നേപ്പാളില്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളായി; സ്കൂള്‍ മൈതാനങ്ങളിലേക്ക് അഭയാര്‍ഥി പ്രവാഹം
നേപ്പാളില്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളായി; സ്കൂള്‍ മൈതാനങ്ങളിലേക്ക് അഭയാര്‍ഥി പ്രവാഹം
Tuesday, April 28, 2015 12:53 AM IST
റെജി ജോസഫ്

കോട്ടയം: നേപ്പാളിലെ ഇരുപതിലേറെ വിദൂര ഗ്രാമങ്ങളില്‍ മനുഷ്യരും നാല്‍ക്കാലികളും നാമാവശേഷമായിട്ടുണ്െടന്ന് കാഠ്മണ്ഡു സെന്റ് സേവ്യേഴ്സ് കോളജില്‍ സേവനമനുഷ്ഠിക്കുന്ന ഫാ. കന്യാട്ടുകുന്നേല്‍ എസ്ജെ ദീപികയോടു പറഞ്ഞു. രക്ഷാപ്രവര്‍ത്തനം ഇനിയും തുടങ്ങിയിട്ടില്ലാത്ത ഗ്രാമങ്ങളും കുന്നുകളും നിരവധിയാണ്. മരണസംഖ്യ നാലായിരം കവിഞ്ഞേക്കുമെന്നാണു സൂചന. കാഠ്മണ്ഡു, പഠാന്‍, ബക്താപൂര്‍, ഗോര്‍ഖ എന്നിവിടങ്ങളില്‍ അവശേഷിക്കുന്ന കെട്ടിടങ്ങള്‍ക്കെല്ലാം വിള്ളലുണ്ട്. ഓരോ തുടര്‍ചലനത്തിലും ഇവ വീണുകൊണ്ടിരിക്കുന്നു. മരണഭീതിയില്‍ ജനങ്ങള്‍ വീടിനു പുറത്ത് കുടില്‍കെട്ടി പാര്‍ക്കുകയാണ്. കുറഞ്ഞത് മൂന്നു ലക്ഷം പേര്‍ക്കെങ്കിലും വീടുകള്‍ നഷ്ടമായിട്ടുണ്ട്. ശനിയാഴ്ച മുതല്‍ ഇതോടകം വലുതും ചെറുതുമായ നൂറിലേറെ ഭൂചനങ്ങള്‍ റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ രണ്ടു തവണ ശക്തമായ തുടര്‍ ചലനങ്ങളുണ്ടായി. ഓരോ ഭൂചനം സംഭവിക്കുമ്പോഴും ജനങ്ങളുടെ ഭയാനകമായ നിലവിളിയാണ് കേള്‍ക്കാനാകുന്നത്. 4000 മരണങ്ങള്‍ ഇതെവരെ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ മതാചാരപ്രകാരം മൈതാനങ്ങളിലും മറ്റും കൂട്ടമായി ദഹിപ്പിക്കുകയാണ്. തകര്‍ന്നുവീണ കെട്ടിടങ്ങളുടെ തടി അവശിഷ്ടങ്ങളും വിറകും കൂനകൂട്ടിയാണ് ചിതകള്‍ ഒരുക്കുന്നത്.

കാഠ്മണ്ഡുവിലെ പ്രസിദ്ധമായ പശുപതിനാഥ് ക്ഷേത്രത്തിലും തുടര്‍ച്ചയായ മൃതസംസ്കാരങ്ങള്‍ നടക്കുന്നുണ്ട്.ഉറ്റവരെ നഷ്ടപ്പെട്ടവരുടെ നിലവിളിയാണ് ദുരന്തമേഖലയിലുടനീളം കേള്‍ക്കാകുന്നത്. മാതാപിതാക്കള്‍ മരിച്ച് അനാഥരായ കുട്ടികളും ഏറെയാണ്. 8500 ല്‍പ്പരം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എവറസ്റ് കൊടുമുടിയില്‍ കുടുങ്ങിപ്പോയ ഇരുന്നൂറിലേറെ പര്‍വതാരോഹകരെ ഇന്നലെ വരെ സാഹസികമായി രക്ഷപ്പെടുത്തി.

