ആയുര്‍വേദ പാരമ്പര്യം തിരിച്ചുപിടിക്കണം: മന്ത്രി മോഹനന്‍
ആയുര്‍വേദ പാരമ്പര്യം തിരിച്ചുപിടിക്കണം: മന്ത്രി മോഹനന്‍
Saturday, April 25, 2015 12:35 AM IST
കണ്ണൂര്‍: ആയുര്‍വേദ പാരമ്പര്യം തിരിച്ചുപിടിക്കണമെന്നും ഈ മേഖലയിലെ കള്ളനാണയങ്ങളെ തിരിച്ചറിയണമെന്നും മന്ത്രി കെ.പി. മോഹനന്‍. ആയുര്‍വേദത്തെക്കുറിച്ച് ഒന്നുമറിയാത്തവര്‍ പോലും വൈദ്യന്മാരാണെന്നു പറഞ്ഞു ചികിത്സ നടത്തുകയാണ്. ഇത്തരക്കാരാണ് ആയുര്‍വേദത്തിനും സംഘടനയ്ക്കും പേരുദോഷമുണ്ടാക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരള ആയുര്‍വേദ പാരമ്പര്യ വൈദ്യഫെഡറേഷന്‍ സംസ്ഥാന സമ്മേളനം കണ്ണൂര്‍ ചേംബര്‍ ഹാളില്‍ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. പാരമ്പര്യ വൈദ്യമേഖലയാകെ മോശമാണെന്ന ചിന്ത ഇത്തരം സംഭവങ്ങള്‍ ജനങ്ങളിലുണ്ടാക്കുന്നു. പണ്ടു വീട്ടിലുള്ളവര്‍ ചെറിയ കാര്യങ്ങള്‍ക്ക് അത്യാവശ്യം നാട്ടുവൈദ്യം പ്രയോഗിച്ചിരുന്നു. ഇന്നാകട്ടെ വിരല്‍ മുറിഞ്ഞാല്‍ പോലും എക്സ്റെയും സ്കാനിംഗും നടത്താന്‍ ആശുപത്രിയിലേക്ക് ഓടുകയാണ്. പാരമ്പര്യത്തെ മറന്നതാണ് ഇതിനു പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എം. ജനാര്‍ദനന്‍ വൈദ്യര്‍ അധ്യക്ഷതവഹിച്ചു.


എം.എസ്. ശാര്‍ങ്ധരന്‍ വൈദ്യര്‍, കെ.എന്‍. രവി വൈദ്യര്‍, ആകാശവാണി പ്രോഗ്രാം ഡയറക്ടര്‍ കെ. ബാലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന പ്രസിഡന്റായി എം.എസ്. ശാര്‍ങ്ധരനെയും ജനറല്‍സെക്രട്ടറിയായി എം. ജനാര്‍ദനനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: പി.കെ. ചന്ദ്രന്‍, ജോസ്, ജി. ബാലകൃഷ്ണന്‍ -വൈസ് പ്രസിഡന്റുമാര്‍), എം.ജി. ജഗദീഷ് -ജോയിന്റ് സെക്രട്ടറി, പി.പി. വേണുഗോപാലന്‍-ട്രഷര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.