കുടുംബസമേതം ഉംറയ്ക്കു പോയ തീര്‍ഥാടകനെ തിരിച്ചയച്ചു
Saturday, April 25, 2015 12:32 AM IST
നെടുമ്പാശേരി: ഭാര്യയോടും മകനോടുമൊപ്പം ഉംറയ്ക്കു പോയ തീര്‍ഥാടകനെ സൌദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തില്‍നിന്നു പുറത്തിറക്കാതെ തിരിച്ചയച്ചു. തൃശൂര്‍ കൂറ്റനാട് സ്വദേശി മൂസക്കുട്ടിക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്. എല്ലാ യാത്രാരേഖകളും ശരിയാണെന്ന് ഉറപ്പു വരുത്തിയാണു മൂസക്കുട്ടി കൊച്ചിയില്‍നിന്ന് കഴിഞ്ഞ 22ന് എയര്‍ ഇന്ത്യ വിമാനത്തില്‍ സൌദി അറേബ്യയിലേക്കു പോയത്. മൂസക്കുട്ടി സൌദിയില്‍ കരിമ്പട്ടികയിലുള്ള ആളാണെന്നു ജിദ്ദ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം വിധിയെഴുതി അടുത്ത ഫ്ളൈറ്റിനു തിരിച്ചയച്ചു.


24ന് പുലര്‍ച്ചെ മൂസക്കുട്ടി കൊച്ചിയില്‍ തിരിച്ചെത്തി. വിമാന ടിക്കറ്റിന്റെ പണം പ്രത്യേകം കൊടുക്കേണ്ടതായി വന്നു. മൂസക്കുട്ടി സൌദി അറേബ്യയിലേക്ക് ആദ്യമായിട്ടാണു പോയത്. അവിടെ കുറ്റാരോപിതനായി കരിമ്പട്ടികയില്‍ വന്നു എന്ന ആരോപണത്തിന് ഒരു അടിസ്ഥാനവുമില്ലെന്നു മൂസക്കുട്ടി വ്യക്തമാക്കി. ഭാര്യയെയും മകനെയും മറ്റു തീര്‍ഥാടകരോടൊപ്പം വിട്ടാണു മൂസക്കുട്ടി തിരിച്ചെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.