എടത്വ തിരുനാളിനു ഭക്തിസാന്ദ്രമായ തുടക്കം
എടത്വ തിരുനാളിനു ഭക്തിസാന്ദ്രമായ തുടക്കം
Tuesday, April 28, 2015 1:01 AM IST
എടത്വ: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ എടത്വ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിനു ഭക്തിസാന്ദ്രമായ തുടക്കം. ഇന്നലെ രാവിലെ ആറിന് ഉള്ള മധ്യസ്ഥപ്രാര്‍ഥനയ്ക്കും ലദീഞ്ഞിനും വിശുദ്ധ കുര്‍ബാനയ്ക്കും ശേഷം 7.30 ന് ഫൊറോനാ വികാരി ഫാ. ജോണ്‍ മണക്കുന്നേല്‍ കൊടി ആശീര്‍വദിച്ച് ഉയര്‍ത്തി.

കൊടിയേറ്റിനെത്തുടര്‍ന്ന് ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും നടന്നു. രാവിലെ ആറിന് പ്രധാന അള്‍ത്താരയില്‍ നടന്ന ദിവ്യബലിക്കുശേഷം പൊന്‍, വെള്ളി കുരിശുകളുടേയും മെഴുകുതിരികളുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടെ വിശ്വസസാഗരത്തെ സാക്ഷിയാക്കി ആശീര്‍വദിച്ച കൊടി ഉയര്‍ത്തി.

അസിസ്റന്റ് വികാരിമാരായ ഫാ. വര്‍ഗീസ് പുത്തന്‍പുര, ഫാ. തോമസ് കാഞ്ഞിരവേലില്‍, ഫാ. ജോസ് പുത്തന്‍ചിറ, ഫാ. തോമസ് കാട്ടൂര്‍, ഫാ. മാത്യു മംഗലക്കില്‍, ഫാ. അഗസ്റിന്‍ പാടിയത്ത്, ഫാ. സണ്ണി പടിഞ്ഞാറേവാരിക്കാട്ട്, ഫാ. റ്റി.വി. ജോണ്‍, ഫാ. മാത്യു എന്നിവര്‍ സഹകാര്‍മികരായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ജേക്കബ് ഏബ്രഹാം, ഡോ. കെ.സി. ജോസഫ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോന്‍സി സോണി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍. ബിന്ദു എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ജനറല്‍ കണ്‍വീനര്‍ ജെ.റ്റി റാംസെ, ജോയിന്റ് കണ്‍വീനര്‍ ഡോ. ജോച്ചന്‍ ജോസഫ് കൊഴുപ്പക്കളം, ജയന്‍ ജോസഫ് പുന്നപ്ര, കൈക്കാരന്മാരായ വര്‍ഗീസ് ജോസഫ് കുളപ്പുരയ്ക്കല്‍, ലോനപ്പന്‍ തോമസ് തെള്ളിയില്‍, തോമസ് സെബാസ്റ്യന്‍ കറുകയില്‍ പുത്തന്‍പുരയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.


മേയ് മൂന്നിന് രാവിലെ 7.30 ന് ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍ ഡോ. ജോസഫ് മുണ്ടകത്തിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന നൊവേന, ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുര്‍ബാന എന്നിവയെ തുടര്‍ന്ന് തിരുസ്വരൂപം പരസ്യവണക്കത്തിനായി ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കും.

മേയ് ഏഴിനാണ് പ്രധാന തിരുനാള്‍. അന്നു വൈകുന്നേരം നാലിനു വിശുദ്ധന്റെ അത്ഭുത തിരുസ്വരൂപവും എഴുന്നള്ളിച്ചുകൊണ്ടുള്ള ചരിത്രപ്രസിദ്ധമായ പ്രദക്ഷിണം ദേവാലയത്തിനു ചുറ്റും നടക്കും.

പ്രധാന തിരുനാള്‍ ദിനത്തില്‍ പ്രദക്ഷിണത്തിന് രൂപങ്ങള്‍ വഹിക്കുന്നതും നേതൃത്വം നല്‍കുന്നതും തമിഴ്നാട്ടില്‍ നിന്നുള്ള ഭക്തജനങ്ങളാണ്. മേയ് 14നാണ് എട്ടാമിടം. അന്ന് ചെറിയ രൂപവും എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം കുരിശടി ചുറ്റി പള്ളിയില്‍ മടങ്ങിയെത്തുന്നതോടെ കൊടിയിറക്കും. രാത്രി ഒമ്പതിന് തിരുസ്വരൂപം നടയില്‍ പ്രതിഷ്ഠിക്കുന്നതോടെ തിരുനാള്‍ കാലത്തിന് സമാപനമാകും. ഇത്തവണത്തെ തിരുനാളിന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്താ മാര്‍ ജോസഫ് പെരുന്തോട്ടം, തക്കല രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, കൊല്ലം രൂപതാ മെത്രാന്‍ ഡോ. സ്റ്റാന്‍ലി റോമന്‍, പത്തനംതിട്ട രൂപതാ മെത്രാന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റം, കഴുത്തറെ രൂപതാ ഡോ. ജെറോംദാസ് വറുവേല്‍ എന്നിവരുടെ സാന്നിധ്യവുമുണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.