വിവാദങ്ങള്‍ക്കിടെ ഇന്ന് യുഡിഎഫ് യോഗം
Tuesday, April 28, 2015 12:26 AM IST
തിരുവനന്തപുരം: യുഡിഎഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മേഖലാ ജാഥകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനായി യുഡിഎഫ് ഏകോപനസമിതി യോഗം ഇന്നു തിരുവനന്തപുരത്തു ചേരുമ്പോള്‍ മുന്നണിക്കുള്ളിലെ ആഭ്യന്തരപ്രശ്നങ്ങളും കടന്നുവന്നേക്കും. പാലക്കാട് പരാജയം അന്വേഷിക്കുന്ന ഉപസമിതി യോഗവും ഇന്നു തിരുവനന്തപുരത്തു ചേരുകയാണ്.

യുഡിഎഫ് ഏകോപനസമിതി അംഗങ്ങളെ കൂടാതെ മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍, ഘടകകക്ഷികളുടെ ജില്ലാ നേതാക്കള്‍, ഡിസിസി പ്രസിഡന്റുമാര്‍, ജില്ലാ യുഡിഎഫ് ചെയര്‍മാന്മാര്‍, കണ്‍വീനര്‍മാര്‍ എന്നിവരുടെ യോഗമാണ് ഇന്നു ചേരുന്നത്. ഉച്ചകഴിഞ്ഞു രണ്ടിനു കെപിസിസി ഓഫീസിലാണു യോഗം. യുഡിഎഫ് മേയ് 19 മുതല്‍ നടത്തുന്ന മേഖലാ ജാഥകള്‍ വിജയിപ്പിക്കാനുള്ള പരിപാടികളെക്കുറിച്ച് ആലോചിക്കുന്നതിനാണു യോഗം ചേരുന്നത്. ജാഥയുടെ റൂട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്നു തീരുമാനിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യോഗം ഉദ്ഘാടനം ചെയ്യും.

എന്നാല്‍, സമീപദിവസങ്ങളില്‍ യുഡിഎഫില്‍ ഉയര്‍ന്നിട്ടുള്ള തര്‍ക്കങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു വന്നേക്കാം. ജനതാദള്‍-യു ഉയര്‍ത്തിയിട്ടുള്ള വിമര്‍ശനങ്ങളാണു പ്രധാനം. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നു യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ജനതാദള്‍ മുന്നണി വിടുന്ന സാഹചര്യമുണ്ടാകുമോ എന്ന ആശങ്ക മുന്നണി നേതാക്കള്‍ക്കുണ്ട്.

പ്രശ്നങ്ങള്‍ യുഡിഎഫില്‍ ചര്‍ച്ചചെയ്തു പരിഹരിക്കണമെന്നു മുസ്ലിംലീഗ് സംസ്ഥാന സമിതിയോഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ നിലയില്‍ മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നും ലീഗ് പറയുന്നു. ഈ സാഹചര്യത്തില്‍ മുന്നണിയില്‍ നിലനില്‍ക്കുന്ന വിവാദ വിഷയങ്ങളെല്ലാം യോഗത്തില്‍ ഉയര്‍ന്നുവരാം. എന്നാല്‍, ജില്ലാതല നേതാക്കളെ കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ യോഗം എന്ന നിലയ്ക്ക് ഇത്തരം രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചു വിശാലമായ ചര്‍ച്ച ഇന്നു നടക്കില്ല. ഇതിനായി വീണ്ടും യോഗം ചേരാനാണു സാധ്യത.


ബാര്‍ കോഴ വിഷയത്തില്‍ മന്ത്രി കെ. ബാബുവിനെതിരേ ഉയര്‍ന്നു വന്ന ആരോപണം മുന്നണിയില്‍ പുതിയ വിഷയമാണ്. ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ്- എമ്മിന് എതിരഭിപ്രായവുമുണ്ട്. കെ.എം. മാണിക്ക് ഒരു നീതി, കെ. ബാബുവിനു മറ്റൊരു നീതി എന്ന ആക്ഷേപം അവര്‍ പരസ്യമായി തന്നെ ഉന്നയിച്ചുകഴിഞ്ഞു. ബാര്‍കോഴ ആരോപണത്തില്‍ വ്യക്തമായ നിലപാടെടുത്തു മുന്നോട്ടു പോകാന്‍ മുന്നണി നേതൃത്വം ബുദ്ധിമുട്ടുമെന്നുറപ്പ്.

ഇതിനിടെ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ എം.പി. വീരേന്ദ്രകുമാര്‍ പരാജപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കുന്ന യുഡിഎഫ് ഉപസമിതിയുടെ റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കുന്നതിനായി ഇന്നു രാവിലെ ഉപസമിതി യോഗം ചേരുന്നുണ്ട്. സാധിക്കുമെങ്കില്‍ റിപ്പോര്‍ട്ട് ഇന്നു സമര്‍പ്പിക്കണമെന്നാണ് ഉപസമിതിയുടെ അഭിപ്രായം. ഈ റിപ്പോര്‍ട്ട് ഇനിയും നീട്ടിക്കൊണ്ടു പോകുന്നതു വഴി മുന്നണി പൊതുസമൂഹത്തില്‍ അപഹാസ്യരാകുകയേ ഉള്ളൂ എന്ന അഭിപ്രായം ഉപസമിതി അംഗങ്ങള്‍ക്കിടയില്‍ തന്നെയുണ്ട്.

ഉപസമിതി ചെയര്‍മാനായിരുന്ന ആര്‍. ബാലകൃഷ്ണപിള്ള മുന്നണി വിട്ടു പോയതോടെയാണു റിപ്പോര്‍ട്ടിന്റെ പേരിലുള്ള വിവാദത്തിനു തുടക്കമായത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ മുന്നോട്ടു പോകുന്നതിലുള്ള അസംതൃപ്തി എം.പി. വീരേന്ദ്രകുമാര്‍ തന്നെ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഉപസമിതി യോഗം ചേര്‍ന്നെങ്കിലും പരാജയത്തിനു കാരണമായവരുടെ പേരു റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതിന്റെ പേരില്‍ തര്‍ക്കമുണ്ടായി. പേരുകള്‍ ഒഴിവാക്കണമെന്ന നിലപാടായിരുന്നു പി.പി. തങ്കച്ചന്‍ കൈക്കൊണ്ടത്. എന്നാല്‍, പേരുകള്‍ ഉള്‍പ്പെടുത്തണമെന്ന നിലപാടില്‍ ജനതാദള്‍ ഉറച്ചുനിന്നു. ഈ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ഇന്ന് ഉപസമിതി വീണ്ടും ചേരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.