സ്വകാര്യബസ് ടിപ്പറിലിടിച്ച് ഒരാള്‍ മരിച്ചു
സ്വകാര്യബസ് ടിപ്പറിലിടിച്ച് ഒരാള്‍ മരിച്ചു
Tuesday, April 28, 2015 1:05 AM IST
തലയോലപ്പറമ്പ്: സ്വകാര്യബസ് ടിപ്പറിലിടിച്ചു ലോറി ഡ്രൈവര്‍ മരിച്ചു. ബസ് യാത്രക്കാരായ 18 പേര്‍ക്കു പരിക്കേറ്റു. ബ്രഹ്മമംഗലം വൈപ്പാടംമ്മേല്‍ പീടികപ്പറമ്പില്‍ സുരേന്ദ്രന്റെ മകന്‍ സുമിത്ത് (27) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ അരയന്‍കാവ് സെന്റ് ജോര്‍ജ് ആശുപത്രിക്കു സമീപമാണ് അപകടം. ബ്രഹ്മമംഗലത്തു നിന്നു കാഞ്ഞിരമറ്റം വഴി വൈക്കത്തേക്കു പോവുകയായിരുന്ന സ്വകാര്യബസ് മറ്റൊരു ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിരെ വന്ന ടിപ്പറിലിടിക്കുകയായിരുന്നു.

അപകടത്തില്‍ ടിപ്പറിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ജെസിബി ഉപയോഗിച്ച് ലോറിയുടെ മുന്‍ഭാഗം പൊളിച്ച് നീക്കിയശേഷമാണ് പുറത്തെടുത്തത്. ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കറ്റ ചെമ്പ് പുത്തന്‍പുര സ്വദേശി കൊച്ചുണ്ണി (70), ടിവിപുരം ഇടപ്പുറത്തുചിറ വിജി (39) എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


സാരമായി പരിക്കേറ്റ ടിവിപുരം സ്വദേശിനി സജിനി (34), ചെമ്പ് സ്വദേശി വിശ്വനാഥന്‍ (57), വെച്ചൂര്‍ സ്വദേശിനി വനജ (50), വൈക്കം ചെമ്മനത്തുകര സ്വദേശി സുരേന്ദ്രന്‍നായര്‍ (49), ഭാര്യ സജിമോള്‍ (38), മകള്‍ രാഖി (ഏഴ്), അരയന്‍കാവ് സ്വദേശി ആകാശ് (14), വൈക്കം പോളശേരി സ്വദേശി പ്രസാദ് (50)എന്നിവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്വകാര്യബസിന്റെ അമിതവേഗതയാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.അപകടത്തെതുടര്‍ന്ന് തലയോലപ്പറമ്പ്-എറണാകുളം റോഡില്‍ രണ്ടുമണിക്കുറോളം ഗതാഗതം തടസപ്പെട്ടു. മുളംതുരുത്തി പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. സുമിത്തിന്റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: സന്ധ്യ. മക്കള്‍: ദേവാന്ദന്‍ (ഏനാദി എടമന സ്കൂള്‍ വിദ്യാര്‍ഥി), ദേവജിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.