ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയുടെ കണ്ണിനു ഗുരുതര പരിക്ക്
ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയുടെ കണ്ണിനു ഗുരുതര പരിക്ക്
Sunday, May 3, 2015 11:08 PM IST
അങ്കമാലി: പിതാവിന്റെ ആസിഡ് ആക്രമണത്തില്‍ കണ്ണിനു ഗുരുതരമായി പരിക്കേറ്റ യുവതിയെയും അമ്മയെയും അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടുപുഴ വെള്ളിയാമറ്റത്തു വാടകയ്ക്കു താമസിക്കുന്ന പാലാ മരങ്ങാട്ടുപിള്ളി സ്വദേശികളായ ഒഴുകതൊട്ടിയില്‍ ചാക്കോയുടെ ഭാര്യ ലൂസി(55), മകള്‍ അലീന (20) എന്നിവര്‍ക്കാണ് ആസിഡ് വീണു കണ്ണിനും മുഖത്തും പൊള്ളലേറ്റത്. കുടുംബകലഹത്തെത്തുടര്‍ന്നു മുളകുപൊടി കലര്‍ത്തിയ ആസിഡ് ചാക്കോ ഭാര്യയുടെയും മകളുടെയും മുഖത്ത് ഒഴിക്കുകയായിരുന്നു.

അലീനയുടെ ഇടതുകണ്ണിനും ലൂസിയുടെ വലതുകണ്ണിനുമാണു പരിക്കേറ്റിട്ടുള്ളത്. അലീനയുടെ കണ്ണിനേറ്റ പരിക്ക് ഗുരുതരമാണെന്ന് ഇവരെ ചികിത്സിക്കുന്ന കോര്‍ണിയ സ്പെഷലിസ്റ് ഡോ. ഡേവിഡ് പുതുക്കാടന്‍ പറഞ്ഞു. നേത്രപടലത്തിനു പൊള്ളലേറ്റത് കാഴ്ചശക്തിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. കണ്ണിലെ പൊള്ളലിനെ തുടര്‍ന്നുണ്ടായ മുറിവ് ഉണങ്ങുന്നതിനുവേണ്ടി ആമ്നിയോട്ടിക് മെമ്പ്രയിന്‍ ഗ്രാഫ്റ്റിംഗ് എന്ന ചികിത്സയ്ക്കു വിധേയമാക്കേണ്ടി വരുമെന്നും ഡോക്ടര്‍ പറഞ്ഞു. എല്‍എഫിലെ ചികിത്സയെത്തുടര്‍ന്ന് ലൂസിയുടെ കാഴ്ച സാധാരണ നിലയിലായിട്ടുണ്ട്. 29നു രാവിലെ വെള്ളിയാമറ്റത്തുള്ള വാടകവീട്ടില്‍ വച്ചായിരുന്നു സംഭവം. ലൂസിയും അലീനയും സംസാരിച്ചുകൊണ്ടു നില്‍ക്കുന്നതിനിടെയാണു ചാക്കോ ഇവരുടെ മുഖത്തേക്ക് ആസിഡ് ഒഴിച്ചത്.


സമീപത്തുണ്ടായിരുന്ന അനുജത്തി ആഷ്ലി ഓടി രക്ഷപ്പെടുകയായിരുന്നു. ലൂസിയുടെയും മകളുടെയും കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് ഇവരെ ആദ്യം തൊടുപുഴ ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചത്. അവിടെനിന്നു തൊടുപുഴ ഫാത്തിമ ഐ കെയര്‍ ആശുപത്രിയിലേക്കു മാറ്റി. പിന്നീട് വിദഗ്ധ ചികിത്സക്കായി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ നേത്രപടലരോഗ സൂപ്പര്‍ സ്പെഷാലിറ്റി ക്ളിനിക്കിലേക്ക് അയയ്ക്കുകയായിരുന്നു.

അലീന തൊടുപുഴ കോ-ഓപ്പറേറ്റീവ് കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഇവര്‍ ചികിത്സാച്ചെലവിനു പണം കണ്െടത്താന്‍ വിഷമിക്കുകയാണ്. സുമനസുകളുടെ സഹായം കൊണ്ടാണ് ചികിത്സയും മറ്റും മുന്നോട്ടു പോകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.