കുട്ടിയാന കിണറ്റില്‍ വീണു; കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
കുട്ടിയാന കിണറ്റില്‍ വീണു; കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
Sunday, April 26, 2015 12:38 AM IST
കോതമംഗലം: കുട്ടിയാന കിണറ്റില്‍ വീണതിനെ തുടര്‍ന്ന് കാട്ടാനക്കൂട്ടം നാടുവിറപ്പിക്കുകയും നിരവധിപേരുടെ കൃഷി നശിപ്പിക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാത്രി കുട്ടമ്പുഴ കുറ്റിയാംചാലിലാണ് സംഭവം. ആദ്യം വീണ കിണറ്റില്‍ നിന്നു കരകയറ്റിയ കുട്ടിയാന ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും ആഴമേറിയ മറ്റൊരു കിണറ്റിലും വീണു. ജനവാസമേഖലയിലെത്തിയ കാട്ടാനക്കൂട്ടത്തിലെ കുട്ടിയാനയാണ് കിണറ്റില്‍ വീണത്. ഏതാണ്ട് രണ്ടു വയസു പ്രായമുള്ള കുട്ടിയാനയാണ് കിണറ്റില്‍ വീണത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് പൂയംകുട്ടി വനത്തില്‍ നിന്നു പുഴ നീന്തികടന്ന് കാട്ടാനക്കൂട്ടം കുറ്റിയാംചാലിലെ ജനവാസ മേഖലയിലെത്തിയത്. പയ്യാല അഗസ്റിന്റെ റബര്‍ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറിലാണ് ആദ്യം കുട്ടിയാന വീണത്. കാട്ടാനക്കൂട്ടം ചിന്നംവിളിച്ച് വിറളിപൂണ്ട് തലങ്ങുംവിലങ്ങും ഓടിയതോടെ നാട്ടുകാരും പരിഭ്രാന്തിയിലായി. ഏഴോളം വീട്ടുകാര്‍ വീട് ഉപേക്ഷിച്ച് ബന്ധുവീടുകളിലും മറ്റും അഭയം പ്രാപിച്ചു. പയ്യാല അഗസ്റിന്റെ വീടിന്റെ മതിലും തൊഴുത്തും കൃഷിയും കാട്ടാനക്കൂട്ടം തകര്‍ത്തു. ഈ കുടുംബവും സുരക്ഷിത സ്ഥാനത്തേക്കു മാറി.


ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ വനപാലകരും നാട്ടുകാരും ചേര്‍ന്ന് പടക്കം പൊട്ടിച്ചും മറ്റും കാട്ടാനക്കൂട്ടത്തെ പുഴയ്ക്കു മറുകരയിലേക്ക് തുരത്തി ഓടിക്കുകയായിരുന്നു. പിന്നീട്, കിണറിന്റെ തിട്ടയിടിച്ച് രാവിലെ 5.40ഓടെയാണ് കാട്ടാനക്കുട്ടിയെ കരയ്ക്കുകയറ്റിയത്. ഇവിടെ നിന്നു രക്ഷപ്പെട്ട് വിരണ്േടാടുന്നതിനിടയില്‍ അത് സമീപത്തെ പൊട്ടയ്ക്കല്‍ സ്റീഫന്റെ ആഴമേറിയ കിണറ്റില്‍ വീണ്ടും വീണു. ജെസിബി ഉപയോഗിച്ചാണ് ആനക്കുട്ടിയെ കരയ്ക്കുകയറ്റാന്‍ ചാല്‍ വെട്ടിയത്. മൂന്നു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രാവിലെ ഒമ്പതോടെ ഈ കിണറ്റില്‍ നിന്ന് ആനക്കുട്ടിയെ കരയ്ക്കുകയറ്റി.

സംഭവമറിഞ്ഞ് നൂറുകണക്കിനാളുകളും തടിച്ചുകൂടി. കരയ്ക്കു കയറി ഓടുന്നതിനിടെ ജനക്കൂട്ടത്തിന്റെ ബഹളംകേട്ട് കുട്ടിയാന ആള്‍ക്കുട്ടത്തിനിടയിലേക്ക് പാഞ്ഞുകയറാന്‍ ശ്രമിച്ചതും പരിഭ്രാന്തി പരത്തി. പിന്നീട് പുഴനീന്തിക്കടന്ന് കുട്ടിയാന മറുകരയെത്തി കാട്ടിലേക്ക് ഓടിപ്പോയി. പ്രദേശത്തെ നിരവധിപ്പേരുടെ കൃഷി ഇതിനിടെ കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.