നേപ്പാളില്‍ അടിയന്തിരാവസ്ഥയും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അഞ്ചു ദിവസത്തെ അവധിയും പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അനുബന്ധ സൌകര്യങ്ങളും ദുരിതാശ്വാസ ക്യാമ്പുകളായി വിട്ടുനല്‍കിയിരിക്കുകയാണ്. കാഠ്മണ്ഡു സെന്റ് സേവ്യേഴ്സ് കോളജിന്റേത് ഉള്‍പ്പെടെ വിവിധ മൈതാനങ്ങളില്‍ നൂറുകണക്കിനു കുടുംബങ്ങള്‍ കഴിയുന്നതായി ഫാ. ജോമോന്‍ പറഞ്ഞു. സഭാ സ്ഥാപനങ്ങളില്‍ മാത്രം അയ്യായിരത്തിലേറെപ്പേര്‍ക്ക് അഭയം നല്‍കിയിട്ടുണ്ട്. ഭക്ഷണം, ചികിത്സ, വസ്ത്രം ഉള്‍പ്പെടെ പറ്റുന്നിടത്തോളം സഹായം സഭാ കേന്ദ്രങ്ങളില്‍നിന്ന് ഇവര്‍ക്ക് നല്‍കിവരുന്നു. ദുരന്തത്തിനിരയായവര്‍ക്ക് ആശ്വാസം നല്‍കാന്‍ സന്യസ്ത സമൂഹങ്ങള്‍ പരമാവധി സേവനസന്നദ്ധരായുണ്ട്.

ടെന്റുകള്‍ കെട്ടാന്‍ നിവൃത്തിയില്ലാതെ എല്ലാം നഷ്ടപ്പെട്ടവര്‍ തുറസായ ഇടങ്ങളിലാണ് വാസം. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമായ ഗോര്‍ഖയില്‍ 70 ശതമാനം വീടുകളും നിലംപൊത്തിയിരിക്കുന്നു. ചെറുകിട കച്ചവടക്കാരും കര്‍ഷകരും നാടോടികളുമാണ് ദുരന്തത്തിന് ഇരയായി ഭക്ഷണവും വസ്ത്രവുമില്ലാതെ വലയുന്നത്.

കുടിവെള്ളം, വൈദ്യുതി എന്നിവയില്ലാതെ വന്നതോടെ ജനജീവിതം നരകതുല്യമായിരിക്കുന്നു. ഞായറാഴ്ച രാത്രി മുതല്‍ ശക്തമായ മഴയും മഞ്ഞുവീഴ്ചയും കൊടുംതണുപ്പും അനുഭവപ്പെടുന്നു. ഗ്രാമീണ മേഖലയില്‍ ഇന്ത്യന്‍ സൈന്യം ഉള്‍പ്പെടുന്ന രക്ഷാപ്രവര്‍ത്തകര്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തുതുടങ്ങിയപ്പോള്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്െടടുത്തു. നാലു ദിവസമായി കെട്ടിടങ്ങള്‍ക്കിടയില്‍ കുരുങ്ങിക്കിടന്നവരെയും സൈന്യം രക്ഷപ്പെടുത്തിയിട്ടുണ്ട്. ഉറ്റവരും അയല്‍വാസികളും മരിച്ചതിന്റെ തീരാത്ത വേദനയിലാണ് ജനങ്ങള്‍. കച്ചവടത്തിനും മറ്റു തൊഴിലുകള്‍ക്ക് ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തിയവര്‍ക്ക് സ്വന്തം വീടുകളില്‍ മടങ്ങിയെത്താനും സാധിക്കുന്നില്ല. ഗ്രാമങ്ങളിലേക്കുള്ള ബസ്, ടെമ്പോ, ടാക്സി ഗതാഗതം ഏറെയും പുനരാരംഭിച്ചിട്ടില്ല. പ്രധാന നഗരങ്ങളില്‍ മാത്രമാണ് വൈദ്യുതി ബന്ധം ഭാഗികമായി പുന:സ്ഥാപിച്ചിരിക്കുന്നത്.ഇന്ത്യയില്‍ നിന്നുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍നിന്ന് രക്ഷപ്രവര്‍ത്തനത്തിന് കാഠ്മണ്ഡു ത്രിഭുവന്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ നൂറു കണക്കിനു വിമാനങ്ങളാണ് ഓരോ ദിവസവും എത്തുന്നത്. രണ്ട് റണ്‍വെ മാത്രമുള്ള ഇവിടെ ഒട്ടേറെ വിമാനങ്ങള്‍ ആകാശത്തിലും പാര്‍ക്കിംഗ് ബേകളിലും കാത്തുകിടക്കുന്നു. ഭൂചനത്തില്‍ വിമാനത്താവളത്തിലെ റണ്‍വെയ്ക്കുണ്ടായ കേടുപാടുകള്‍ വിദഗ്ധര്‍ പരിഹരിച്ചശേഷമാണ് വിമാന സര്‍വീസ് ഞായറാഴ്ച പുനരാരംഭിച്ചത്. കാഠ്മണ്ഡുവില്‍ എയര്‍ ട്രാഫിക് വലിയ പരിമിതിയായി മാറിയിട്ടുണ്ട്. റെഡ് ക്രോസും യുഎന്‍ ഏജന്‍സികളും ഉള്‍പ്പെടെ 14 അന്താരാഷ്ട്ര ഏജന്‍സികള്‍ വിവിധ ക്യാമ്പുകളിലായി രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നു.


