സമരപ്രഖ്യാപനങ്ങള്‍ വിരോധാഭാസം: ഇന്‍ഫാം
Tuesday, April 28, 2015 12:49 AM IST
കോട്ടയം: റബര്‍ പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോള്‍ നടപടികള്‍ എടുക്കുവാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ അധികാരത്തിലിരുന്നു നടത്തുന്ന സമരപ്രഖ്യാപനങ്ങള്‍ വിരോധാഭാസവും കര്‍ഷകരുടെ കണ്ണില്‍ പൊടിയിടുന്ന രാഷ്ട്രീയ തന്ത്രവുമാണെന്ന് ഇന്‍ഫാം ദേശീയ സമിതി.

റബര്‍ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നു റബര്‍ കര്‍ഷകരെ കണ്ണീര്‍ക്കയത്തിലേക്കു തള്ളിയിട്ടവര്‍തന്നെ പ്രഖ്യാപിക്കുന്നതു സൌകര്യപൂര്‍വം വസ്തുതകള്‍ മറന്നാണ്. കേന്ദ്രത്തില്‍ യുപിഎയും കേരളത്തില്‍ യുഡിഎഫും ഒരുമിച്ചു ഭരിച്ചിരുന്ന നാളുകളിലെ കര്‍ഷകദ്രോഹത്തിന്റെ ബാക്കിപത്രമാണ് ഇന്ന് റബര്‍ മേഖലയിലെ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. റബര്‍ പ്രതിസന്ധി അതിരൂക്ഷമായപ്പോള്‍ അധികാരത്തിലിരുന്ന് അനങ്ങാപ്പാറനയവും , കര്‍ഷകവിരുദ്ധ നിലപാടുകളും സ്വീകരിച്ചവര്‍ ഇന്നു നടത്തുന്ന അധരവ്യായാമവും വഴിപാടുസമരങ്ങളും കേന്ദ്രസര്‍ക്കാരിന്റെയടുക്കല്‍ ചെന്നുള്ള സഹായാഭ്യര്‍ത്ഥനയും എങ്ങനെ മുഖവിലയ്ക്കെടുക്കാനാവും.

കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് അരഡസനിലേറെ മന്ത്രിമാര്‍ ഉണ്ടായിരുന്നപ്പോള്‍ ഉടലെടുത്ത റബര്‍ പ്രതിസന്ധിയില്‍ നടപടിയെടുക്കുവാന്‍ സാധിക്കാത്തവര്‍ ഇപ്പോള്‍ നടത്തുന്ന രാഷ്ട്രീയ അടവുനയം ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നുവെന്നും ഇന്‍ഫാം സൂചിപ്പിച്ചു.


അധികാരത്തിലിരുന്നപ്പോള്‍ കേന്ദ്ര വിലസ്ഥിരതാഫണ്ട് കര്‍ഷകരക്ഷയ്ക്കായി ഉപയോഗിക്കാത്തവര്‍ ഇന്ന് ഈ ഫണ്ടുതേടി നിവേദനങ്ങള്‍ സമര്‍പ്പിക്കുന്നതും കൂടിക്കാഴ്ചകള്‍ നടത്തുന്നതും വിരോധാഭാസമാണ്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ റബര്‍ കര്‍ഷകരോട് കാണിക്കുന്ന അവഗണനയും പ്രതിഷേധാര്‍ഹമാണെന്നും ഇന്‍ഫാം പറഞ്ഞു.

ഫാ.ജോസഫ് ഒറ്റപ്ളാക്കല്‍ അധ്യക്ഷത വഹിച്ചു. പി.സി.സിറിയക്, ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്യന്‍, ഡോ.എം.സി.ജോര്‍ജ്, ഫാ.ആന്റണി കൊഴുവനാല്‍, കെ.മൈതീന്‍ ഹാജി, ജോയി തെങ്ങുംകുടിയില്‍, ഫാ.ജോസഫ് കാവനാടി, ഫാ.ജോര്‍ജ്ജ് പൊട്ടയ്ക്കല്‍, ഫാ.ജോസ് തറപ്പേല്‍, ജോസഫ് കരിയാങ്കല്‍, ബേബി പെരുമാലില്‍, ജോസ് എടപ്പാട്ട്, കെ.എസ്.മാത്യു മാമ്പറമ്പില്‍, ജോയി പള്ളിവാതുക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.