സുബ്രഹ്മണ്യം കമ്മിറ്റി റിപ്പോര്‍ട്ട്: വനംമന്ത്രിയുടെ നിലപാട് ദുരുദ്ദേശ്യപരമെന്നു ഹൈറേഞ്ച് സംരക്ഷണ സമിതി
Saturday, April 25, 2015 12:24 AM IST
കട്ടപ്പന: 1980-ലെ വനം സംരക്ഷണനിയമം, 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമം ഉള്‍പ്പെടെ അഞ്ചു പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ പരിശോധിച്ച് കാലാനുസൃതമായ മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ നിയോഗിക്കപ്പെട്ട ടി.എസ്.ആര്‍. സുബ്രഹ്മണ്യം കമ്മിറ്റി റിപ്പോര്‍ട്ടിനെതിരേയുള്ള വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതികരണം ദുരുദ്ദേശപരമാണെന്ന് ഹൈറേഞ്ച് സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്യന്‍ കൊച്ചുപുരയ്ക്കല്‍.

പൊതുനന്മയെക്കാള്‍ മറ്റാരുടെയൊക്കെയോ താത്പര്യങ്ങള്‍ക്കുവേണ്ടിയാണ് മന്ത്രിയുടെ പ്രതികരണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പരിസ്ഥിതി നിയമങ്ങളില്‍ വെള്ളംചേര്‍ക്കുന്നതിനുള്ള ശിപാര്‍ശകളാണ് കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളതെന്നാണ് മന്ത്രി പറയുന്നത്. കോര്‍പറേറ്റുകള്‍ക്ക് വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള പരിസ്ഥിതി അനുമതി അനായാസം നേടിയെടുക്കുന്നതിനാണ് ഈ ശിപാര്‍ശകളെന്നും മന്ത്രി പറയുന്നു.

നിലവിലുള്ള പരിസ്ഥിതി നിയമങ്ങളിലെ പല വ്യവസ്ഥകളും ഏറ്റവുംകൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നത് കര്‍ഷക, ആദിവാസി മേഖലകളെയാണ്. മലയോര മേഖലകളില്‍ ദശാബ്ദങ്ങളായി കൃഷിചെയ്തു അനുഭവിച്ചുവരുന്ന ഭൂമിക്ക് പട്ടയം നിഷേധിക്കുന്നതും കൃഷിയിടങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും ഉള്‍പ്പെടുത്തി വന്യജീവി ഇടനാഴിയും സംരക്ഷിത മേഖലയും സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്ന കാര്യങ്ങളാണ്. പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ പേരില്‍ വന്യമൃഗങ്ങള്‍ പെറ്റുപെരുകുന്നതും അവ ജനവാസ കേന്ദ്രങ്ങളിലിറങ്ങി കൃഷി നശിപ്പിക്കുന്നതും പ്രദേശവാസികള്‍ക്ക് ജീവഹാനി സൃഷ്ടിക്കുന്നതും തടയാനാകുന്നില്ല. നന്നായി കൃഷിചെയ്തു സംരക്ഷിക്കുന്ന പ്രദേശങ്ങളില്‍ വൃക്ഷമേലാപ്പ് വളരെ കൂടുതലുള്ളതുകൊണ്ട് അതെല്ലാം വനമാണെന്ന വ്യാജേന നടപടികളെടുക്കുന്നതും ഇവിടെ നിത്യസംഭവമാണ്. ദുരിതങ്ങളുടെ നടുവില്‍കഴിയുന്ന ആദിവാസി മേഖലകളിലെത്തുന്നതിന് സഞ്ചാരയോഗ്യമായ റോഡ് നിര്‍മിക്കുന്നതിനുപോലും ഇന്നത്തെ നിയമങ്ങള്‍ തടസമാണ്.1927-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നടപ്പാക്കിയ ഇന്ത്യന്‍ ഫോറസ്റ്റ് ആക്ട് 1927 ആണ് ഇപ്പോഴും രാജ്യത്തുള്ളത്. വനം എന്നാല്‍ എന്താണെന്നു കൃത്യമായി നിര്‍വചിച്ചിട്ടില്ലാത്ത ഈ നിയമത്തിലെ പഴുതുകളാണ് കൃഷിഭൂമികളും തോട്ടങ്ങളും ഇഎഫ്എല്‍, ഇഎസ്എ തുടങ്ങിയ നിയമങ്ങള്‍വഴി നഷ്ടപരിഹാരംപോലും നല്‍കാതെ പിടിച്ചെടുക്കാനും അന്യവത്കരിക്കാനും അവസരം നല്‍കിയത്. വനത്തിന് കൃത്യമായ നിര്‍വചനം നല്‍കണമെന്നും സ്വകാര്യ ഭൂമിയിലുള്ള തോട്ടങ്ങള്‍ വനത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തരുതെന്നും കര്‍ഷകര്‍ നട്ടുപിടിപ്പിക്കുന്ന മരങ്ങള്‍ മുറിക്കാനുള്ള അവകാശം നല്‍കണമെന്നുമുള്ള ഈ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതാണെന്ന് ഫാ. സെബാസ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു.


കേരള നിയമസഭ 2003-ല്‍ പാസാക്കിയ ഇഎഫ്എല്‍ നിയമംപോലെ മനുഷ്യജീവിതം ദു:സഹമാക്കുന്ന നിയമങ്ങള്‍ ഉണ്ടാക്കുന്നതും നടപടികളെടുക്കുന്നതും നിയന്ത്രിക്കണം. പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെങ്കിലും അതിന്റെപേരില്‍ കൈവശ കൃഷിഭൂമികള്‍ നഷ്ടപരിഹാരംപോലും നല്‍കാതെ ബലമായി ഏറ്റെടുത്ത് ഉടമസ്ഥരെ വഴിയാധാരമാക്കുന്നത് പരിസ്ഥിതിയുടെ പേരിലുള്ള അന്താരാഷ് ട്ര ഉടമ്പടികള്‍ക്കുവേണ്ടിയാണ്.സുബ്രഹ്്മണ്യം കമ്മിറ്റി റിപ്പോര്‍ട്ട് വിശദമായ ചര്‍ച്ചകള്‍ക്കുശേഷം മാത്രമേ നടപ്പാക്കാവൂ. ഇതിലെ ന്യൂനതകള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ ഗുണദോഷ വശങ്ങളെ സംബന്ധിച്ച് ജനപ്രതിനിധികളുമായിപോലും പ്രാഥമിക ചര്‍ച്ചകള്‍വരെ നടത്താതെ റിപ്പോര്‍ട്ടിനെ ഒന്നടങ്കം ശക്തമായി എതിര്‍ക്കുന്ന പ്രസ്താവന സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടാണോ, വനംമന്ത്രിയുടെ വ്യക്തിപരമായ അഭിപ്രായമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഫാ. സെബാസ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.