കേരളത്തിലെ പ്രശ്നങ്ങള്‍ പിബി യോഗത്തിനു ശേഷം പരിഹരിക്കും: യെച്ചൂരി
കേരളത്തിലെ പ്രശ്നങ്ങള്‍ പിബി യോഗത്തിനു ശേഷം പരിഹരിക്കും: യെച്ചൂരി
Sunday, April 26, 2015 12:16 AM IST
തിരുവനന്തപുരം: കേരളത്തിലെ പാര്‍ട്ടിയിലുള്ള പ്രശ്നങ്ങള്‍ പോളിറ്റ് ബ്യൂറോ യോഗത്തിനു ശേഷം പരിഹരിക്കുമെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേസരി സ്മാരക ജേര്‍ണലിസ്റ് ട്രസ്റില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

ടി.പി. ചന്ദ്രശേഖരന്‍ വധമുള്‍പ്പെടെ വി.എസ് ഉന്നയിച്ച വിഷയങ്ങളെല്ലാം പാര്‍ട്ടി ചര്‍ച്ച ചെയ്തു തീര്‍പ്പാക്കിയതാണ്. ആ വിഷയങ്ങളില്‍ ഇനി ചര്‍ച്ചയുടെ ആവശ്യമില്ല. വി.എസ്. സംസ്ഥാന സമ്മേളനത്തില്‍ നിന്നു മടങ്ങിയതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പിബി കമ്മീഷനാണു പരിശോധിക്കുന്നത്. പുതിയ പോളിറ്റ് ബ്യൂറോ നിലവില്‍ വന്ന സാഹചര്യത്തില്‍ പി.ബി. കമ്മീഷന്റെ കാര്യത്തിലും മാറ്റമുണ്ടായേക്കുമെന്നു യെച്ചൂരി സൂചിപ്പിച്ചു.

ഇടതുപാര്‍ട്ടികളുടെ ഐക്യമാണ് പാര്‍ട്ടിക്കു മുമ്പിലുള്ള ആദ്യലക്ഷ്യം. സ്വന്തം കരുത്തില്‍ പ്രക്ഷോഭങ്ങള്‍ നടത്താനുള്ള ശക്തി നേടാനാണു ശ്രമിക്കുന്നത്. കേരളത്തിലെ പാര്‍ട്ടി പ്രക്ഷോഭങ്ങള്‍ നടത്തുന്നതില്‍ പരാജയപ്പെടുന്നു എന്ന ആക്ഷേപം ശരിയല്ല. ബജറ്റ് ദിവസം നടത്തിയ പ്രക്ഷോഭം രാജ്യം മുഴുവന്‍ കണ്ടതാണ്.

ആര്‍എസ്പി ദേശീയതലത്തില്‍ ഇടതുസഖ്യത്തിലുള്ളതാണ്. ജനതാപരിവാറിന്റെ ലയനവും നല്ല നിലയില്‍ കാണേണ്ട രാഷ്ട്രീയ സംഭവവികാസമാണ്. ബിജെപിയുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാന്‍ ഇവരുടെ ലയനം സഹായിക്കും.


പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തിയ വാഗ്ദാനങ്ങളെല്ലാം സ്വപ്നംപോലെ തകര്‍ന്നിരിക്കുകയാണ്. പ്രതിസന്ധി രൂക്ഷമാകുന്നതോടെ എതിര്‍ശക്തികള്‍ക്കു യോജിക്കാതിരിക്കാന്‍ സാധിക്കാത്ത സ്ഥിതിവിശേഷം ഉണ്ടാകും.

ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ സാധിച്ചു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ ഒരുമിച്ചുവന്നു. എന്നാല്‍, ഓരോ വിഷയങ്ങളില്‍ മാത്രമാണു കോണ്‍ഗ്രസുമായുള്ള സഹകരണം. സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ അവരുടെ നിലപാടില്‍ മാറ്റമൊന്നും കണ്ടിട്ടില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനുള്ള സാധ്യതയേയില്ല.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ കേരള ഘടകത്തിന്റെ പിന്തുണ കിട്ടിയോ എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് ഏകകണ്ഠമായായിരുന്നു എന്നു യെച്ചൂരി മറുപടി നല്‍കി. ബാക്കിയെല്ലാം മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒപ്പമുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.