ഫാ. ഫിലിപ്പ് സി. പന്തോളില്‍ നൂറിന്റെ നിറവില്‍
ഫാ. ഫിലിപ്പ് സി. പന്തോളില്‍ നൂറിന്റെ നിറവില്‍
Tuesday, April 28, 2015 1:01 AM IST
അയിരൂര്‍ (പത്തനംതിട്ട): മലങ്കര കത്തോലിക്കാ സഭയിലെ സീനിയര്‍ വൈദികന്‍ ഫാ. ഫിലിപ്പ് സി. പന്തോളിലിന്റെ നൂറാം ജന്മദിനം ഇന്ന്. മലങ്കര സഭയുടെ പുനരൈക്യ ചരിത്രത്തോടൊപ്പം സഞ്ചരിച്ചു സഭയുടെ ആധ്യാത്മിക, വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന ഫാ. ഫിലിപ്പ് സി. പന്തോളിലിനു നൂറാം ജന്മദിനത്തില്‍ ആശംസകളര്‍പ്പിക്കാന്‍ സഭാ പിതാക്കന്മാരും ആത്മീയ സാമൂഹ്യ മണ്ഡലങ്ങളിലെ പ്രമുഖരും അയിരൂരിലെ വീട്ടിലെത്തുന്നു.

അയിരൂര്‍ പന്തോളില്‍ കുടുംബത്തില്‍ 1915 ഏപ്രില്‍ 28നാണ് അദ്ദേഹത്തിന്റെ ജനനം. പരേതരായ ചാക്കോ ചാക്കോയും അന്നമ്മയുമാണ് മാതാപിതാക്കള്‍. ഇവരുടെ എട്ടുമക്കളില്‍ ഇളയവനാണ്. കോഴഞ്ചേരി സെന്റ് തോമസ് ഹൈസ്കൂളില്‍ മഹാരാജാവിന്റെ സ്കോളര്‍ഷിപ്പോടെ പഠിച്ച് പത്താംതരം ഒന്നാം റാങ്കോടെ പാസായി. തുടര്‍ന്ന് കൊളംബോയിലേക്കു പോയ അദ്ദേഹം അവിടെനിന്ന് മെട്രിക്കുലേഷനുശേഷം എന്‍ജിനിയറിംഗ് ബിരുദവും കരസ്ഥമാക്കി.

ദക്ഷിണാഫ്രിക്കയില്‍ ടെലിഗ്രാഫ് എന്‍ജിനിയറായി ജോലിയില്‍ പ്രവേശിച്ചെങ്കിലും 1940ല്‍ തിരികെയെത്തി മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു വൈദികപഠനം പൂര്‍ത്തീകരിച്ചു. 34-ാമത്തെ വയസില്‍ 1949 ഓഗസ്റ് 24ന് വൈദികനായി. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയതിനൊപ്പം ദൈവശാസ്ത്രപഠനവും പൂര്‍ത്തിയാക്കി.

1949ല്‍ തിരുവനന്തപുരം മര്‍ ഈവാനിയോസ് കോളജില്‍ പൊളിറ്റിക്കല്‍ സയന്‍സ് ഫാക്കല്‍റ്റിയംഗമായി. 15 വര്‍ഷം മാര്‍ ഈവാനിയോസ് കോളജില്‍ അധ്യാപകനായിരുന്ന അദ്ദേഹം 1964ല്‍ അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജ് സ്ഥാപിതമായപ്പോള്‍ പ്രഥമ പ്രിന്‍സിപ്പാലായി നിയമിതനായി.


1974ല്‍ അധ്യാപനത്തില്‍ നിന്നു വിരമിച്ചു. തുടര്‍ന്ന് ലോകത്തെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം തിരികെയെത്തി തിരുവനന്തപുരം സര്‍വോദയ വിദ്യാലയം പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചു. പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍, മുണ്ടമാങ്കടവ്, കുന്നുംപുറത്ത്, അഞ്ചല്‍, ഇടമുളയ്ക്കല്‍, നാരങ്ങാനം തുടങ്ങിയ ഇടവകകളില്‍ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 'മാര്‍ ഈവാനിയോസ് എന്റെ സ്മരണയില്‍' എന്ന പുസ്തകത്തിന്റെ രചയിതാവുകൂടിയാണ് അദ്ദേഹം.

പുനരൈക്യത്തിനു മുമ്പേ കത്തോലിക്കാ സഭയുമായി ബന്ധമുണ്ടാക്കിയ കുടുംബത്തിലെ അംഗമാണ് അദ്ദേഹം. 1925 മുതല്‍ കത്തോലിക്കാ സഭയുമായി അദ്ദേഹത്തിനു ബന്ധമുണ്ടായി. തോട്ടാശേരില്‍ ഫാ. ഡൊമിനിക് ചങ്ങനാശേരി അതിരൂപതയുമായി ബന്ധപ്പെട്ട് അയിരൂരില്‍ നടത്തിയ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായാണ് പന്തോളില്‍ കുടുംബം കത്തോലിക്കാ സഭയില്‍ അംഗമായത്. പുനരൈക്യത്തോടെ മലങ്കര കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച അദ്ദേഹം ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയോടൊപ്പം ദീര്‍ഘകാലം ചെലവഴിച്ചിരുന്നു. മെത്രാപ്പോലീത്തയുടെ സെക്രട്ടറി, അതിരൂപത പ്രൊക്കുറേറ്റര്‍, ചാന്‍സലര്‍ പദവികള്‍ വഹിച്ചു. സഹോദരന്‍ പരേതനായ സൈമന്റെ മകന്‍ തോമസ് സൈമണും കുടുംബത്തിനുമൊപ്പം അയിരൂരിലെ വീട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.