരിസരശുചിത്വം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ പ്രാദേശികതലത്തിലുള്ള പരിപാടികളും വ്യക്തികള്‍ മുന്‍കൈയെടുത്തു നടത്തുന്ന ശ്രമങ്ങളും വലിയ ഫലങ്ങള്‍ ഉളവാക്കാറുണ്ട്. അവയെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും മാതൃകയാക്കാനും സാധിക്കണം. നന്മയൊന്നുമില്ലാത്ത പലതിനെയും വാഴ്ത്താനും സമൂഹത്തിനു ദ്രോഹകരമായ പലതിനെയും അനുകരിക്കാനും വ്യഗ്രത കാട്ടുന്നവര്‍ക്ക്, സമൂഹത്തിനു ഗുണകരമായ ശ്രമദാനങ്ങള്‍ പോലുള്ള പരിപാടികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചോദനമേകുന്നില്ല എന്നതു ഖേദകരമാണ്.

രാജ്യത്തെ ഏറ്റവും മികച്ച പഞ്ചായത്തീരാജ് പ്രവര്‍ത്തനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം ഇത്തവണ കേരളത്തിനാണു ലഭിച്ചത്. ഗ്രാമതലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും വികസന മാതൃകകളുമാണു കേരളത്തിന് ഇത്തരമൊരു പുരസ്കാരം ലഭിക്കാന്‍ ഇടയാക്കിയത്. ഗവണ്‍മെന്റ് സംവിധാനങ്ങള്‍ക്കുപോലും സാധ്യമല്ലാത്ത കാര്യങ്ങള്‍ ചില ഗ്രാമീണ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പലേടത്തും നടക്കാറുണ്ട്. നല്ല നേതൃത്വം ഉണ്ടായിരിക്കുകയും സേവനതത്പരതയുള്ള ജനങ്ങള്‍ ആത്മാര്‍ഥമായി സഹകരിക്കുകയും ചെയ്യുന്നതാണ് ഇത്തരം പദ്ധതികള്‍ വിജയിക്കുന്നതിനു കാരണം. നമ്മുടെ സമൂഹത്തില്‍ ഉണ്ടായിരുന്നതും ഇപ്പോള്‍ മാഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്നതുമായ നല്ല ശീലങ്ങളും സഹായമനോഭാവവും തിരികെ കൊണ്ടുവരാനും പുതുതലമുറയിലേക്ക് അവ പകര്‍ന്നുകൊടുക്കാനും ഇത്തരം സംരംഭങ്ങള്‍ സഹായകമാകും.

പരിസരശുചിത്വത്തിനുവേണ്ടി സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ത്തന്നെ പല പദ്ധതികളും നടപ്പാക്കുന്നു. സ്വച്ഛ്ഭാരത് ദേശീയ തലത്തിലുള്ള ശുചിത്വപരിപാടിയാണ്. ഇതിന്റെയൊക്കെ പ്രചാരണത്തിനായി പ്രശസ്ത വ്യക്തികളും രംഗത്തുണ്ട്. എന്നിട്ടും കാര്യമായ മാറ്റം അടിസ്ഥാനതലത്തില്‍ ഉണ്ടാവുന്നില്ല. അതേസമയം റെസിഡന്റ്സ് അസോസിയേഷനുകളും അതുപോലെയുള്ള പ്രാദേശിക കൂട്ടായ്മകളും വളരെ കാര്യക്ഷമമായി ഇത്തരം മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ വര്‍ഷം പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു കേരളത്തില്‍ പങ്കാളിത്ത പരിസ്ഥിതി പരിപാലന പദ്ധതിക്കു തുടക്കമിട്ടിരുന്നു. ജനപങ്കാളിത്തത്തോടെ പുഴകളും ജലാശയങ്ങളും ശുചീകരിക്കുക, സസ്യ-ജന്തുജാലങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. പരിസ്ഥിതിയുടെ തത്സ്ഥിതി പരിപാലിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതും പ്രധാന ലക്ഷ്യമായിരുന്നു. പരിസ്ഥിതി-വനം വകുപ്പുകള്‍, ജൈവവൈവിധ്യ ബോര്‍ഡ്, കുടുംബശ്രീ-ജനശ്രീ പദ്ധതികള്‍ എന്നിവയിലൂടെയൊക്കെ ലക്ഷ്യസാക്ഷാത്കാരത്തിനു ശ്രമം നടന്നു. സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള പദ്ധതികളുടെ പരിമിതിയും ആരംഭശൂരത്വവും ഇവിടെയും പ്രകടമായിരുന്നു.

വിനോദസഞ്ചാര കേന്ദ്രങ്ങളെ മാലിന്യവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ 'കേരള: വേസ്റ് -ഫ്രീ ഡെസ്റിനേഷന്‍' എന്നൊരു പദ്ധതി ടൂറിസം വകുപ്പ് നടപ്പാക്കി. സംസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വൃത്തിയായും ഭംഗിയായും സൂക്ഷിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. സന്നദ്ധ സംഘടനകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിച്ചത്. പക്ഷേ പൂര്‍ണമായ സഹകരണം ലഭ്യമാകാത്തതിനാല്‍ പലേടത്തും പേരിനു മാത്രമായി പദ്ധതികള്‍.


