റബര്‍ വിലയിടിവിനെതിരായ സമരത്തില്‍നിന്നു സിപിഎമ്മും പിന്‍മാറുന്നു
റബര്‍ വിലയിടിവിനെതിരായ സമരത്തില്‍നിന്നു സിപിഎമ്മും പിന്‍മാറുന്നു
Saturday, April 25, 2015 12:31 AM IST
കോട്ടയം: റബര്‍ വിലയിടിവിനെതിരേ കര്‍ഷക സംഘടന ഐക്യവേദി നടത്തുന്ന നിരാഹാര സമരത്തില്‍നിന്നും സിപിഎമ്മും പിന്മാറുന്നു. ഐക്യവേദിയുടെ നേതൃത്വത്തില്‍ 27നു റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ കേന്ദ്ര ഓഫീസിനു മുന്നിലാണു സമരം നടത്തുന്നത്. സമരത്തില്‍നിന്നും ബിജെപി നേരത്തെ പിന്മാറിയിരുന്നു. ഇതിനു ശേഷമാണു സിപിഎമ്മും ഇപ്പോള്‍ പിന്മാറുന്നത്. റബര്‍ വിലയിടിവിനു പ്രധാന കാരണക്കാരായ യുപിഎ സര്‍ക്കാരിനു നേതൃത്വം കൊടുത്ത കോണ്‍ഗ്രസിനും ഇപ്പോഴും റബര്‍കര്‍ഷകരെ സഹായിക്കാന്‍ ഒന്നും സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാരിനു നേതൃത്വം കൊടുക്കുന്ന ബിജെപിക്കുമൊപ്പം സമരം നടത്തുന്നതിനോടു സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ കര്‍ഷക സംഘത്തിനു യോജിപ്പില്ല.

റബര്‍ ഉള്‍പ്പടെ കാര്‍ഷിക ഉല്പന്നങ്ങളുടെ വിലയിടിവിനെതിരെ പ്രതിഷേധിക്കാന്‍ രൂപീകരിച്ച പൊതുവേദിയാണു കര്‍ഷക സംഘടന ഐക്യവേദി. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ കര്‍ഷക സംഘടനകള്‍ കര്‍ഷക സംഘടന ഐക്യവേദിയില്‍ അംഗങ്ങളായിരുന്നു. വിവിധ സമരങ്ങളില്‍ ഇവര്‍ ഒരുമിച്ച് സമരം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ റബര്‍ വിലയിടിവിനെതിരെയുള്ള പ്രതിഷേധം കേന്ദ്രസര്‍ക്കാരിനെതിരേയാകുന്നുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ബിജെപിയുടെ പോഷകസംഘടനയായ കര്‍ഷകമോര്‍ച്ച പിന്മാറിയത്. കര്‍ഷകസംഘത്തെ പ്രതിനിധീകരിച്ച് പ്രഫ. എം.ടി. ജോസഫ് മുമ്പു ഐക്യവേദിയുടെ യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ കര്‍ഷക സംഘടന ഐക്യവേദിയില്‍നിന്നു വിട്ടുനില്ക്കുകയാണ്. കര്‍ഷക മോര്‍ച്ചയെ പ്രതിനിധീകരിച്ച് പി.ആര്‍. മുരളീധരനായിരുന്നു പങ്കെടുത്തുവന്നിരുന്നത്.


നിരാഹാര സത്യഗ്രഹത്തെപ്പറ്റി ആലോചിക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ മോര്‍ച്ച, കര്‍ഷകസംഘം പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. സിപിഐയുടെ കിസാന്‍ സഭ, കോണ്‍ഗ്രസിന്റെ കര്‍ഷക കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസിന്റെ കര്‍ഷക യൂണിയന്‍, മുസ്ലീം ലീഗിന്റെ ഐക്യകര്‍ഷകസംഘം തുടങ്ങിയ സംഘടനകള്‍ ഐക്യവേദിയൊടൊപ്പം ചേര്‍ന്നു നില്ക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.