പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതു തടയണമെന്ന് ഹര്‍ജി
Tuesday, April 28, 2015 1:08 AM IST
കൊച്ചി: തൃശൂര്‍ പൂരത്തിനു നിയമവിരുദ്ധമായി ആനകളെ എഴുന്നള്ളിക്കുന്നതു തടയണമെന്നു ഡല്‍ഹിയിലെ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സ് എന്ന സംഘടന ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള ഉത്സവങ്ങള്‍ക്കായി സംസ്ഥാനത്ത് ആനകളെ എഴുന്നള്ളിക്കുന്നതു ചട്ടങ്ങള്‍ പാലിക്കാതെയാണെന്നു കണ്െടത്തിയ സാഹചര്യത്തിലാണു ഹര്‍ജി സമര്‍പ്പിക്കുന്നതെന്നു സംഘടനയ്ക്കു വേണ്ടി ശക്തി രതി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

ഒന്‍പതു ലക്ഷത്തിലേറെ ആളുകള്‍ പങ്കെടുക്കുന്ന തൃശൂര്‍ പൂരത്തില്‍ വേണ്ടത്ര സൌകര്യങ്ങളോ സംരക്ഷണത്തിനുള്ള ഉപകരണങ്ങളോ ഇല്ലാതെയാണു പൂരത്തിന്റെ മുഴുവന്‍ സമയവും ആനകളെ എഴുന്നള്ളിക്കുന്നത്. ആചാര അനുഷ്ഠാനങ്ങള്‍ക്കായല്ല ആനകളെ പലപ്പോഴും ഉത്സവങ്ങളില്‍ കൊണ്ടുവരുന്നത്. ആനകള്‍ മൂലം സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ പലപ്പോഴും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1960ലെ മൃഗസംരക്ഷണ നിയമപ്രകാരമുള്ള നടപടി പാലിക്കാതെയാണു തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള ഉത്സവങ്ങളിലും മറ്റും ആനകളെ പ്രദര്‍ശിപ്പിക്കുന്നത്. 2001ലെ പെര്‍ഫോമിംഗ് അനിമല്‍ രജിസ്ട്രേഷന്‍ ചട്ടം പാലിക്കാതെയും അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അനുമതി ഇല്ലാതെയും നടക്കുന്ന ആന എഴുന്നള്ളിപ്പ് തടയണമെന്നു ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.