മുഖപ്രസംഗം: ഐഐഎം പ്രവേശനപ്പരീക്ഷ കുട്ടിക്കളിയാകരുത്
Wednesday, April 29, 2015 11:25 PM IST
രാജ്യത്തെ പരീക്ഷാ സമ്പ്രദായങ്ങള്‍ പലതും ലോകസമൂഹത്തില്‍ നമ്മെ അവഹേളിതരാക്കുന്നുണ്ട്. ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുപോലും ചീത്തപ്പേരുണ്ടാക്കുന്ന വിധത്തിലാണു ചില പരീക്ഷകളുടെ നടത്തിപ്പ്. ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്(ഐഐഎം) നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ(ക്യാറ്റ്) ഫലം അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് ഈയിടെ അറസ്റിലായവരില്‍നിന്നു സിബിഐക്കു കിട്ടിയ വിവരങ്ങള്‍ ഏറെ ഗൌരവതരമാണ്.

മുന്‍ വര്‍ഷങ്ങളിലും ഐഐഎം പ്രവേശന പരീക്ഷകളില്‍ തിരിമറി നടന്നിട്ടുണ്െടന്നാണു വെളിപ്പെടുത്തല്‍. കോല്‍ക്കത്താ ഐഐഎം നടത്തിയ പ്രവേശന പരീക്ഷയില്‍ ലക്നൌ കരിയര്‍ ഗാര്‍ഡിയന്‍ ഏജന്‍സിയുടെ എട്ടു വിദ്യാര്‍ഥികള്‍ക്കു മാര്‍ക്കു തിരുത്തി ഉയര്‍ന്ന റാങ്ക് നല്‍കിയതായാണു കണ്െടത്തിയത്. ഇപ്രകാരം ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കിയവര്‍ മികച്ച മാനേജ്മെന്റ് സ്ഥാപനങ്ങളില്‍ പ്രവേശനം തരപ്പെടുത്തുകയും ചെയ്തിട്ടുണ്ടാവും. ലക്ഷക്കണക്കിനു രൂപ മുടക്കിയാലേ ഇത്തരം തിരിമറി നടത്താനാവൂ. അതുകൊണ്ടുതന്നെ, ഉയര്‍ന്ന സാമ്പത്തികനിലയിലുള്ളവരാണ് ഇങ്ങനെ മാര്‍ക്ക് വാങ്ങുന്നതെന്നു കരുതേണ്ടിയിരിക്കുന്നു.

പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും ഏറെ ഉത്തരവാദിത്വത്തോടെയും കാര്യക്ഷമതയോടെയും നടത്തേണ്ട കാര്യങ്ങളാണ്. ഏറെ കഷ്ടപ്പെട്ടു പഠിച്ചു നന്നായി പരീക്ഷയെഴുതിയവര്‍ക്ക് അര്‍ഹമായ റിസള്‍ട്ട് ലഭ്യമാകുന്നില്ലെങ്കില്‍ അതു കടുത്ത അനീതിയാണ്. ഓരോ തലത്തിലുള്ള പരീക്ഷയിലും മത്സരരംഗത്തുള്ളവര്‍ വ്യത്യസ്ത നിലവാരം പുലര്‍ത്തുന്നവരാകാം. പക്ഷേ, പരീക്ഷാ വിലയിരുത്തല്‍ കുറ്റമറ്റതാകേണ്ടത് അത്യാവശ്യമാണ്, കേവലനീതിയാണ്.

പ്രവേശന പരീക്ഷകള്‍ക്കും ഉദ്യോഗത്തിനുവേണ്ടിയുള്ള പരീക്ഷകള്‍ക്കുമൊക്കെയായി ഇപ്പോള്‍ നിരവധി പരിശീലന സ്ഥാപനങ്ങള്‍ രാജ്യമൊട്ടാകെയുണ്ട്. പലതും പ്രഫഷണലായി നടത്തുന്നതാണെങ്കിലും പണമുണ്ടാക്കാനുള്ള വഴിയായി മാത്രം ഇതിനെ കാണുന്നവരും ചുരുക്കമല്ല. അങ്ങനെയുള്ളവര്‍ തട്ടിപ്പിന് ഇറങ്ങിയില്ലെങ്കിലേ അദ്ഭുതമുള്ളൂ. അനര്‍ഹര്‍ ഉന്നതപഠനം സാധ്യമാക്കുകയും അര്‍ഹരായവര്‍ അതുമൂലം തഴയപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകാതെ നോക്കേണ്ടതു സര്‍ക്കാരിന്റെ ചുമതലയാണ്.

ഐഐഎം പ്രവേശന പരീക്ഷാഫലം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനായി ചുമതലപ്പെടുത്തിയിരുന്ന വെബ് വീവേഴ്സ് എന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് അറസ്റ് ചെയ്യപ്പെട്ടവരില്‍ ഒരാള്‍. രാജ്യത്തെ വിവിധ ഐഐഎമ്മുകള്‍ ഊഴമനുസരിച്ചാണ് പ്രവേശന പരീക്ഷയുടെ ചുമതല ഏറ്റെടുക്കുന്നത്. ഈ പരീക്ഷയ്ക്കു കിട്ടുന്ന സ്കോറിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ ഐഐഎമ്മുകളിലേക്കും നൂറ്റമ്പതിലേറെ മികച്ച ബിസിനസ് സ്കൂളുകളിലേക്കും പ്രവേശനം ലഭിക്കുന്നത്. 2012-13ലെ പരീക്ഷയുടെ ചുമതല കോഴിക്കോട് ഐഐഎമ്മിനായിരുന്നു.