കുന്നിന്‍പ്രദേശങ്ങളോടു ചേര്‍ന്ന പല ഗ്രാമങ്ങളിലും കെട്ടിടങ്ങളൊന്നുംതന്നെ അവശേഷിക്കുന്നില്ല. അതിനാല്‍ നിലംപൊത്തിയ കെട്ടിടങ്ങള്‍ക്കടിയില്‍ നൂറു കണക്കിന് മൃതദേഹങ്ങളുണ്ടാകുമെന്നു കരുതുന്നായി ഫാ. ജോമോന്‍ കന്യാട്ടുകുന്നേല്‍ പറഞ്ഞു.ഭൂചലനത്തെത്തുടര്‍ന്ന് ഭക്ഷണസാധനങ്ങള്‍ക്ക് കടുത്തക്ഷാമം അനുഭവപ്പെടുന്നതായി നേപ്പാളിലെ ബിര്‍ഖണ്ഡില്‍നിന്നും സിസ്റര്‍ ദീപ നീറുവേലില്‍ എസ്എബിഎസ് പറഞ്ഞു. കടകള്‍ ഏറെയും അടഞ്ഞു കിടക്കുകയാണ്. ഇന്നലെ കടകള്‍ തുറന്നെങ്കിലും ഭക്ഷണസാധനങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നു. വിവിധ റോഡുകളില്‍ ഗതാഗതം നിലച്ചതോടെ ഭക്ഷണസാധനങ്ങള്‍ എത്തുന്നില്ല. കിണറുകള്‍ ഇടിഞ്ഞുതാഴുകയോ മൂടിപ്പോകുകയോ ചെയ്തതിനാല്‍ കുടിവെള്ളത്തിനു വലിയ ക്ഷാമം നേരിടുന്നു. തുടര്‍ ചലനങ്ങള്‍ സംഭവിക്കുന്നതിനാല്‍ ഗ്യാസ് സിലിണ്ടറുകളില്‍ പാചകം ചെയ്യാന്‍ ജനങ്ങള്‍ ഭയപ്പെടുന്നു. അതിനാല്‍ തുറസായ സ്ഥലങ്ങളില്‍ വിറകടുപ്പുകളുണ്ടാക്കി ജനങ്ങള്‍ ഒന്നിച്ചു ഭക്ഷണം തയാറാക്കുകയാണ്. മഴ ശക്തമായിരിക്കെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമോ എന്ന് ആശങ്കയുമുണ്ട്. ചത്തൊടുങ്ങിയ നാല്‍ക്കാലികളുടെ ശരീരങ്ങളേറെയും മണ്ണില്‍ പൂഴ്ന്നുകിടക്കുകയാണ്.

ആശുപത്രികളിലും ഡിസ്പെന്‍സറികളിലും മരുന്നിനും മറ്റ് സാമഗ്രികള്‍ക്കും ക്ഷാമം നേരിടുന്നതിനാല്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ വീഴ്ചകളില്ലാതെ നല്‍കാനും സാധിക്കുന്നില്ല. കുന്നിന്‍പ്രദേശങ്ങളില്‍ ഇടയ്ക്കിടെ മണ്ണിടിച്ചിലുണ്ടാകുന്നതും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.