പഞ്ചായത്തിലേക്ക് ഫോട്ടോ പതിച്ച വോട്ടര്‍ പട്ടിക; നോട്ട ഇല്ല
പഞ്ചായത്തിലേക്ക് ഫോട്ടോ പതിച്ച വോട്ടര്‍ പട്ടിക; നോട്ട ഇല്ല
Tuesday, April 28, 2015 12:50 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഈ വര്‍ഷം നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നിഷേധ വോട്ട് (നോട്ട) ഉണ്ടാകില്ല. ഇക്കുറി ത്രിതല പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പിനു പൂര്‍ണമായും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കും. ഫോട്ടോ പതിച്ച വോട്ടര്‍ പട്ടിക ഉപയോഗിക്കാന്‍ തീരുമാനിച്ചതായും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ കെ.ശശിധരന്‍ നായര്‍ അറിയിച്ചു. ഒക്ടോബറില്‍ പൊതുതെരഞ്ഞെടുപ്പു നടത്താനുള്ള നടപടി തുടങ്ങി. സര്‍വകക്ഷിയോഗത്തിലാണു കെ.ശശിധരന്‍ നായര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

പഞ്ചായത്ത് രാജ് മുന്‍സിപ്പാലിറ്റി ആക്ട് പ്രകാരം ആര്‍ക്കും വോട്ട് ചെയ്യാതിരിക്കല്‍ എന്ന അവകാശം ഇല്ലാതിരിക്കെ നോട്ട ഉണ്ടായിരിക്കില്ലെന്നും നോട്ട നടപ്പാക്കണമെങ്കില്‍, നിയമഭേദഗതി വേണ്ടിവരും. പുനഃക്രമീകരിച്ച പട്ടിക പ്രകാരം സംസ്ഥാനത്ത് 2.4 കോടി വോട്ടര്‍മാരാണുള്ളത്. കരടു വോട്ടര്‍ പട്ടിക മേയ് 15നു മുമ്പു പുറത്തിറക്കും. പുതുതായി രൂപീകരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജന നടപടി പൂര്‍ത്തിയായശേഷം ആവശ്യമുള്ള സ്ഥലങ്ങളിലെ പട്ടിക മാത്രം പുനഃക്രമീകരിക്കും. പുതുതായി പേരു ചേര്‍ക്കാനും തിരുത്തല്‍ വരുത്താനും മറ്റും ഓണ്‍ലൈന്‍ സംവിധാനം ഒരുക്കും. എന്നാല്‍, സ്ഥാനമാറ്റത്തിനും ഒഴിവാക്കലിനും നേരിട്ടു ഹാജരാകണം.

പ്രവാസി വോട്ടര്‍മാര്‍ക്കു വോട്ടവകാശം നല്‍കുന്ന കാര്യം ഇതു സംബന്ധിച്ച സുപ്രീംകോടതി വിധി അനുസരിച്ചു തീരുമാനിക്കും. മുക്ത്യാര്‍ വോട്ടിംഗ് സംവിധാനത്തിന് അനുമതി നല്‍കാന്‍ വ്യവസ്ഥകള്‍ അനുവദിക്കുന്നില്ല. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ആദ്യമായി വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നുവെന്നതാവും ഇത്തവണത്തെ പ്രത്യേകത. ഇതുവഴി അന്നുതന്നെ ഫലപ്രഖ്യാപനം നടത്താന്‍ കഴിയും. ഇതിനായി 37,800 മള്‍ട്ടിപോസ്റ് വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് ഇലക്ട്രോണിക് കോര്‍പറേഷനില്‍ ഓര്‍ഡര്‍ നല്‍കി. ഇതില്‍ ഭൂരിഭാഗവും എത്തിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പിനു 35,000ല്‍പരം പോളിംഗ് ബൂത്തുകളാണു നിലവിലുള്ളത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്ന സാഹചര്യത്തില്‍, 2,000 ബൂത്തുകള്‍ കുറയ്ക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. 1,100 പേര്‍ക്ക് ഒരു ബൂത്ത് എന്ന നിലയിലുണ്ടാകും.


ഫോട്ടോ പതിപ്പിച്ച വോട്ടര്‍പട്ടിക ഉണ്ടാകും. പ്രവേശനം ഫോട്ടോ തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തിലാക്കും. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡോ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഉള്ള തിരിച്ചറിയല്‍ സ്ളിപ്പോ ഇതിനായി ഉപയോഗിക്കാം.

പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍, ഫോട്ടോ പതിപ്പിച്ച എസ്എസ്എല്‍സി ബുക്ക്, ദേശസാല്‍കൃത ബാങ്കില്‍നിന്നു തെരഞ്ഞെടുപ്പു തീയതിക്ക് ആറുമാസം മുമ്പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക് എന്നിവയും ഉപയോഗിക്കാം. പ്ളാസ്റിക്, ഫ്ളക്സ് എന്നിവയുടെ ഉപയോഗം ഒഴിവാക്കണം. മരങ്ങളിലും ചെടികളിലും പ്രചാരണ സാമഗ്രികള്‍ ആണി അടിച്ചോ ഒട്ടിച്ചോ പ്രദര്‍ശിപ്പിക്കുന്നതും ഒഴിവാക്കണം- കമ്മീഷന്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.