കെട്ടിടങ്ങള്‍ ഉലഞ്ഞു, മതിലുകള്‍ വീണു, എങ്ങും നിലക്കാത്ത നിലവിളി
Sunday, April 26, 2015 12:29 AM IST
റെജി ജോസഫ്

കോട്ടയം: ഇരുപത്തിയഞ്ച് സെക്കന്‍ഡ് സമയം കെട്ടിടങ്ങള്‍ വിറച്ചുതുള്ളുന്ന ഭയാനകമായ സ്ഥിതിവിശേഷമായിരുന്നു. ഉച്ചഭക്ഷണത്തിനിരുന്ന ഞാനും ഒപ്പമുണ്ടായിരുന്ന വൈദികരും ഭൂചലനം ശക്തമാകുന്നതറിഞ്ഞു മൈതാനത്തേക്ക് ഓടിമാറി. ഭയാശങ്കയോടെ നിലവിളിച്ചുകൊണ്ട് ജനം വീടുവിട്ടോടുന്ന കാഴ്ചയാണ് പുറത്തു കാണാനായത്. ഭൂകമ്പം വന്‍ദുരന്തം വിതച്ച നേപ്പാളിലെ ബിരാത് നഗറില്‍നിന്നും കുമളി സ്വദേശിയായ ഫാ. ജോര്‍ജ് കളപ്പുരയ്ക്കല്‍ ദീപികയോടു പറഞ്ഞു.

12.20നായിരുന്നു ചലനത്തിന്റെ തുടക്കം. ആദ്യം മൂന്നു സെക്കന്റ്. തൊട്ടുപിന്നാലെ കൊടുങ്കാറ്റുപോലെ വന്‍ചലനം. ഫാ. ജോര്‍ജ് കളപ്പുരയ്ക്കലിനൊപ്പം തൃശൂര്‍ സ്വദേശി ഫാ. ജോസ് പെല്ലിശേരി, പോണ്ടിച്ചേരി സ്വദേശി ഫാ. അമൃതരാജ് എന്നിവരുമുണ്ടായിരുന്നു. നേപ്പാള്‍ രൂപതയുടെ കീഴില്‍ ബിരാത് നഗറില്‍ ഒരു ചാപ്പലും ഡോണ്‍ ബോസ്കോ സ്കൂളുമാണുള്ളത്. ജീവരക്ഷാര്‍ഥം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ യുള്ളവര്‍ സ്കൂള്‍ മൈതാന ത്തേക്ക് ഓടി വന്നു. ഭയന്നുവിറച്ചുനില്കുമ്പോള്‍ അര മണിക്കൂറിനുള്ളില്‍ വീണ്ടുമൊരു ചലനംകൂടിയുണ്ടായി. മതിലുകള്‍ ഇടിഞ്ഞുവീഴുന്ന കാഴ്ചയാണ് ഇതിനിടയിലെല്ലാം കാണാനായത്. ഇന്നലെ ശനിയാഴ്ചയായിരുന്നതിനാല്‍ സ്കൂള്‍ അവധിയായിരുന്നത് ആശ്വാസമായി. ഡോണ്‍ ബോസ്കോ സ്കൂളില്‍ 500 കുട്ടികള്‍ പഠിക്കുന്നുണ്ട്. സ്കൂള്‍ ദിനത്തിലായിരുന്നു ഈ ദുരന്തമെങ്കില്‍ കുട്ടികള്‍ക്കുണ്ടാകുമായിരുന്ന ഭീതി ചിന്തിക്കാനാകുന്നില്ലെന്നും ഫാ. കളപ്പുരയ്ക്കല്‍ പറഞ്ഞു.

നേപ്പാളിലെ മൂന്നാമത്തെ പ്രധാന നഗരമാണ് ബിരാത് നഗര്‍. കാഠ്മ ണ്ഡുവില്‍നിന്ന് 300 കിലോമീറ്റര്‍ കിഴക്കുമാറിയുള്ള ഈ നഗരത്തില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. റോഡുകള്‍ വിണ്ടുകീറി. പല കെട്ടിടങ്ങളും തകര്‍ച്ചാഭീഷണിയിലാണ്. ഇന്നലെ വൈകുന്നേരം മൂന്നുവരെ ടെലിഫോണുകള്‍ നിശ്ചലമായിരുന്നു. ഇലക്ട്രിക് പോസ്റുകള്‍ നിലംപൊത്തിയതിനാല്‍ വൈദ്യുതി ബന്ധം ഇനിയും എത്തിയിട്ടില്ല. ഭൂചലനത്തിനു പിന്നാലെയുണ്ടായ മഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു തടസം സൃഷ്ടിക്കുന്നതായി ഫാ. കളപ്പുരയ്ക്കല്‍ പറഞ്ഞു.

