മുഖ്യമന്ത്രിയെ വിസ്തരിക്കണമെന്നു പന്ന്യന്‍ രവീന്ദ്രന്‍
മുഖ്യമന്ത്രിയെ വിസ്തരിക്കണമെന്നു പന്ന്യന്‍ രവീന്ദ്രന്‍
Sunday, April 26, 2015 12:19 AM IST
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലാണു സരിത എസ്. നായര്‍ സോളാര്‍ തട്ടിപ്പു നടത്തിയതെന്നു സിപിഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പന്ന്യന്‍ രവീന്ദ്രന്‍ സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റീസ് ശിവരാജന്‍ കമ്മീഷന്‍ മുന്‍പാകെ മൊഴി നല്‍കി. മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി വിസ്തരിക്കണമെന്നും അദ്ദേഹം കമ്മീഷനോട് അഭ്യര്‍ഥിച്ചു.

കേരളത്തിന്റെ തീരദേശത്ത് 750 മെഗാവാട്ട് ക്ഷമതയുള്ള സോളാര്‍ പ്ളാന്റ് സ്ഥാപിക്കാനായി എംഎന്‍ആര്‍ഇക്ക് മുഖ്യമന്ത്രി കത്തു നല്‍കി. മന്ത്രിസഭായോഗ തീരുമാനം ഇല്ലാതിരിക്കെയാണ് ഇത്തരത്തില്‍ കത്തു നല്‍കിയത്. മുഖ്യമന്ത്രിയുടെ ഇടപെടല്‍ തട്ടിപ്പിനു സഹായകമായിട്ടുണ്ട്. അതുകൊണ്ടു കമ്മീഷന്‍ മുഖ്യമന്ത്രിയെ വിസ്തരിക്കണം. മുഖ്യമന്ത്രി എംഎന്‍ആര്‍ഇക്ക് നല്‍കിയ കത്ത് കമ്മീഷനു കൈമാറി.

വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നു പ്രചാരണം നടത്തിയാണു സോളാര്‍ തട്ടിപ്പിനു വഴിയൊരുക്കിയത്. സോളാര്‍ പദ്ധതി നടപ്പാക്കേണ്ടത് അനര്‍ട്ടാണെന്നിരിക്കെ പ്രത്യേക ഉദ്ദേശ്യത്തോടെ വൈദ്യുതി വകുപ്പിലെ ഒരു വിഭാഗത്തെ പദ്ധതിക്കായി ഉപയോഗിച്ചു.

പരാതിക്കാരനായ ശ്രീധരന്‍നായരുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സരിത അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. എന്നാല്‍, ഇതു സംബന്ധിച്ച തെളിവുകള്‍ നല്‍കാന്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവിയും അനുബന്ധ ഉപകരണങ്ങളും ഇതുവരെ പരിശോധിച്ചിട്ടില്ല. ഇതിന്റെ കാരണം കമ്മീഷന്‍ അന്വേഷിക്കണം. കേസില്‍ പ്രതിയായ സരിതയുടെ ഡ്രൈവര്‍ക്കു നിയമസഹായം ലഭിക്കാന്‍ മുഖ്യമന്ത്രി സാമ്പത്തികസഹായം നല്‍കിയെന്ന ആരോപണം മുഖ്യമന്ത്രി നിഷേധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി മൊഴിയെടുക്കണം.


പന്ന്യന്‍ രവീന്ദ്രന്‍ മൊഴി നല്‍കുന്നതിനിടെ 12 മണി കഴിഞ്ഞപ്പോള്‍ ചെറുചലനം അനുഭവപ്പെട്ടു. കൊച്ചിയില്‍ ഭൂചലനമുണ്ടായെന്നും സമീപത്തുള്ള കെട്ടിടങ്ങളിലുള്ളവര്‍ താഴേക്ക് ഇറങ്ങിയെന്നും സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ഓഫീസ് എട്ടാം നിലയിലായതിനാല്‍ സിറ്റിംഗ് നിര്‍ത്തിവച്ചു ഹാളിലുണ്ടായിരുന്നവര്‍ താഴേയ്ക്ക് ഇറങ്ങി. പന്ന്യന്റെ മൊഴി മറ്റൊരു ദിവസം തുടരും.

ഭൂചലനം രാഷ്ട്രീയ ഭൂകമ്പത്തിന്റെ സൂചന

സോളാര്‍ കമ്മീഷന്‍ ഇരിക്കുന്ന കെട്ടിടത്തിലുണ്ടായ ഭൂചലനം വരാനിരിക്കുന്ന രാഷ്ട്രീയ ഭൂകമ്പത്തിന്റെ സൂചനയാണെന്നു സിപിഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പന്ന്യന്‍ രവീന്ദ്രന്‍. 'ആദ്യം മുറിക്കുള്ളിലെ മേശയും കസേരയും ചെറുതായി അനങ്ങുന്നതായി തോന്നി. തലകറക്കമാണോ എന്നു സംശയിച്ചു. അപ്പോഴാണു ഭൂചലനമനുഭവപ്പെട്ടതായി കമ്മീഷന്‍ ജസ്റീസ് ശിവരാജന്‍ ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടന്‍ സിറ്റിംഗ് നിര്‍ത്തി എല്ലാവരും പുറത്തിറങ്ങാന്‍ കമ്മീഷന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്ന് മൊഴി നല്‍കല്‍ ഇടയ്ക്കുവച്ചു നിര്‍ത്തി ഇറങ്ങിയ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.