ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോ. വാര്‍ഷികം കോട്ടയത്തു നാളെ
Saturday, April 25, 2015 12:35 AM IST
കോട്ടയം: ചെറുകിട സ്വര്‍ണവ്യാപാര രംഗത്തേക്കുള്ള കുത്തകകളുടെ കടന്നുവരവും അശാസ്ത്രീയ നികുതി ഘടനയുംമൂലം സ്വര്‍ണവ്യാപാര രംഗത്തു ചെറുകിട വ്യാപാരികള്‍ക്കും നിലനില്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍. സംസ്ഥാനത്തെ മുഴുവന്‍ സ്വര്‍ണവ്യാപാരികളും കോമ്പൌണ്ടിംഗ് നികുതി ഘടനയിലേക്കു കൊണ്ടുവരാന്‍ നികുതി ഘടനയില്‍ ആവശ്യമായ മാറ്റം വരുത്തണം. അസോസിയേഷന്റെ 70-ാം വാര്‍ഷികസംസ്ഥാനസമ്മേളനം നാളെ കോട്ടയം ഹോട്ടല്‍ വിന്‍സര്‍ കാസില്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. രാവിലെ പത്തിനു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ സംസ്ഥാനപ്രസിഡന്റ ജസ്റ്റിന്‍ പാലാത്ര അധ്യക്ഷതവഹിക്കും. സമ്മേളനത്തില്‍ 70 യുവതികള്‍ക്കുള്ള തൊഴിലുപകരണ വിതരണ ഉദ്ഘാടനം ടി.എം. തോമസ് ഐസക് എംഎല്‍എയും 70 മുതിര്‍ന്ന വ്യാപാരികളെ ആദരിക്കല്‍ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ ടി. നസിറുദീനും 70 വിദ്യാഭ്യാസ അവാര്‍ഡുകളുടെ വിതരണം സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി വി. ചുങ്കത്തും നിര്‍വഹിക്കും. ചെറിയാന്‍ പാലത്ര അവാര്‍ഡ് ദാനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും.


ഉച്ചകഴിഞ്ഞു രണ്ടിനു ചേരുന്ന സമ്മേളനത്തില്‍ സപ്തതി ആഘോഷ സമാപന ഉദ്ഘാടനം മന്ത്രി കെ.എം. മാണി നിര്‍വഹിക്കും. കെ.എം. ജലീല്‍ അധ്യക്ഷതവഹിക്കും. തൊഴിലാളികള്‍ക്കുള്ള സഹായവിതരണ ഉദ്ഘാടനം മന്ത്രി ഷിബു ബേബി ജോണ്‍ നിര്‍വഹിക്കും. പത്രസമ്മേളനത്തില്‍ സംസ്ഥാനപ്രസിഡന്റ് ജസ്റ്റിന്‍ പാലാത്ര, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സി. നടേശന്‍, വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി രാജന്‍ ജെ. തോപ്പില്‍, ജനറല്‍ കണ്‍വീനര്‍ പി.വി. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.