കാഠ്മണ്ഡുവിലും ഗോര്‍ഖയിലും ഭയാനകമായ ആള്‍നാശവും തകര്‍ച്ചയും സംഭവിച്ചതായി നേപ്പാളിലെതന്നെ ബിര്‍ഖണ്ഡില്‍ സേവനമനുഷ്ഠിക്കുന്ന എസ്എബിഎസ് സന്യാസിനീ സമൂഹത്തിലെ സിസ്റര്‍ ദീപ നീറുവേലില്‍ പറഞ്ഞു. ബിരാദ് ന ഗറില്‍ ഇവര്‍ നടത്തുന്ന സെന്റ് അല്‍ഫോന്‍സാ പ്രൈമറി സ്കൂളില്‍ രക്ഷാകര്‍ത്താക്കള്‍ക്ക് സെമിനാര്‍ നടത്തിക്കൊണ്ടിരിക്കെയാണ് ഉച്ചയ്ക്ക് ഭൂചനം തുടങ്ങിയത്. എല്ലാവരും മുറ്റത്തേക്ക് നിലവിളിച്ചോടി. ഭൂമി കറങ്ങുന്ന പ്രതിതിയായിരുന്നു. വള്ളം ഉലയുമ്പോഴെന്നതുപോലെ മനുഷ്യര്‍ ചാഞ്ഞും ചെരിഞ്ഞും വീണുകൊണ്ടിരുന്നു. ചലനം ശക്തമായപ്പോള്‍ ഭൂമി താഴ്ന്നുപോകുകയാ ണോ എന്നു ഭയന്നു. കെട്ടിടങ്ങള്‍ ആടിയുലയുന്ന കാഴ്ച. ചെറിയ വീടുകളും മതിലുകളും മണ്ണും കല്ലുമായി നിലംപൊത്തിക്കൊണ്ടിരുന്നു. കെട്ടിടങ്ങള്‍ മാത്രമല്ല മരങ്ങളും ആടിയുലഞ്ഞു. ഇരുപതു സെക്കന്റുകള്‍ക്കുശേഷം ചലനം നിലച്ചപ്പോള്‍ കണ്ടതും കേട്ടതുമായി കാഴ്ചകള്‍ ഭയാനകയമായിരുന്നു. മനുഷ്യര്‍ മാത്രമല്ല ആടുമാടുകളും അലറിവിളിക്കുന്നുണ്ടായിരുന്നു.


കാഠ്മണ്ഡുവില്‍ സിപിഎസ് എ ന്ന പേരിലുള്ള മൂന്നു നില സ്കൂളി ന്റെ താഴത്തെ നില മണ്ണില്‍ താഴ്ന്നുപോയി. അവിടെയുള്ള എസ്എബിഎസ് മഠത്തിനുസമീപം വീടു തകര്‍ന്ന് ആള്‍നാശമുണ്ടായിട്ടുണ്ട്. നേപ്പാളില്‍ ജോലി ചെയ്യുന്ന മലയാ ളികള്‍ക്കൊന്നും അപകടം സംഭവിച്ചതായി അറിവില്ല. സന്യാസിനീ സ മൂഹത്തിന്റെ അഞ്ചു മഠങ്ങളിലുള്ള സിസ്റേഴ്സും അഗതി മന്ദിരത്തിലെ അന്തേവാസികളും സുരക്ഷിതരാണ്.

വീടു തര്‍ന്നുപോയ ഒട്ടേറെപ്പേര്‍ ഈ അഗതിമന്ദിരങ്ങളില്‍ അഭയം തേടിയിട്ടുണ്ട്. പഴയ വീടുകള്‍ ഏറെ യും നിലംപൊത്തുകയോ വിള്ളല്‍ വീഴുകയോ ചെയ്തതിനാല്‍ ജന ങ്ങള്‍ വീടുകള്‍ക്ക് പുറത്തു ഭീതിയില്‍ കഴിയുന്നു. ടാര്‍പോളിന്‍ കെട്ടി കുടുംബത്തോടെ കഴിയുന്നവരും ഏറെപ്പേരാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവമാണെങ്കിലും വാര്‍ത്താവിനിമയ തകരാര്‍ വലിയ പരിമിതിയായിരിക്കുന്നു. പ്രധാനപ്പെട്ട റോഡുകളേറെയും വിണ്ടു കീറുകയോ ഇടിഞ്ഞുതാഴുകയോ ചെയ്തിരിക്കുന്നു. ബഹുനില കെട്ടിടങ്ങളില്‍ കഴിയുന്നവരും പുറത്തിറങ്ങി വീണ്ടും ഭൂമി കുലുങ്ങുമെന്ന ഭീതിയില്‍ കഴിയുകയാണ്. ആള്‍നാശത്തിന്റെ യഥാര്‍ഥചിത്രം ഇനിയും വ്യക്തമല്ല. 22 വര്‍ഷമായി നേപ്പാളില്‍ സേവനമനുഷ്ഠിക്കുന്ന സിസ്റര്‍ ദീപ നീറുവേലില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.