ഐഎഎസ് തറവാട്ടിലെ കാരണവര്‍ നൂറിന്റെ നിറവില്‍
ഐഎഎസ് തറവാട്ടിലെ കാരണവര്‍ നൂറിന്റെ നിറവില്‍
Saturday, April 25, 2015 12:28 AM IST
സാബു ജോണ്‍

തിരുവനന്തപുരം: ഐഎഎസ് തറവാട്ടിലെ കാരണവര്‍ നൂറിന്റെ നിറവില്‍. തിരുവിതാംകൂര്‍ സിവില്‍ സര്‍വീസിലെ ആദ്യ ബാച്ചുകാരനും കേരള കേഡറിലെ ആദ്യ ബാച്ച് ഐഎഎസ് ഓഫീസറുമായ സി. തോമസ് ഇന്നു നൂറു വയസ് പൂര്‍ത്തിയാക്കുകയാണ്. കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ഐഎഎസ് ഓഫീസറായ സി. തോമസിനു നൂറ്റിയൊന്നാം പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങളൊന്നുമില്ല.

മക്കളും കൊച്ചുമക്കളുമെല്ലാം ഒത്തുകൂടിയിട്ടുണ്ട്. അവരുമൊത്തു ലളിതമായി പിറന്നാള്‍ ആഘോഷിക്കാനാണ് ഈ കാരണവരുടെ തീരുമാനം. കുറച്ചുകൂടി വിപുലമായ തോതില്‍ ഇക്കുറി ആഘോഷം ഒരുക്കാന്‍ വീട്ടുകാര്‍ ഒരുങ്ങിയെങ്കിലും സി. തോമസ് വിലക്കി. കാരണം മറ്റൊന്നുമല്ല, എല്ലാവരും പരിചയക്കാര്‍, അടുപ്പക്കാര്‍. ആരെയെങ്കിലും വിട്ടുപോയാല്‍ അതൊരു വേദനയാകും.

നൂറാം വയസിലും കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ തോമസിനെ അലട്ടുന്നില്ല. നൂറു പിന്നിടുന്നതിന്റെ ലക്ഷണങ്ങള്‍ കാണാനുമില്ല. എന്നാല്‍, പ്രായത്തിന്റെ ചെറിയ തോതിലുള്ള അരുതായ്മകള്‍ ഇല്ലാതെയുമില്ല.

കവടിയാറിലെ വീടിന്റെ ചുമരുകള്‍ക്കുള്ളിലൊതുങ്ങുകയാണ് ഇന്നു തോമസിന്റെ ജീവിതം. ബുധനാഴ്ചകള്‍ തോറും പാളയത്തെ സിഎസ്ഐ ചര്‍ച്ചില്‍ എത്തി പ്രാര്‍ഥിക്കും. എങ്കിലും തിരക്കിനിടയില്‍ ഇറങ്ങാന്‍ താല്‍പര്യമില്ല. വായനയാണ് ഇന്നും ഇദ്ദേഹത്തിന്റെ പ്രധാന ഹോബി. പുസ്തകങ്ങളും ആനുകാലികങ്ങളും പത്രങ്ങളും കൂട്ടുകാര്‍. ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ പോലും സജീവമായി പിന്തുടരുന്നുണ്ട് ഇന്നും.

1939 ല്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ സിവില്‍ സര്‍വീസ് തുടങ്ങിയപ്പോള്‍ അതിലെ ആദ്യ ബാച്ചില്‍ പെട്ടയാളാണ് സി. തോമസ്. അന്നു സിവില്‍ സര്‍വീസിലെ പ്രസ്റീജ് സര്‍വീസ് ആയിരുന്ന ഐസിഎസിന്റെ നിലവാരത്തിലായിരുന്നത്രെ സര്‍ സി.പി. ഈ സിവില്‍ സര്‍വീസ് വിഭാവനം ചെയ്തിരുന്നത്. പിന്നീട് 1946 ല്‍ സി. തോമസ് കേരള കേഡര്‍ ഐഎഎസിലെത്തിച്ചേര്‍ന്നു.

