സംസ്ഥാന ഹജ്ജ് കമ്മിറ്റി ഇന്നു നെടുമ്പാശേരിയില്‍
Tuesday, April 28, 2015 12:56 AM IST
നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി ഇന്നു രാവിലെ 11ന് നെടുമ്പാശേരിയില്‍ കൂടും. ചെയര്‍മാന്‍ കോട്ടുമ്മല ടി.എം. ബാപ്പു മുസലിയാരുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ സിയാല്‍ നിയോഗിച്ചിട്ടുള്ള കോ-ഓര്‍ഡിനേറ്ററായ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം. ഷബീറും പങ്കെടുക്കും. ഏപ്രില്‍ 17ന് കോഴിക്കോട് ജില്ലാ കളക്ടര്‍ കെ. ബിജുവും സംഘവും നെടുമ്പാശേരിയില്‍ വന്നു എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ നായരുമായി ചര്‍ച്ച നടത്തിയിരുന്നു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേയുടെ അറ്റകുറ്റപ്പണി (റീ കാര്‍പ്പറിംഗ്) നടക്കുന്നതിനാല്‍ ഈ വര്‍ഷം ഹജ്ജ് ഫ്ളൈറ്റുകള്‍ കൊച്ചിയില്‍ നിന്നാക്കാന്‍ തീരുമാനിച്ചിരുന്നു.


സിയാല്‍ ഇതിനാവശ്യമായ എല്ലാ സൌകര്യങ്ങളും സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണു തുടര്‍ക്രമീകരണങ്ങള്‍ സംബന്ധിച്ച് ആലോചിക്കാന്‍ സമ്പൂര്‍ണ ഹജ്ജ് കമ്മിറ്റി നെടുമ്പാശേരിയില്‍ വിളിച്ചുകൂട്ടിയിട്ടുള്ളത്.

ഹജ്ജ് ക്യാമ്പിനനുയോജ്യമായ സ്ഥലത്തെ സംബന്ധിച്ച തീരുമാനം നിര്‍ണായകമാണ്. സെപ്റ്റംബര്‍ രണ്ടിനാണു ഹജ്ജ് ഫ്ളൈറ്റ് തുടങ്ങുന്നത്. 15 ദിവസത്തിനകം എല്ലാ തീര്‍ഥാടകരെയും കൊണ്ടുപോകും. ഒക്ടോബര്‍ പത്തു മുതല്‍ ഹാജിമാര്‍ തിരിച്ചെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.