മുന്നണിയിലെ തര്‍ക്കങ്ങള്‍ അടിയന്തരമായി പരിഹരിക്കണം: മുസ്ലിം ലീഗ്
Tuesday, April 28, 2015 12:54 AM IST
കോഴിക്കോട്: യുഡിഎഫിലെ തര്‍ക്കം മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നതായി മുസ്ലിം ലീഗ്. തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി സജ്ജമാണ്.

പക്ഷേ, മുന്നണിയിലെ കാര്യങ്ങള്‍ ഈ നിലയ്ക്കു തുടര്‍ന്നാല്‍ വലിയ വില നല്‍കേണ്ടിവരുമെന്നും ലീഗ് വിലയിരുത്തി. ഇന്നലെ ലീഗ് ഹൌസില്‍ ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, പരിസ്ഥിതി ഉപകമ്മിറ്റി എന്നിവരുടെയും സംയുക്തയോഗത്തിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ചയായത്. മുന്നണിയിലെ തര്‍ക്കങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കണം. ഇക്കാര്യം ഇന്നു തിരുവനന്തപുരത്തു ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഉന്നയിക്കാനും ലീഗ് യോഗം തീരുമാനിച്ചു.

യുഡിഎഫില്‍ ഘടകകക്ഷികള്‍ തമ്മിലുള്ള പ്രശ്നങ്ങളും പാര്‍ട്ടികള്‍ക്കുള്ളിലെ ഗ്രൂപ്പ് പോരും സര്‍ക്കാരിനെ അപകടപ്പെടുത്തുന്ന തരത്തിലാണ്. സര്‍ക്കാരിന്റെ ജനോപകാരപ്രദമായ പല പദ്ധതികളും ജനങ്ങളിലേക്ക് എത്തുന്നില്ല. ലീഗ് സ്മാര്‍ട്ടാണ്, സര്‍ക്കാരും. പക്ഷേ, സര്‍ക്കാരിന്റെ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കു കാര്യങ്ങള്‍ പോകുന്നത് അപകടകരമാണ്. നാദാപുരത്തു തീവ്രവര്‍ഗീയ സ്വഭാവത്തോടെ ഇടപെടുന്ന നേതാക്കളെ പാര്‍ട്ടിയില്‍നിന്ന് അകറ്റിനിര്‍ത്താനും പ്രദേശത്തു സമാധാനത്തിനായി പാര്‍ട്ടിപ്രവര്‍ത്തകരെ രംഗത്തിറക്കാനും തീരുമാനമായി.


പുതുതായി നിലവില്‍വന്ന മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും പുതിയ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ ജില്ലാ കമ്മിറ്റികളെ ചുമതലപ്പെടുത്തി. പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഡിസംബറില്‍ നടക്കും. തുടര്‍ന്നു പുതിയ വാര്‍ഡ്, പഞ്ചായത്ത്, മണ്ഡലം, ജില്ലാ, സംസ്ഥാന കമ്മിറ്റികള്‍ രൂപീകരിക്കും. ജൂണ്‍-ജൂലൈ മാസങ്ങളില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാനും യോഗം തീരുമാനിച്ചു.

സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ ട്രഷറര്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ഭാരവാഹികളായ എം.ഐ തങ്ങള്‍, വി.കെ അബ്ദുല്‍ഖാദര്‍ മൌലവി, കെ. കുട്ടി അഹമ്മദ് കുട്ടി, പി.വി അബ്ദുല്‍വഹാബ് എംപി, പി.എം.എ സലാം തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് സ്വാഗതവും സെക്രട്ടറി എം.സി മായിന്‍ഹാജി നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.