കേരളത്തില്‍ നേതൃമാറ്റം തന്റെ അറിവില്‍ ഇല്ലെന്ന് ആന്റണി
കേരളത്തില്‍ നേതൃമാറ്റം തന്റെ അറിവില്‍ ഇല്ലെന്ന് ആന്റണി
Sunday, April 26, 2015 12:17 AM IST
തിരുവനന്തപുരം: സംസ്ഥാന ഭരണതലത്തില്‍ നേതൃമാറ്റം വേണമെന്ന ഐ ഗ്രൂപ്പിന്റെ ആവശ്യം തന്റെ അറിവില്‍ വന്നിട്ടില്ലെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി. ഭരണതലത്തില്‍ നേതൃമാറ്റം വേണമെന്ന് ഐ ഗ്രൂപ്പ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ആന്റണി.

സംസ്ഥാനത്തെ പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ പാര്‍ട്ടി തലത്തില്‍ തന്നെ പരിഹരിക്കും. അതിനു കഴിവുള്ള നേതാക്കള്‍ ഇവിടെത്തന്നെയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള പൊട്ടിത്തെറിയും ഇവിടെ ഉണ്ടാകില്ല. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നില ഭദ്രമാണ്. ഒരു കലാപവും ഉണ്ടാകില്ല. അരുവിക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ഉപതെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്െടന്നും തെരഞ്ഞെടുപ്പു പ്രചാരണത്തിനായി താന്‍ ഇനിയും സംസ്ഥാനത്തു വരുമെന്നും ആന്റണി പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരവരെ മാത്രം ബാധിക്കുന്ന അജന്‍ഡകളുമായി മുന്നോട്ടുപോകാന്‍ പാടില്ല. അഴിമതിയും മദ്യപാനവും വിവാഹമോചനവും അടക്കമുള്ള നിരവധി സാമൂഹിക പ്രശ്നങ്ങള്‍ കേരളം നേരിടുന്നുണ്ട്. സാമൂഹികമായി സംസ്ഥാനത്ത് അടിയൊഴുക്കുകള്‍ ഒട്ടേറെ നടക്കുന്നുണ്ട്. ജീര്‍ണതകള്‍ക്കെതിരേ പോരാടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കഴിയണം. രാഷ്ട്രീയം തെരഞ്ഞെടുപ്പു രാഷ്ട്രീയം മാത്രമല്ല. സാമൂഹിക പരിഷ്കരണവും നവോത്ഥാനവും അടങ്ങുന്നതാണ്.


രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുന്ന കാര്യത്തില്‍ സോണിയഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്നു തക്കസമയത്തു തീരുമാനമെടുക്കും. ഏതു സ്ഥാനത്തിനും രാഹുല്‍ യോഗ്യനാണ്. രാഹുല്‍ ഗാന്ധി മടങ്ങിയെത്തിയതോടെ പുതിയൊരു ആവേശവും ആത്മവിശ്വാസവും കൈവന്നിട്ടുണ്ട്. കര്‍ഷക പ്രശ്നങ്ങളും ഇന്റനെറ്റ് സ്വാതന്ത്യ്രവും അടക്കമുള്ള ജനകീയ പ്രശ്നങ്ങളാണു രാഹുല്‍ ഏറ്റെടുക്കുന്നത്. രാഹുലിന്റെ നേതൃത്വം ജനങ്ങള്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും എക്കാലവും ആവേശം പകരുമെന്നും ആന്റണി പറഞ്ഞു.

കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും. സംഘടനാ തെരഞ്ഞെടുപ്പു പാര്‍ട്ടി പുനഃസംഘടനയെ ഒരു തരത്തിലും ബാധിക്കില്ല. പുനഃസംഘടനയും സംഘടനാ തെരഞ്ഞെടുപ്പും തമ്മില്‍ ബന്ധമില്ലെന്നും ചോദ്യങ്ങള്‍ക്കു മറുപടിയായി അദ്ദേഹം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.