ഐക്യകേരളം നിലവില്‍ വന്നപ്പോള്‍ അദ്ദേഹം കൃഷി സെക്രട്ടറിയായി. അതിനു മുമ്പു കൃഷി ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പിന്നീട് വനം, ഭക്ഷ്യം, തദ്ദേശസ്വയംഭരണം തുടങ്ങി നിരവധി വകുപ്പുകളുടെ ചുമതല വഹിച്ചു. 1962 മുതല്‍ 66 വരെ ധനകാര്യസെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 1973 ല്‍ റവന്യു ബോര്‍ഡില്‍ ഒന്നാം മെംബറായി. അതേവര്‍ഷം സര്‍വീസില്‍ നിന്നു വിരമിക്കുന്നതിനു മുമ്പ് നാലു മാസത്തോളം ചീഫ് സെക്രട്ടറിയുടെ ചുമതല വഹിക്കുകയും ചെയ്തു. തിരുവിതാംകൂര്‍ സിവില്‍ സര്‍വീസില്‍ ഭരണ, പോലീസ് വിഭാഗങ്ങള്‍ പ്രത്യേകമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ പോലീസ് കുപ്പായവും അണിയേണ്ടി വന്നിട്ടുണ്ട് ഇദ്ദേഹത്തിന്. ആലപ്പുഴയിലും കോട്ടയത്തും എഎസ്പി ആയി സര്‍വീസില്‍ കയറിയ കാലത്തു ജോലി ചെയ്തു. എന്നാല്‍, പോലീസ് ജോലിയോട് അദ്ദേഹത്തിന് അത്ര തന്നെ താല്‍പര്യമുണ്ടായിരുന്നില്ല.


പ്രഗത്ഭനായ ഐഎഎസ് ഓഫീസര്‍ എന്നു പേരെടുത്ത സി. തോമസിന്റെ സേവനം കേരളം പിന്നീടും ഉപയോഗപ്പെടുത്തി. കുട്ടനാട്ടിലെ കാര്‍ഷിക വികസനത്തിനു കാര്യമായ സംഭാവന നല്‍കിയ കേരള ലാന്‍ഡ് ഡവലപ്മെന്റ് കോര്‍പറേഷന്‍ രൂപീകരിച്ചപ്പോള്‍ ആദ്യ മൂന്നുവര്‍ഷം അതിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു അദ്ദേഹം. സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേരളം, കര്‍ണാടകം, തമിഴ്നാട് ഉള്‍പ്പെടുന്ന സതേണ്‍ റീജന്റെ ചുമതലയുള്ള ഡയറക്ടറായി ആറു വര്‍ഷം പ്രവര്‍ത്തിച്ചു. 1981 ല്‍ ശമ്പള കമ്മീഷന്‍ അംഗമായും സേവനമനുഷ്ഠിച്ചു.

ഇന്ത്യയ്ക്കു സ്വാതന്ത്യ്രം കിട്ടുമ്പോള്‍ സി. തോമസ് പാക്കിസ്ഥാനിലായിരുന്നു. അക്കാലത്തു തിരുവിതാംകൂറില്‍ ഭക്ഷ്യക്ഷാമം പതിവായിരുന്നത്രെ. അരി ഇറക്കുമതിക്കു വേണ്ടിയുള്ള ചര്‍ച്ചകള്‍ക്കു തിരുവിതാംകൂര്‍ സര്‍ക്കാര്‍ അദ്ദേഹത്തെ അയച്ചതായിരുന്നു. ലഹള പൊട്ടിപ്പുറപ്പെട്ടതു പെട്ടെന്നായിരുന്നു. ഒടുവില്‍ വളരെ സാഹസികമായി കപ്പല്‍ മാര്‍ഗം മുംബൈയിലേക്കു രക്ഷപ്പെടുകയായിരുന്നു. ധനകാര്യ സെക്രട്ടറിയായിരുന്നപ്പോള്‍ പെന്‍ഷന്‍കാരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചു നിരവധി പേര്‍ക്കു പെന്‍ഷന്‍ ലഭ്യമാക്കിക്കൊടുത്തതാണു സര്‍വീസിലെ ഏറ്റവും വലിയ നേട്ടമായി അദ്ദേഹം ഇന്നും കാണുന്നത്.

സ്കോട്ട്ലന്‍ഡിലുള്ള ഡോ. രവിയാണു മൂത്തമകന്‍. മറ്റൊരു മകന്‍ യാസ്മിന്‍ സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നു വിരമിച്ചു മുംബൈയില്‍ കഴിയുന്നു. മകള്‍ റിട്ടയേര്‍ഡ് പ്രഫസര്‍ റോഷന്‍ തോമസ് ഭര്‍ത്താവ് ഡോ. ജോര്‍ജ് തോമസുമായി തൊട്ടടുത്ത വീട്ടില്‍ കഴിയുന്നു. ആരെയും ബുദ്ധിമുട്ടിക്കാതെയും എല്ലാവര്‍ക്കും കഴിയുന്ന സഹായം ചെയ്തും ജീവിക്കുക എന്നതാണു സി. തോമസിന്റെ എല്ലാ കാലത്തെയും നിലപാട്. നൂറു വയസ് പിന്നിടുമ്പോഴും ആരെയും ബുദ്ധിമുട്ടിക്കാതെയും എല്ലാവര്‍ക്കും മാതൃകയായും ആ ജീവിതം മുന്നോട്ടുപോകുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.