എസ്എസ്എല്‍സി പരീക്ഷാഫലം അന്വേഷിക്കണം: പിജിടിഎ
Sunday, April 26, 2015 12:33 AM IST
കോട്ടയം: 2015ലെ എസ്എസ്എല്‍സി പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടായ പിഴവുകളെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രൈവറ്റ് സ്കൂള്‍ ഗ്രാജ്വേറ്റ് ടീച്ചേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. എസ്എസ്എല്‍സി ടൈംടേബിള്‍ സാധാരണ കുട്ടികള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുള്ളതും രണ്ടര മണിക്കൂര്‍ സമയദൈര്‍ഘ്യമുള്ള പരീക്ഷകളായ ഇംഗ്ളീഷ്, ഗണിതശാസ്ത്രം, സാമൂഹികശാസ്ത്രം എന്നിവയ്ക്ക് മുന്നേ ഒരു ദിവസത്തെ അവധി എല്ലാ വര്‍ഷവും ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍, ഈ വര്‍ഷം ടൈംടേബിളില്‍ മാര്‍ച്ച് 15ന് സാമൂഹികശാസ്ത്രവും തുടര്‍ന്ന് 16ന് ഗണിതശാസ്ത്ര പരീക്ഷയുമാണ് നടത്തിയത്.

റിസള്‍ട്ട് നേരത്തേ വരുന്നതുമൂലം കുട്ടികള്‍ക്ക് യാതൊരു നേട്ടവും ഉണ്ടാകുന്നില്ലെന്നും കഴിഞ്ഞവര്‍ഷം ഏപ്രില്‍ 16ന് റിസള്‍ട്ട് വന്നുവെങ്കിലും മാര്‍ക്ക്ലിസ്റ് ലഭിച്ചത് ജൂണിലും പ്ളസ് വണ്‍ ക്ളാസുകള്‍ ആരംഭിച്ചത് ഓഗസ്റിലുമാണ്. ഇവയൊന്നും പരിഗണിക്കാതെ തിരക്കിട്ട് മൂല്യനിര്‍ണയം നടത്തി ഏപ്രില്‍ 16നോ 20നോ റിസള്‍ട്ട് പ്രഖ്യാപിക്കുമെന്നുള്ള വിദ്യാഭ്യാസ അധികൃതരുടെ വാശിയാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്നും സംസ്ഥാന പ്രസിഡന്റ് സിബി ആന്റണി തെക്കേടത്തിന്റെ അധ്യക്ഷതയില്‍ കോട്ടയം എംടി സെമിനാരി ഹൈസ്കൂളില്‍ ചേര്‍ന്ന പിജിടിഎ സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുധീര്‍ ചന്ദ്രന്‍, സല്‍മോന്‍ സി. കുര്യന്‍, ഫ്രാന്‍സിസ് ജോസഫ്, ഷാജി ജോസഫ്, ബാബു തോമസ്, ഏബ്രഹാം ബഞ്ചമിന്‍, സുരേന്ദ്രന്‍ നായര്‍, ദീപാ കുര്യാക്കോസ്, മിനി ശങ്കരന്‍കുട്ടി, ഷഫീര്‍ കെ., നസിഹത്ത് ബാനു എന്നിവര്‍ പ്രസംഗിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.