ഇപ്പോള്‍ പല ഐഐഎമ്മുകളും ഫലനിര്‍ണയം സ്വകാര്യ ഏജന്‍സികളെ ഏല്പിക്കുകയാണു ചെയ്യാറുള്ളത്. കാലതാമസവും കെടുകാര്യസ്ഥതയും ഒഴിവാക്കാനാണത്രേ ഈ രീതി. പരീക്ഷാ ഫലപ്രഖ്യാപനത്തിന്റെ ഉത്തരവാദിത്വം സ്വകാര്യ കമ്പനികളെ ഏല്പിച്ചു മറ്റു പലര്‍ക്കും സ്വന്തം ഉത്തരവാദിത്വത്തില്‍നിന്നു തലയൂരാനും സാധിക്കും. ഫലനിര്‍ണയംപോലുള്ള കാര്യങ്ങളിലെ ഔട്ട് സോഴ്സിംഗിനെക്കുറിച്ചു പുനര്‍ചിന്തനം ആവശ്യമാണെന്ന് ഇപ്പോള്‍ പുറത്തായിരിക്കുന്ന തട്ടിപ്പുകള്‍ സൂചിപ്പിക്കുന്നു. കാര്യക്ഷമത വര്‍ധിപ്പിക്കാനെന്നപേരില്‍ നടത്തുന്ന ഇത്തരം ഔട്ട്സോഴ്സിംഗ് നമ്മുടെ മത്സരപരീക്ഷകളുടെ വിശ്വാസ്യതയാണു തകര്‍ക്കുന്നത്.


പ്രമുഖ അമേരിക്കന്‍ കമ്പനിയായ പ്രോമെട്രിക്കാണു മൂല്യനിര്‍ണയം നടത്തി പരീക്ഷാഫലം ഐഐഎമ്മിനെ ഏല്പിച്ചത്. ഐഐഎം പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിനായി മറ്റൊരു കമ്പനിയെ ഏല്പിച്ചു. പരീക്ഷാഫലം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ കമ്പനിയിലെ ജീവനക്കാരന്‍ തിരിമറി നടത്തിയെന്നാണു സിബിഐ കണ്െടത്തിയിരിക്കുന്നത്. ഇപ്രകാരം മാര്‍ക്ക് തിരുത്തിയ എണ്‍പതോളം കുട്ടികള്‍ രാജ്യത്തെ പ്രമുഖ ഐഐഎമ്മുകളിലും ബിസിനസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനം നേടിയതായി കണ്ടു. ഇവരില്‍ 77 പേരെ പുറത്താക്കി. മൂന്നുപേര്‍ കോടതി സ്റേ നേടി പഠനം തുടരുന്നു.

ഐഐടികളുംഐഐഎമ്മുകളും രാജ്യത്തിന്റെ അഭിമാനമായ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളാണ്. വര്‍ഷങ്ങളായി അവ നിലനിര്‍ത്തിപ്പോരുന്ന നിലവാരത്തെക്കുറിച്ച് ആഗോളതലത്തില്‍ത്തന്നെ വലിയ മതിപ്പുണ്ട്. അതു നഷ്ടപ്പെടാന്‍ ഇപ്പോള്‍ കണ്ടുപിടിക്കപ്പെട്ട തരത്തിലുള്ള തട്ടിപ്പുകള്‍ ഇടയാക്കും. നമ്മുടെ വിദ്യാഭ്യാസ നിലവാരത്തെയും പരീക്ഷാ സമ്പ്രദായങ്ങളെയുംകുറിച്ച് വലിയ സംശയങ്ങളും ആശങ്കകളും ഉയരുന്ന സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ നമുക്കു കനത്ത ആഘാതംതന്നെയാണ്.

മത്സരപ്പരീക്ഷകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ ഏറക്കുറെ സ്വതന്ത്രമായാണു തങ്ങളുടെ നടപടിക്രമങ്ങള്‍ നിശ്ചയിക്കുന്നത്. ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ ചെയ്യുന്നവയാണു മിക്ക സ്ഥാപനങ്ങളും. എന്നാല്‍, ചെറിയ പാളിച്ചകള്‍പോലും വലിയ ചീത്തപ്പേരുണ്ടാക്കും. പഠിച്ചിറങ്ങുംമുമ്പുതന്നെ മുന്തിയ ശമ്പളത്തില്‍ ജോലി ഉറപ്പാക്കുന്നതാണ് ഐഐഎം പോലുള്ളവയിലെ പ്രവേശനംതന്നെ. അവിടെ കുറുക്കുവഴിയിലൂടെ കയറിപ്പറ്റുന്നവര്‍ തങ്ങള്‍ പഠിച്ച സ്ഥാപനത്തെക്കുറിച്ചു തൊഴില്‍ദാതാക്കള്‍ക്കുള്ള വിശ്വാസ്യതയ്ക്ക് ഇടിവുണ്ടാക്കുന്നു. പിന്നീട് അവിടെനിന്നു പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളും സംശയത്തിന്റെ നിഴലിലാകാം. സ്കൂള്‍ ക്ളാസുകള്‍ മുതല്‍ നടക്കുന്ന പരീക്ഷാ അട്ടിമറികള്‍ക്കും കൃത്രിമങ്ങള്‍ക്കുമെതിരേ കനത്ത ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ നമ്മുടെ കുട്ടികള്‍ പല രംഗങ്ങളിലും പിന്തള്ളപ്പെടും. അര്‍ഹരായവര്‍ക്കുപോലും അവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമാകും ഫലം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.