നമ്മുടെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ അവസ്ഥ സംസ്ഥാനത്തിനു നാണക്കേടുണ്ടാക്കുന്നതാണ്. തികച്ചും മലിനമാണു പല കേന്ദ്രങ്ങളും. കടലോര-കായലോര ടൂറിസം അഭിവൃദ്ധിപ്പെട്ടിരിക്കുന്ന പ്രദേശങ്ങളില്‍ കടലോരവും കായലും മാലിന്യം നിറഞ്ഞിരിക്കുകയാണ്. ഹൌസ് ബോട്ടുകളുടെ എണ്ണം വര്‍ധിച്ചതോടെ കായലുകളിലേക്ക് ഒഴുകുന്ന മാലിന്യങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചു. മനുഷ്യ വിസര്‍ജ്യം ഉള്‍പ്പെടെയുള്ളവ വെള്ളത്തിലേക്ക് നിര്‍ബാധം ഒഴുക്കിവിടുന്നതു നിരോധിക്കാനോ നിയന്ത്രിക്കാനോ അധികൃതര്‍ക്കു സാധിക്കുന്നില്ല.

വേനല്‍മഴ ഇത്തവണ നന്നായി ലഭിച്ചതിനാല്‍ കുടിവെള്ള ക്ഷാമത്തിന് ആശ്വാസമായെങ്കിലും മഴവെള്ളം കെട്ടിക്കിടന്നും ജലജന്യ രോഗങ്ങള്‍ പെരുകിയും പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. പ്ളാസ്റിക് മാലിന്യങ്ങളുയര്‍ത്തുന്ന പ്രശ്നം അതീവ ഗുരുതരമാണ്. പൊതു പരിസരത്തിന്റെ ശുചീകരണത്തെക്കുറിച്ചു വളരെ തെറ്റായ കാഴ്ചപ്പാടാണു നമുക്കുള്ളത്. പുലര്‍കാലത്ത് കുളിച്ചു ശുദ്ധിവരുത്തി തലേദിവസത്തെ മാലിന്യം പ്ളാസ്റിക് കൂടിലാക്കി കാറില്‍ വഴിയോരത്തു കൊണ്െടറിയുന്നതാണ് ഇപ്പോള്‍ നമ്മുടെ 'ശുചിത്വബോധം'.

യുവാക്കളെയും കുട്ടികളെയുമൊക്കെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിസര ശുചിത്വ യജ്ഞങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. വരുംതലമുറയ്ക്കു വൃത്തിയുടെയും വെടിപ്പിന്റെയും പാഠങ്ങള്‍ ഇങ്ങനെയെങ്കിലും പറഞ്ഞുകൊടുക്കണം. തൃശൂര്‍ ജില്ലയിലെ പുത്തൂര്‍ ഗ്രാമം ഒന്നടങ്കം രണ്ടു മണിക്കൂര്‍ ഹര്‍ത്താല്‍ ആചരിച്ചു ശുചിത്വയജ്ഞം നടത്തുകയാണ്. കടകളും വ്യവസായ സ്ഥാപനങ്ങളും അടച്ചിട്ട് വീട്ടില്‍ ചടഞ്ഞുകൂടിയിരിക്കുകയോ ഹര്‍ത്താല്‍ ആഘോഷങ്ങളില്‍ മുഴുകുകയോ അല്ല ആ നാട്ടുകാര്‍ ചെയ്യുന്നത്. അവര്‍ നാട്ടിലേക്കിറങ്ങുകയാണ്. വാഹനം ആരും തടയില്ല. പക്ഷേ നാട്ടുകാര്‍ വാഹനമോടിക്കാതെ ശുചിത്വ പരിപാടിയില്‍ പങ്കെടുക്കും. ജനപങ്കാളിത്തത്തിലൂടെ പൊതുസമൂഹത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്താനാവുമെന്നു തെളിയിച്ച സംഭവങ്ങളുടെ കൂട്ടത്തില്‍ പുത്തൂരിലെ ശുചിത്വ ഹര്‍ത്താലിനു സ്ഥാനമുണ്ട്.

നമ്മുടെ ചുറ്റുവട്ടത്തിന്റെ ശുചിത്വം നമ്മുടെ ചുമതലയാണെന്ന ബോധ്യമാണ് ആദ്യമേ ഉണ്ടാവേണ്ടത്. അതു രൂപപ്പെടുത്താന്‍ സെലിബ്രിറ്റികളുടെ ആഹ്വാനമോ സര്‍ക്കാരിന്റെ സഹായമോ ഒന്നും ആവശ്യമില്ല. പുത്തൂരിലെ ഗ്രാമവാസികള്‍ കാണിച്ചുതന്ന നല്ല മാതൃക എല്ലാ പഞ്ചായത്തുകള്‍ക്കും കൂട്ടായ്മകള്‍ക്കും പാഠമാക്കാം. പരിസ്ഥിതി സംരക്ഷണത്തിനുള്ള ലളിതപാഠങ്ങള്‍ നമുക്കു ചുറ്റുമുള്ളപ്പോള്‍ വേറെ മാതൃക തേടിപ്പോകേണ്ടതുമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.